കൊച്ചി | ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ വൻ പൊട്ടിത്തെറി. സിനിമാനടിയിൽ നിന്ന് ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിനാണ് സിദ്ദിഖ് രാജിക്കത്ത് അയച്ചത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് സിദ്ദീഖ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിശദീകരണങ്ങൾ പിന്നീട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ ലൈംഗികാ അതിക്രമ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്തുവന്നിരുന്നു. ഇതിൽ ഒരു നടി മാധ്യമങ്ങളിലൂടെ നടൻ സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്കത്ത് ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നടി ആരോപിച്ചത്. നേരത്തെ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു എങ്കിലും ആരും പരിഗണിച്ചില്ലെന്നും നടി പറഞ്ഞിരുന്നു. തനിക്ക് മാത്രമല്ല തന്റെ പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും നടി വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, ലൈംഗികാരോപണ വിധേയനായ സംവിധായകനും ചലച്ചിത്ര അക്കാഡമി അധ്യക്ഷനുമായ രഞ്ജിത്തിന്റെ രാജിക്കായി മുറവിളി ശക്തമാകുകയാണ്. രാഷ്ട്രീയ, ചലച്ചിത്ര മേഖലയിൽ നിന്ന് ഈ ആവശ്യം ശക്തമായി ഉയർന്നുകഴിഞ്ഞു.
source https://www.sirajlive.com/sexual-assault-complaint-actor-siddique-resigns-as-president-of-39-amma-39.html
Post a Comment