സെബിയുടെ വിശ്വാസ്യത കേന്ദ്രം ഉടച്ചുകളയരുത്

യു എസ് ഷോര്‍ട്ട്‌ സെല്ലറും ഓഹരി വിപണിയിലെ ചലനങ്ങള്‍ പഠിക്കുന്ന ഗവേഷണ സ്ഥാപനവുമായ ഹിന്‍ഡെന്‍ബര്‍ഗ് പുറത്തുവിട്ട റിപോര്‍ട്ട് ഒരിക്കല്‍ കൂടി ഇന്ത്യന്‍ സാമ്പത്തിക മണ്ഡലത്തെ പിടിച്ചുലക്കുകയാണ്. അദാനി ഗ്രൂപ്പും ഓഹരി കമ്പോള റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യും തമ്മിലുള്ള സുതാര്യമല്ലാത്ത ബന്ധം തന്നെയാണ് ഇത്തവണയും റിപോര്‍ട്ടിലുള്ളത്. സെബി ചെയര്‍പേഴ്‌സന്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുടെ മുന്‍കൈയിലുള്ള കടലാസ് കമ്പനികളില്‍ വന്‍ നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡെന്‍ബര്‍ഗ് വെളിപ്പെടുത്തിയത്. മാധബിയും സെബിയും അദാനിയും ഈ റിപോര്‍ട്ടിനെ വാസ്തവവിരുദ്ധമെന്നും ആവര്‍ത്തന വിരസമെന്നുമൊക്കെ വിശേഷിപ്പിച്ച് തള്ളിക്കളയുമ്പോഴും രാജ്യത്തെ ജനങ്ങളുടെ ചോദ്യങ്ങളൊടുങ്ങുന്നില്ല. ഹിന്‍ഡെന്‍ബര്‍ഗാകട്ടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുകയുമാണ്. റിപോര്‍ട്ടിന് പിന്നാലെ മാധബി പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ തന്നെ തങ്ങളുടെ വാദം ശരിവെക്കുന്ന കാര്യങ്ങളുണ്ടെന്നാണ് ഹിന്‍ഡെന്‍ബര്‍ഗ് വ്യക്തമാക്കുന്നത്. ബെര്‍മുഡയിലും മൗറീഷ്യസിലുമുള്ള അദാനി കമ്പനിയില്‍ തനിക്ക് നിക്ഷേപമുണ്ടെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്. തന്റെ ഭര്‍ത്താവിന്റെ ബാല്യകാല സുഹൃത്താണ് ഫണ്ട് കൈകാര്യം ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്. ഈ വ്യക്തി അക്കാലത്ത് അദാനി ഗ്രൂപ്പ് ഡയറക്ടറായിരുന്നു. അദാനിക്കെതിരായ തങ്ങളുടെ മുന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ അന്വേഷിക്കാന്‍ സെബിയെ നിയോഗിക്കുകയും സെബി ചെയര്‍മാന് തന്നെ ഇതേ കമ്പനികളില്‍ നിക്ഷേപമുണ്ടാകുകയും ചെയ്യുമ്പോഴുള്ള പ്രശ്നമാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും ഹിന്‍ഡെന്‍ബര്‍ഗ് വിശദീകരിക്കുന്നു.

നിക്ഷേപകരെ പറ്റിക്കാനായി ഓഹരി വില ഉയര്‍ത്തിക്കാണിക്കുന്ന ഏര്‍പ്പാടിന് അദാനിക്ക് കൂട്ടുനില്‍ക്കുന്നത് സെബി ചെയര്‍പേഴ്‌സന്‍ തന്നെയാണോയെന്ന ചോദ്യമാണ് ഉയരുന്നത്. അതുവഴി സെബിയുടെ വിശ്വാസ്യത തകര്‍ന്നടിയുകയാണ്. ഓഹരി വിപണിയില്‍ നിക്ഷേപിച്ച ലക്ഷക്കണക്കായ മനുഷ്യരുടെ സമ്പാദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയുടെ വിഷയമാണിത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടക്കണം. സംയുക്ത പാര്‍ലിമെന്ററി സമിതി (ജെ പി സി) അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര സാമ്പത്തിക വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന അന്വേഷണം തന്നെ നടക്കണം. ഓഹരി വിപണിയില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്തി ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ഹിന്‍ഡെന്‍ബര്‍ഗെന്നും അവർക്ക് സ്ഥാപിത താത്പര്യമുണ്ടെന്നുമാണ് പ്രത്യാരോപണം. അതില്‍ ശരിയുണ്ടായിരിക്കാം. എന്നാല്‍, അതുകൊണ്ട് മാത്രം അവര്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ അവഗണനീയമാകുമോ? കൃത്യമായി അന്വേഷിച്ച് സത്യം പുറത്ത് വരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എന്തിനാണ് തടസ്സം നില്‍ക്കുന്നത്. ഇതൊരു രാഷ്ട്രീയ വിഷയമേയല്ല. കോണ്‍ഗ്രസ്സ്- ബി ജെ പി പോരാക്കി ഇതിനെ മാറ്റേണ്ട കാര്യമില്ല. സാമ്പത്തിക വിഷയമാണിത്. അന്വേഷണവും ആ ദിശയിലാണ് വേണ്ടത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹിന്‍ഡെന്‍ബര്‍ഗ് പുറത്തുവിട്ട വിവരങ്ങള്‍ കൂടി മനസ്സിലാക്കിയാല്‍ മാത്രമേ പുതിയ വെളിപ്പെടുത്തലുകളുടെ ഗൗരവം ബോധ്യപ്പെടുകയുള്ളൂ. വിപണിയില്‍ അദാനി കമ്പനികളുടെ ഓഹരിവില കൃത്രിമമായി ഉയര്‍ത്തിയെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമാണ് അന്നത്തെ റിപോര്‍ട്ടിലെ പ്രധാന ആരോപണം. അദാനി ഗ്രൂപ്പിലെ ഏഴ് ലിസ്റ്റഡ് കമ്പനികളെ ഹിന്‍ഡെന്‍ബര്‍ഗ് പഠന വിധേയമാക്കിയെന്നും ഈ കമ്പനികളുടെയെല്ലാം വ്യാപാരം യഥാര്‍ഥ മൂല്യത്തേക്കാള്‍ 85 ശതമാനത്തോളം ഉയര്‍ന്നാണ് നില്‍ക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇങ്ങനെ മൂല്യം കൂട്ടി വെക്കാന്‍ കരീബിയന്‍ ദ്വീപുകള്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ കടലാസ് കമ്പനികളെയാണത്രെ അദാനി ഉപയോഗിക്കുന്നത്. പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍ 75 ശതമാനത്തിലധികം ഓഹരി കൈവശം വെക്കാന്‍ പാടില്ല എന്നാണ് സെബി ചട്ടം. ഈ അതിര്‍ത്തി അദാനി മറികടക്കുന്നത് വിദേശത്തുള്ള, ഉദാഹരണത്തിന് മൗറീഷ്യസിലുള്ള, കടലാസ് കമ്പനികളുടെ നിക്ഷേപം വഴിയാണ്. സത്യത്തില്‍ ഇത്തരം ഷെല്‍ കമ്പനികളിലെ പണം അദാനി കുടുംബത്തിന്റെ തന്നെയോ അതുമല്ലെങ്കില്‍ അദ്ദേഹവുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുടേതോ ഉദ്യോഗസ്ഥരുടേതോ ആണ്. മൗറീഷ്യസിലെ കമ്പനികള്‍ക്ക് ഉത്പാദനമില്ല, തൊഴിലാളികളില്ല. ഇത്തരം കടലാസ് പുലികള്‍ അനുവദനീയമായതിന് പുറത്ത് ഓഹരികള്‍ കൈവശം വെക്കുന്നു. അങ്ങനെ സെബി ചട്ടം മറികടക്കുന്നു. അദാനിയുടെ ഓഹരിക്ക് വന്‍ ഡിമാന്‍ഡുണ്ട് എന്ന പ്രതീതിയും സൃഷ്ടിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും വില ഉയരും. ഇതാണ് കളി. ഇത് ഹിന്‍ഡെന്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയപ്പോള്‍ കേന്ദ്ര സര്‍ക്കാറും സെബിയും അദാനി ഗ്രൂപ്പിന് സംരക്ഷണമൊരുക്കുന്നതാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (നിക്ഷേപ സമാഹരണം) തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റിപോര്‍ട്ടെന്ന കമ്പനിയുടെ വാദം സുപ്രീം കോടതി പോലും അംഗീകരിച്ചു. രാജ്യത്തെയാണ് ആക്രമിക്കുന്നതെന്ന ദേശീയതാ കാര്‍ഡും പുറത്തെടുത്തു.

ചട്ടലംഘനമുണ്ടോയെന്ന് അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സെബിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സ്വാഭാവികമായും അന്വേഷണം എങ്ങുമെത്തിയില്ല. എന്തുകൊണ്ടാണ് ആ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് പുതിയ റിപോര്‍ട്ടിലുള്ളതെന്ന് ഹിന്‍ഡെന്‍ബര്‍ഗ് വിശദീകരിക്കുന്നു. അദാനിക്കെതിരായ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമ്പോള്‍ തന്നെ സെബി ചെയര്‍പേഴ്‌സന്‍ ഈ കമ്പനി വഴി വരുമാനം ഉണ്ടാക്കുന്നുവെന്ന് വന്നാല്‍ പിന്നെ അന്വേഷണത്തിനെന്ത് പ്രസക്തി?
ഓഹരി വിപണിയില്‍ വന്‍ അസ്ഥിരതയാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. അദാനിയുടെ ഓഹരി വില കുത്തനെ ഇടിയുന്നുണ്ട്. സെബിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് ദൂരവ്യാപക ഫലമുണ്ടാക്കും. സ്വന്തം സുഹൃത്തിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രത കാട്ടുമ്പോള്‍ രാജ്യമാണ് വില നല്‍കേണ്ടി വരുന്നത്.



source https://www.sirajlive.com/don-39-t-destroy-the-credibility-center-of-sebi.html

Post a Comment

أحدث أقدم