കൗമാരക്കാരിയെ ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം: അഞ്ചുപേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ബസ്സിനുള്ളില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശികളായ ധര്‍മേന്ദ്ര കുമാര്‍ (32), രാജ്പാല്‍ (57), ദേവേന്ദ്ര (52), രാജേഷ് കുമാര്‍ സോങ്കര്‍ (38), യു പി സ്വദേശി രവി കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിനിരയായ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് ധര്‍മേന്ദ്ര കുമാറും ദേവേന്ദ്രയും. രവികുമാറും രാജ്പാലും മറ്റ് ബസുകളിലെ ഡ്രൈവര്‍മാരും. ഉത്തരാഖണ്ഡ് റോഡ് വെയ്‌സിന്റെ കാഷ്യറാണ് രാജേഷ് കുമാര്‍ സോങ്കര്‍. വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തതാണ് ഈ വിവരങ്ങള്‍.

ഈമാസം 12നാണ് ഡെറാഡൂണിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ (ഐ എസ് ബി ടി) യു പി സ്വദേശിനിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. വഴിയറിയാതെ ബസില്‍ കയറിയ പെണ്‍കുട്ടിയെ ഡ്രൈവറും കണ്ടക്ടറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍, പീഡനം നടന്ന് അഞ്ച് ദിവസത്തിനു ശേഷമാണ് വിവരം പോലീസ് പുറത്തുവിട്ടത്.

ഐ എസ് ബി ടിയിലെ ബെഞ്ചില്‍ ഒരു പെണ്‍കുട്ടി തനിച്ച് ഇരിക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് കൊടും ക്രൂരതയുടെ വിവരം പോലീസിലെത്തിയത്. സംഭവ ദിവസം വൈകിട്ടോടെ ശിശുക്ഷേമ സമിതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ സര്‍ക്കാരിന്റെ കീഴിലുള്ള ബാല്‍നികേതനിലേക്ക് മാറ്റി. ഇവിടെവെച്ചു നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ പട്ടേല്‍ നഗര്‍ പോലീസ് പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബസ് തിരിച്ചറിഞ്ഞതും പ്രതികളെ കണ്ടെത്തിയതും.

 



source https://www.sirajlive.com/teenage-girl-gang-raped-in-bus-five-arrested.html

Post a Comment

Previous Post Next Post