സര്‍പ്പ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നു; വന്യമൃഗങ്ങൾ ജനവാസ മേഖലയില്‍ എത്തിയാല്‍ മുന്നറിയിപ്പ് നല്‍കും

തിരുവനന്തപുരം | സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യ- മൃഗ സംഘര്‍ഷങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന് വനം വകുപ്പിന്റെ “സര്‍പ്പ’ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നു. ജനവാസ മേഖലയില്‍ വന്യമൃഗങ്ങളെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഉള്‍പ്പെടുത്തിയാണ് നിലവില്‍ പാമ്പുകളെ പിടികൂടാന്‍ ഉപയോഗിച്ചിരുന്ന സര്‍പ്പ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത്. പുതിയ സവിശേഷതകളോടെ ആപ്പ് ഒരാഴ്ചക്കം പുറത്തിറക്കും. സമീപകാലത്തായി മനുഷ്യ- മൃഗ സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്ത് നിരവധി ജീവനുകള്‍ നഷ്ടമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായാണ് പുതിയ സംവിധാനം വരുന്നത്.
ആപ്പില്‍ ജനവാസ മേഖലയിലെത്തിയ മൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും പൊതുജനങ്ങള്‍ക്ക് അപ്്ലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനായി വനാതിര്‍ത്തികളില്‍ താമസിക്കുന്ന ഉപയോക്താക്കള്‍ക്ക് വനം വകുപ്പ് പ്രത്യേക ബോധവത്്കരണം നല്‍കും. ഇങ്ങനെ അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകളും മറ്റ് വിവരങ്ങളും വനം വകുപ്് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. തുടര്‍ന്ന് പോസ്റ്റുകള്‍ “വെരിഫൈഡ്’ ആയി ആപ്പില്‍ ദൃശ്യമാകും.
വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളെ കണ്ടാല്‍ പൊതുജനങ്ങളെ അറിയിക്കുകയും താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്യുകയാണ് ആപ്പിന്റെ ലക്ഷ്യം. നിലവില്‍, ഇത്തരം ജാഗ്രതാ നിര്‍ദേശങ്ങള്‍ വാട്്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിക്കുന്നത്. എന്നാല്‍, പലപ്പോഴും പഴയ ദൃശ്യങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കിയാണ് വനം വകുപ്പ് ആപ്പ് സജ്ജമാക്കുന്നത്.
പാമ്പുകടിയില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാനും ജനവാസ കേന്ദ്രങ്ങളില്‍ കണ്ടെത്തുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടുന്നതിനുമാണ് സര്‍പ്പ ആപ്പ് രൂപകല്‍പ്പന ചെയ്തത്. വിവിധ ഇനം പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. വനം വകുപ്പിന്റെ കണക്കനുസരിച്ച് 50,000ത്തോളം സജീവ ഉപയോക്താക്കളാണ് “സര്‍പ്പ’ ആപ്പ് ഉപയോഗിക്കുന്നത്. ആപ്പില്‍ ഇതുവരെയായി 2,400 സര്‍ട്ടിഫൈഡ് ട്രെയിനീ റസ്‌ക്യൂവേഴ്‌സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



source https://www.sirajlive.com/updating-serpent-app-a-warning-will-be-issued-if-wild-animals-enter-the-residential-area.html

Post a Comment

أحدث أقدم