നിപ: കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വെ

മലപ്പുറം |  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ വാര്‍ഡുകളില്‍ ആരോഗ്യ വകുപ്പ് ഇന്ന് സര്‍വെ നടത്തും. ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംഘമാണ് സര്‍വെ നടത്തുക. ഉതിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ 4, 5, 6, 7 വാര്‍ഡുകളും മമ്പാട് ഏഴാം വാര്‍ഡുമാണ് ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.

 

.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസ്സുകാരനായ വിദ്യാര്‍ഥിയാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 9നാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് മരിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വഴി ലഭ്യമായ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും പരിശോധനാ ഫലം പോസിറ്റീവായതോടെ തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു

 



source https://www.sirajlive.com/nipah-five-wards-have-been-declared-as-containment-zones-in-malappuram.html

Post a Comment

أحدث أقدم