കൊല്‍ക്കത്ത | ആര്‍ ജികര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലയില്‍ പ്രതിഷേധിച്ച് സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ ജോലിക്കെത്താമെന്ന് ചര്‍ച്ചയില്‍ ധാരണയായതായാണ് സൂചന. എന്നാല്‍, കൂടിക്കാഴ്ചയിലുണ്ടായ തീരുമാനങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാരോ സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചര്‍ച്ച ഗുണകരമായിരുന്നുവെന്ന് മാത്രമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. രോഗികള്‍ പ്രയാസപ്പെടുകയാണെന്നും സമരത്തിലുള്ള ഡോക്ടര്‍മാര്‍ ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും മമത ആവശ്യപ്പെട്ടു.
കേസില്‍ സുതാര്യമായ അന്വേഷണം നടത്തുക, കൊല്‍ക്കത്ത പോലീസ് കമ്മീഷണറെയും ആരോഗ്യ വകുപ്പ് സെക്രട്ടറിയെയും മാറ്റുക, സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കുക, ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചുവിടുക, ഡോക്ടര്‍മാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സംഘം സര്‍ക്കാരിന്റെ മുമ്പാകെ വച്ചിരുന്നത്.
കലിഘട്ടിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നീണ്ടു. മുഖ്യമന്ത്രിയുമായി ചര്‍ക്കുള്ള രണ്ട് ശ്രമങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. ഇത് ചര്‍ച്ചക്കായുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്ഷണമാണെന്ന് കൂടിക്കാഴ്ചക്ക് മുന്നോടിയായി സംസ്ഥാ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
35 ഡോക്ടര്‍മാരാണ് പൈലറ്റ് പോലീസ് വാഹനത്തിന്റെ സുരക്ഷയില്‍ ഇന്ന് വൈകിട്ട് 6.20ഓടെ മമതയുടെ വസതിയില്‍ എത്തിയത്. അഞ്ച് മണിക്ക് ചര്‍ച്ച തുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഏഴിനാണ് തുടങ്ങിയത്. ഒമ്പത് മണിയോടെ അവസാനിച്ചു.
source https://www.sirajlive.com/striking-doctors-may-return-to-work-it-is-indicated-that-the-meeting-with-mamata-will-be-effective.html
Post a Comment