ആഹാ അശ്വിൻ

ചെന്നൈ | മുന്‍നിര വിക്കറ്റുകള്‍ ഒന്നൊന്നായി നഷ്ടപ്പെട്ട് ആടിയുലഞ്ഞ ടീം ഇന്ത്യയെ സെഞ്ച്വറിയുമായി ആര്‍ അശ്വിനും അര്‍ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയും ചേര്‍ന്ന് സുരക്ഷിത തീരത്തെത്തിച്ചു. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. 102 റണ്‍സുമായി അശ്വിനും 86 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ട് സിക്‌സുകളും പത്ത് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ഇരുവരുടെയും ഇന്നിംഗ്‌സുകള്‍. അശ്വിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ബംഗ്ലാദേശിനായി പേസര്‍ ഹസന്‍ മഹ്മൂദ് നാല് വിക്കറ്റ് വീഴ്ത്തി.

ഹസന്‍ കൊടുങ്കാറ്റ്
ചെപ്പോക്കില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏഴ് വര്‍ഷത്തിനു ശേഷമാണ് ഒരു ടീം ഇന്ത്യന്‍ മണ്ണില്‍ ടോസ് നേടി ആദ്യം ബൗള്‍ ചെയ്യാനിറങ്ങിയത്.
ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ബംഗ്ലാദേശ് തുടങ്ങിയത്. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കെ രോഹിത് ശര്‍മയെ (ആറ്) ഹസന്‍ മഹ്മൂദ് പുറത്താക്കി. മൂന്നാം സ്ലിപ്പില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. ശുഭ്മന്‍ ഗില്ലിനെയും (പൂജ്യം) വിരാട് കോലിയെയും (ആറ്) പുറത്താക്കി ഹസന്‍ മഹ്മൂദ് ആഞ്ഞടിച്ചു. ഇരുവരെയും വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നീട് യശസ്വി ജയ്‌സ്വാളും (56) ഋഷഭ് പന്തും (39) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ 96 റണ്‍സിലെത്തിച്ചു.

പന്തിനെ ലിട്ടന്‍ ദാസിന്റെ കൈകളിലെത്തിച്ച് ഹസന്‍ മഹ്മൂദ് കൂട്ടുകെട്ട് പൊളിച്ചു. 144ല്‍ നില്‍ക്കെ ജയ്‌സ്വാള്‍ പുറത്തായി. നഹീദ് റാണയുടെ പന്തില്‍ ശാദ്മാന്‍ ഇസ്്‌ലാമിന് ക്യാച്ച്.
പ്രതിരോധത്തിലൂന്നിക്കളിച്ച കെ എല്‍ രാഹുല്‍ മെഹദി ഹസന്‍ മിറാസിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ ആറ് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ പകച്ചു.

ചെന്നൈ മന്നന്‍സ്
ആദ്യ ദിനം തന്നെ ഇന്ത്യയെ അവസാനിപ്പിക്കാമെന്ന് ബംഗ്ലാദേശുകാരുടെ മോഹം അശിനും ജഡേജയും ചേര്‍ന്ന് തല്ലിത്തകര്‍ക്കുന്ന കാഴ്ചക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. പ്രതിരോധിച്ചും പ്രത്യാക്രമണം നടത്തിയും ഇരുവരും ഇന്നിംഗ്‌സ് നയിച്ചു.

ചായക്ക് പിരിയുമ്പോള്‍ ആറിന് 176 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ 52.1 ഓവറില്‍ 200 പിന്നിട്ടു. 61.4 ഓവറില്‍ 250ലെത്തിയ ടീം 72.3 ഓവറില്‍ മുന്നൂറ് കടന്നു. ഇതിനിടെ, 108 പന്തില്‍ നിന്ന് അശ്വിന്‍ സെഞ്ച്വറി തികച്ചു. ശാകിബുല്‍ ഹസന്റെ പന്തില്‍ സിംഗിള്‍ നേടിയാണ്, രണ്ട് ദിവസം മുമ്പ് 38 തികഞ്ഞ അശ്വിന്‍ നൂറിലെത്തിയത്. പിന്നാലെ, ഒന്നാം ദിനത്തിലെ കളി അവസാനിച്ചു.
സ്പിന്നര്‍മാരെ തുണക്കുന്ന ചെപ്പോക്കില്‍ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. ജഡേജ, അശ്വിന്‍ എന്നിവരാണ് സ്പിന്നര്‍മാര്‍.

1,000 റണ്‍സും 100 വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ താരം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സും 100 വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ കളിക്കാരനായി അശ്വിന്‍ മാറി. രവീന്ദ്ര ജഡേജയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെയാണ് ജഡേജ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

അശ്വിന്റെ ടെസ്റ്റ് സെഞ്ച്വറികള്‍
1) 124 vs വെസ്റ്റിന്‍ഡീസ് (കൊല്‍ക്കത്ത) 2013
2) 118 vs വെസ്റ്റിന്‍ഡീസ് (ഗ്രോസ് ഐലറ്റ്) 2016
3) 113 vs വെസ്റ്റിന്‍ഡീസ്, (നോര്‍ത്ത് സൗണ്ട്), 2016
4) 106് vs ഇംഗ്ലണ്ട് (ചെന്നൈ), 2021
5) 103 vs വെസ്റ്റിന്‍ഡീസ് (മുംബൈ), 2011
5) 102 vs ബംഗ്ലാദേശ് (ചെന്നൈ), 2024

 

 



source https://www.sirajlive.com/ah-ashwin.html

Post a Comment

Previous Post Next Post