പശുക്കടത്തുകാരനെന്ന് ആരോപിച്ച് വിദ്യാർഥിയെ വെടിവെച്ച് കൊന്നു

ചണ്ഡീഗഢ് | ഹരിയാനയിലെ ഫരീദാബാദിൽ 12ാം ക്ലാസ്സ് വിദ്യാർഥിയെ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഗോ സംരക്ഷണ സംഘം പിന്തുടർന്ന് കൊന്നു. ആഗസ്റ്റ് 23ന് നടന്ന ആക്രമണത്തിൽ സൗരഭ്, അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഡൽഹി-ആഗ്ര ദേശീയപാതയിൽ ഹരിയാനയിലെ ഗാദ്പുരി ടോൾ പ്ലാസക്ക് സമീപമാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ആര്യൻ മിശ്ര ന്യൂഡിൽസ് കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് സംഭവം.

പശുക്കടത്ത് നടത്തുന്ന ചിലർ നഗരത്തിൽ നിന്ന് കന്നുകാലികളെ കാറിൽ കൊണ്ടുപോകുന്നതായി ഗോസംരക്ഷണ സേനക്ക് വിവരം ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ കാർ തടഞ്ഞ് നിർത്താൻ ശ്രമം നടത്തിയെന്നും പോലീസ് പറഞ്ഞു. നിർത്താതെ പോയതിനാൽ മുപ്പത് കി.മീറ്ററോളം വാഹനത്തെ പിന്തുടർന്ന് പ്രതികൾ കാറിലുള്ളവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. കഴുത്തിന് വെടിയേറ്റാണ് ആര്യൻ കൊല്ലപ്പെട്ടത്. തുടർന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട അക്രമികൾ ഒളിവിലായിരുന്നു.

അതേസമയം കാറിലുള്ളവർക്ക് പശുക്കടത്തുമായി ബന്ധമില്ലെന്നും പ്രതികൾ കസ്റ്റഡിയിലാണെന്നും പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരിക യാണ്. അതിനിടെ വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ഗോരക്ഷാ ഗുണ്ടകൾ ആര്യന്റെ കാർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആഗ്ര-ഡൽഹി ദേശീയപാതയിൽ ഗാദ്പൂരി ടോൾ പ്ലാസയിൽ പതിഞ്ഞ സി സി ടി വി ദൃശ്യങ്ങളിൽ റെനോ ഡസ്റ്ററിനെ മാരുതി സുസുക്കി സ്വിഫ്റ്റ് പിന്തുടരുന്ന ദൃശ്യങ്ങളാണുള്ളത്.



source https://www.sirajlive.com/a-student-was-shot-dead-on-the-accusation-of-being-a-cow-smuggler.html

Post a Comment

أحدث أقدم