ഉജ്ജയിനിലെ വഴിയോര ബലാത്സംഗം

എവിടേക്കാണ് നാടിന്റെ പോക്ക്? എന്തുപറ്റി സമൂഹത്തിന്റെ പ്രതികരണ ശേഷിക്ക്? പട്ടാപ്പകല്‍ പൊതുസ്ഥലത്തു വെച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുക. രംഗം കാണാനിടയായവര്‍ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കാതെ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക. മധ്യപ്രദേശിലെ ഉജ്ജയിന്‍ നഗരത്തിലെ തിരക്കേറിയ കൊയ്‌ല ഫടക് ഏരിയയിലാണ് ബുധനാഴ്ച ആശങ്കപ്പെടുത്തുന്നതും രാജ്യത്തെയാകെ നാണംകെടുത്തുന്നതുമായ സംഭവം നടന്നത്. ആക്രി പെറുക്കി വിറ്റു ജീവിക്കുന്ന യുവതിയെയാണ് പ്രതി ലോകേഷ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. വിവാഹം ചെയ്യാമെന്നു പറഞ്ഞ് യുവതിയെ പ്രലോഭിപ്പിക്കുകയും മദ്യം കുടിപ്പിച്ച് ഫൂട്പാത്തില്‍ വെച്ച് പരസ്യമായി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപോര്‍ട്ട്. വഴിയാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പുറംലോകം വിവരമറിയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ മണ്ഡലത്തിലാണ് സംഭവം.

നേരും നെറിയും നാണവും മാനവുമെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് സമൂഹത്തില്‍. എവിടെയും എന്ത് വൃത്തികേടും ക്രൂരതയും ചെയ്യാവുന്ന അവസ്ഥയില്‍ അധപ്പതിച്ചിരിക്കുന്നു ആളുകളുടെ മനസ്സുകള്‍. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസിലും ട്രെയിനിലും പാര്‍ക്കുകളിലും മറ്റും സ്ത്രീകളെ തോണ്ടുന്നതും കടന്നു പിടിക്കുന്നതും അശ്ലീല ആംഗ്യങ്ങളും പതിവു വാര്‍ത്തയാണ്. പൊതുഗതാഗതത്തിനിടയില്‍ 40 ശതമാനം സ്ത്രീകളും ലൈംഗിക പീഡനത്തിനിരയാകുന്നുവെന്നാണ് 2016ല്‍ നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തിയത്. പകല്‍ സമയത്താണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുതലായും നടക്കുന്നതെന്നും സര്‍വേക്ക് വിധേയരായ സ്ത്രീകള്‍ പറയുന്നു. അധമപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ കാണുന്നതില്‍ വേട്ടക്കാര്‍ക്ക് അറപ്പോ ആശങ്കയോ ഭയമോ ഇല്ലെന്നതാണ് പൊതുയിടങ്ങളിലെ വര്‍ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങള്‍ വ്യക്തമാക്കുന്നത്.

മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ബി ജെ പി ഭരണകൂടത്തിന്റെ പരാജയമായാണ് പ്രതിപക്ഷം ഉജ്ജയിന്‍ സംഭവത്തെ കുറ്റപ്പെടുത്തുന്നത്. ഇതൊരു രാഷ്ട്രീയ ആയുധമാക്കാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസ്സ്. പാര്‍ട്ടി ദേശീയ നേതാവ് പ്രിയങ്കാ ഗാന്ധിയും സംസ്ഥാന അധ്യക്ഷന്‍ ജിതു പട്‌വാരിയും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഭരണ പരാജയമെന്നതിനപ്പുറം സാമൂഹിക പ്രശ്‌നമായി ഇതിനെ കാണേണ്ടതുണ്ട്. ദുഷിച്ച സാമൂഹികാന്തരീക്ഷമാണ് വര്‍ധിതമായ സ്ത്രീപീഡനം, അതിക്രമങ്ങള്‍, സാമൂഹികദ്രോഹ പ്രവര്‍ത്തനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവക്കെല്ലാം മുഖ്യകാരണം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, ലൈംഗിക വികാരം ഉദ്ദീപിപ്പിക്കുന്ന സിനിമകളും സീരിയലുകളും, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തില്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനാകുന്ന സാഹചര്യം; ഇത്തരമൊരു സാഹചര്യത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചില്ലെങ്കിലല്ലേ അത്ഭുതം.

ഒരു സ്ത്രീയെ ബലംപ്രയോഗിച്ച് പരസ്യമായി ലൈംഗികമായി പീഡിപ്പിക്കുന്ന രംഗം കാണാനിടയായ വഴിയാത്രക്കാരുടെ ചെയ്തിയാണ് അതിലേറെ കഷ്ടം. ഇത്തരം അരുതായ്മകളെയും ദുഷ്പ്രവണതകളെയും പ്രതിരോധിക്കുകയും ഇരയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതിനു പകരം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കാന്‍ ധൃതികൂട്ടുന്നത് എന്ത് മാത്രം അധാര്‍മികവും ഹൃദയശൂന്യതയുമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തിരുവനന്തപുരത്തെ പത്മതീര്‍ഥ കുളത്തില്‍ ഒരു മാനസിക രോഗി മുങ്ങിമരിക്കുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നല്ലോ കാണികള്‍. റോഡപകടങ്ങളില്‍ പെട്ട് രക്തം വാര്‍ന്നൊഴുകി മരണവുമായി മല്ലിടുന്ന ഹതഭാഗ്യരെ കണ്ടാല്‍ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിനു പകരം മൊബൈലില്‍ പകര്‍ത്താനാണല്ലോ ആളുകള്‍ക്ക് തിടുക്കം. തനിക്കായിരുന്നു ഇത്തരമൊരു ദുരന്തം സംഭവിച്ചതെങ്കിലെന്ന ബോധമുയരുന്നില്ല ആരിലും. തന്നെ വ്യക്തിപരമായി ബാധിക്കാത്ത കാര്യത്തില്‍ താനെന്തിന് ഇടപെടുകയും പ്രതികരിക്കുകയും ചെയ്യണമെന്ന കുടുസ്സായ ചിന്തയാണ് ആളുകളില്‍. കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസില്‍ ഒരു യാത്രക്കാരന്റെ ലൈംഗിക ചേഷ്ടകള്‍ക്ക് ഇരയായ യുവതി സാമൂഹിക മാധ്യമത്തില്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. “ആ വൃത്തികെട്ടവന്റെ ദുഷ്‌ചെയ്തിയേക്കാളേറെ എന്നെ വേദനിപ്പിച്ചത്, മറ്റുള്ള യാത്രക്കാര്‍ അതിനെതിരെ പ്രതികരിക്കാതെ കാണികളായി മാറിനിന്നതും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ബസ് കണ്ടക്ടറുടെ ഉത്തരവാദിത്വ ബോധമില്ലായ്മയുമാണ്. എന്റെ മകള്‍, പെങ്ങള്‍, ഭാര്യ അല്ലല്ലോ എന്ന ആശ്വാസമായിരിക്കാം അവരുടെ ഉള്ളില്‍’ എന്നായിരുന്നു ആ യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ സങ്കടത്തോടെ കുറിച്ചത്.

അനീതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ പ്രതികരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. തിന്മകള്‍ക്കും ദുഷ്‌ചെയ്തികള്‍ക്കും മുമ്പില്‍ നിശബ്ദത പാലിക്കുന്നതും നിഷ്‌ക്രിയരാകുന്നതും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കലാണ്. ചുരുങ്ങിയ പക്ഷം പോലീസ് സ്‌റ്റേഷനിലോ മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ വിവരമറിയിക്കാനുള്ള മനസ്സെങ്കിലും പ്രകടിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് പൊതുയിടങ്ങളിലെ വര്‍ധിതമായ ലൈംഗിക പീഡനത്തിനും ദുഷ്‌ചെയ്തികള്‍ക്കും വലിയൊരു കാരണം. ശക്തമായി പ്രതികരിക്കാന്‍ സമൂഹം മുന്നോട്ടു വന്നാല്‍ കുറ്റവാളികള്‍ മാളത്തിലേക്ക് പിന്‍വലിയും.
ധാര്‍മിക ബോധത്തിന്റെ തകര്‍ച്ചയിലും സാമൂഹിക കടമ നിര്‍വഹണ ചിന്ത നശിപ്പിക്കുന്നതിലും വലിയൊരു പങ്കുണ്ട് മൊബൈല്‍ ഫോണുകള്‍ക്ക്. മറ്റാര്‍ക്കും കിട്ടാത്ത ദൃശ്യങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും എത്തിക്കുന്നത് വലിയൊരു ക്രെഡിറ്റായി കാണുന്നു മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും. ഇതിനിടയില്‍ മുന്നില്‍ കാണുന്ന പ്രശ്‌നങ്ങളുടെ ഗൗരവത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു.



source https://www.sirajlive.com/roadside-rape-in-ujjain.html

Post a Comment

أحدث أقدم