‘കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴി പോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം’; അജിത് കുമാറിന്റെ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് ജനയുഗം

കോഴിക്കോട് | തൃശൂർ പൂരം കലക്കൽ സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സിപിഐ മുഖപത്രം ജയനയുഗം. പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന റിപ്പോട്ടനെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തമെന്ന് എഡിറ്റോറിയൽ പേജലെ ലേഖനത്തിൽ പരിഹസിക്കുന്നു.

‘പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോ. നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ട്. ‘ഓടുന്ന കുതിരയ്ക്ക് ആടുന്ന.… ഭൂഷണം’ എന്നാണല്ലോ ചൊല്ല്!’ -ദേവിക എന്ന പേരിൽ എഡിറ്റോറിയൽ പേജിലെഴുതിയ ലേഖനത്തിൽ പറയുന്നു.

‘ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്‌പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ട്. പൂരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. കലക്കലില്‍ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം. ചാരനിറത്തിലുള്ള ഷര്‍ട്ടുധാരി. ഇരുകൈകളും ലോകരക്ഷകനായ കര്‍ത്താവിനെപ്പോലെ അന്തരീക്ഷത്തിലേക്കുയര്‍ത്തി അനുഗ്രഹിക്കുംവണ്ണമുള്ള ചിത്രം. പൂര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ വ്യക്തം. ​

എഡിജിപി രംഗത്തുള്ളപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വെറുമൊരു എസ്‌പിയാകുന്നതെങ്ങനെ? പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിനുപകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് ആ വിഡിയോയില്‍ കാണാം. പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോ’ -ലേഖനം തുടരുന്നു.

പൂരം കലക്കിയതിൽ ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. അന്നത്തെ സിറ്റി പൊലീസ് കമീഷണറായിരുന്നു അങ്കിത് അശോകിനെ മാത്രമാണ് ഇതിൽ കുറ്റപ്പെടുത്തിയത്. കമീഷണർ അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.



source https://www.sirajlive.com/39-ajit-tamburan-39-s-discovery-is-that-water-is-like-a-stream-that-does-not-stir-39-jan-yugam-strongly-criticized-ajith-kumar-39-s-report.html

Post a Comment

Previous Post Next Post