യന്ത്രക്കൈക്ക് പൂട്ട്

ന്യൂഡല്‍ഹി | സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് തങ്ങളൂടെ വീടുകള്‍ പൊളിച്ചെന്നാരോപിച്ച് 47 അസം സ്വദേശികള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി അസം സര്‍ക്കാറിന് നോട്ടീസയച്ചു. മൂന്നാഴ്ചക്കുള്ളില്‍ മറുപടി സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്. അതോടൊപ്പം, പൊളിക്കല്‍ നടപടി നിര്‍ത്തിവെച്ച് തത്്സ്ഥിതി തുടരാനും ബഞ്ച് ഉത്തരവിട്ടു.

കൈയേറ്റമാണെന്നാരോപിച്ച് നോട്ടീസ് പോലും നല്‍കാതെയാണ് വീടുകള്‍ പൊളിച്ചുനീക്കിയതെന്ന് ഹരജിയില്‍ പറയുന്നു. ഇത് സുപ്രീം കോടതി കഴിഞ്ഞ മാസം 17ന് പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കോടതി ഉത്തരവിന്റെ ഗൗരവമുള്ള ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ഹുസേഫ അഹമ്മദി വാദിച്ചു.

പൊളിക്കല്‍ തുടരുന്നതിനാല്‍ തത്്സ്ഥിതി തുടരാന്‍ ഉത്തരവിടണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കാംരൂപ് മെട്രോ ജില്ലയിലെ സോനാപൂര്‍ പ്രദേശത്താണ് അസം സര്‍ക്കാര്‍ വീടുകള്‍ പൊളിച്ചുനീക്കിയത്.

ഈ പ്രദേശത്തെ നിരവധി താമസക്കാരെ ജില്ലാ ഭരണകൂടം അടുത്തിടെ അനധികൃത കൈയേറ്റക്കാരെന്നും ആദിവാസിഭൂമി കൈയേറിയവരാണെന്നും ആരോപിച്ചിരുന്നു. തങ്ങളുടെ വീടുകള്‍ യാതൊരു മുന്‍കൂര്‍ അറിയിപ്പും നല്‍കാതെയും തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയുമാണ് പൊളിച്ചതെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.

കെട്ടിടം കൈയേറ്റമാണെന്ന അവകാശവാദം സംബന്ധിച്ച് ഗുവാഹത്തി ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ കോടതി തീര്‍പ്പാക്കുംവരെ തുടര്‍നടപടികളൊന്നുമുണ്ടാകില്ലെന്ന് അസം ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഈ ഉറപ്പും ലംഘിക്കപ്പെട്ടുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൈയേറ്റമാണെങ്കിലും നിയ മപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊളിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതാണ്. അതും പാലിക്കപ്പെട്ടില്ല. തങ്ങളുടെ വീടുകള്‍ പൊളിച്ചുനീക്കുന്നതിലൂടെ ഭരണഘടനാപരമായ തങ്ങളുടെ അവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

തങ്ങളുടെ വീടുകളുണ്ടായിരുന്ന ഭൂമി കൈയേറിയതല്ല. തങ്ങളുടെ പക്കല്‍ ഉടമ നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണിയുണ്ട്. അതിനാല്‍ നിയമവിധേയമായാണ് വീടുണ്ടാക്കിയതെന്നും ഹരജിയില്‍ പറയുന്നു.

 



source https://www.sirajlive.com/manual-lock.html

Post a Comment

أحدث أقدم