1966നും 1971നും ഇടയിലെ അസം കുടിയേറ്റം ശരിവെച്ചു

ന്യൂഡല്‍ഹി | 1985ലെ അസം ഉടമ്പടിയുടെ പരിധിയില്‍ വരുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനായി 1955ലെ പൗരത്വ നിയമത്തില്‍ ഉള്‍പ്പെടുത്തിയ സെക്ഷന്‍ ആറ് എയുടെ ഭരണഘടനാ സാധുത സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചിലെ നാല് പേരുടെ ഭൂരിപക്ഷ വിധിയാണ് പ്രസ്താവിച്ചത്.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദരേഷ്, മനോജ് മിശ്ര എന്നിവര്‍ ഭരണഘടനാ സാധുത ശരിവെച്ചപ്പോള്‍, ജസ്റ്റിസ് ജെ പി പര്‍ദിവാല വിയോജിച്ചു. 1966 ജനുവരി ഒന്നിനും 1971 മാര്‍ച്ച് 25നുമിടയില്‍ ഇന്ത്യയിലെത്തിയവരെ പൗരന്മാരായി പരിഗണിക്കുന്നതാണ് ആറ് എ വകുപ്പ്. 1971 മാര്‍ച്ച് 25 അടിസ്ഥാന തീയതിയായി നിശ്ചയിച്ചാണ് അസം പൗരത്വ പട്ടിക നടപ്പാക്കിയത്. 1955ലെ പൗരത്വ നിയമത്തില്‍ ഉള്‍പ്പെടുത്തിയ ആറ് എ വകുപ്പ് കുടിയേറ്റത്തെ നിയമവിധേയമാക്കുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഏതാനും ഗോത്ര വിഭാഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയെ കേന്ദ്ര സര്‍ക്കാറും അസം സര്‍ക്കാറും പിന്തുണച്ചിരുന്നു.

അസം കരാര്‍ അനധികൃത കുടിയേറ്റം തടയാനുള്ള രാഷ്ട്രീയ നടപടിയായിരുന്നെങ്കില്‍ ആറ് എ നിയമനിര്‍മാണ പരിഹാരമായിരുന്നെന്ന് ചീഫ് ജസ്റ്റിസ് വിധിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് നിയമത്തിന്റെ പ്രയോഗം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാമായിരുന്നെങ്കിലും, അസമിന്റെ വ്യാപ്തിക്ക് അനുസൃതമായതിനാല്‍ ചെയ്തില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ നിയമം ഭരണഘടന അനുച്ഛേദം 29 (1)ന്റെ ലംഘനമാണെന്ന വാദവും കോടതി തള്ളി. സംസ്ഥാനത്ത് വിവിധ വംശീയ വിഭാഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നുവെന്നത് ആര്‍ട്ടിക്കിള്‍ 29 (1)ന്റെ ലംഘനമാണെന്ന് അര്‍ഥമാക്കുന്നില്ല. മറ്റൊരു വംശത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഒരു വിഭാഗത്തിന് സ്വന്തം ഭാഷയും സംസ്‌കാരവും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് ഹരജിക്കാര്‍ക്ക് തെളിയിക്കാനായില്ല. മാനുഷിക ആശങ്കകളും പ്രാദേശിക ജനതയെ സംരക്ഷിക്കേണ്ട ആവശ്യകതക്കുമിടയില്‍ സന്തുലനം പുലര്‍ത്താന്‍ ആറ് എ വകുപ്പ് ഉള്‍പ്പെടുത്തിയതിലൂടെ സാധിച്ചുവെന്നും ഭൂരിപക്ഷ വിധിയില്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങള്‍ ബംഗ്ലാദേശുമായി കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും കുടിയേറ്റത്തിന്റെ ആഘാതം അസമിനാണ് കൂടുതലുണ്ടായിട്ടുള്ളത്. അസമിലേക്കുള്ള 40 ലക്ഷം കുടിയേറ്റമുണ്ടാക്കിയ പ്രതിസന്ധി ഭൂവിസ്തൃതി വെച്ചു നോക്കുമ്പോള്‍ 67 ലക്ഷം കുടിയേറ്റമുണ്ടായ പശ്ചിമ ബംഗാളിനെക്കാള്‍ വലുതാണ്. പൗരത്വത്തിനുള്ള സമയപരിധി 1971 മാര്‍ച്ച് 25 ആക്കി നിശ്ചയിച്ചത് യുക്തിസഹമായിരുന്നു. ബംഗ്ലാദേശ് യുദ്ധത്തിന്റെ ഭാഗമായി അസമിലേക്ക് കുടിയേറ്റമുണ്ടാകുന്നതിന് മുമ്പുള്ള തീയതിയാണിത്. അതിനാല്‍, ഈ കുടിയേറ്റക്കാരെ ‘ഇന്ത്യന്‍ വിഭജനത്തിന്റെ കുടിയേറ്റക്കാരായി’ കണക്കാക്കാമെന്നും ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.

 



source https://www.sirajlive.com/assam-immigration-between-1966-and-1971-was-approved.html

Post a Comment

Previous Post Next Post