2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തിന് പിറകെ ഗസ്സയില്‍ ഇസ്‌റാഈല്‍ ആരംഭിച്ച കൂട്ടക്കുരുതി ഒരു വര്‍ഷം തികയുമ്പോഴും തുടരുകയാണ്. 41,000ത്തിലേറെ പേരെ കൊന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ബോംബാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കകത്ത് ആയിരക്കണക്കിനാളുകള്‍ മരിച്ചു കിടക്കുന്നുണ്ടാകും. രൂക്ഷമായ ആക്രമണത്തിനിടെ പലായനം ചെയ്യുന്ന മനുഷ്യര്‍ നടക്കാന്‍ വയ്യാത്തവരെ ചങ്കുപൊട്ടുന്ന വേദനയോടെ ഉപേക്ഷിച്ച് പോയിട്ടുണ്ടാകും. ഒപ്പം കൂട്ടാനാകാത്ത ഭിന്നശേഷിക്കാരെയും ഇത്തരത്തില്‍ കൈയൊഴിഞ്ഞ് പോയിട്ടുണ്ടാകും. ഇവരൊക്കെ ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്നുണ്ടാകും. പട്ടിണി കിടന്നും അംഗഭംഗം വന്ന് ചികിത്സ കിട്ടാതെയും മരിച്ചവരുമുണ്ടേറെ. അങ്ങനെ നോക്കുമ്പോള്‍ ഗസ്സ കൂട്ടക്കൊലയുടെ യഥാര്‍ഥ ചിത്രം ഇപ്പോള്‍ പുറത്ത് വന്നതിനേക്കാള്‍ നൂറ് മടങ്ങ് ഹൃദയ ഭേദകമായിരിക്കും. ജീവിതം അസാധ്യമായ നരകമെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഗസ്സയെ വിശേഷിപ്പിച്ചത്. അതിര്‍ത്തികള്‍ അടച്ചും ദുരിതാശ്വാസ സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ തടഞ്ഞും ഗസ്സക്കാരെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ജൂതരാഷ്ട്രം. വടക്കന്‍ ഗസ്സയില്‍ ആക്രമണം നടക്കുന്നുവെന്ന് സൈറണ്‍ മുഴക്കും. മനുഷ്യര്‍ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യും. അങ്ങനെ ഒഴിഞ്ഞു പോകുന്നവര്‍ക്ക് നേരെ ബോംബുകള്‍ വര്‍ഷിക്കും. സുരക്ഷിത കേന്ദ്രമെന്ന് (സേഫ് സോണ്‍) ഇസ്‌റാഈല്‍ പ്രതിരോധ സേന പ്രഖ്യാപിച്ച സ്ഥലത്തും ബോംബിടും. സ്‌കൂളുകളും ആശുപത്രികളും അഭയാര്‍ഥി ക്യാമ്പുകളുമൊന്നും ഒഴിവാക്കില്ല. ഒരു അന്താരാഷ്ട്ര നിയമവും ഇസ്‌റാഈലിന് ബാധകമല്ല. ഗസ്സക്ക് ഈ ആക്രമണങ്ങള്‍ പുതിയ കാര്യമേയല്ല. ഇപ്പോള്‍ യുവാവായിരിക്കുന്ന ഒരു ഗസ്സക്കാരന്‍ എത്രയെത്ര ആക്രമണങ്ങളെ അതിജീവിച്ചാകും ഈ യുവത്വത്തില്‍ എത്തിയിരിക്കുക. തിരഞ്ഞെടുപ്പില്‍ ജയിച്ച് ഹമാസ് ഗസ്സയുടെ അധികാരമേറ്റത് മുതല്‍ കൃത്യമായ ഇടവേള വെച്ച് നശീകരണം നടത്തി വരികയാണ് സയണിസ്റ്റ് രാഷ്ട്രം. ഇത്തവണ അത് ഒരു വര്‍ഷം പിന്നിട്ടും തുടരുന്നു.
ഈ ഘട്ടത്തില്‍, ഇസ്‌റാഈല്‍ എന്ത് നേടിയെന്ന ചോദ്യം ഉച്ചത്തില്‍ ചോദിക്കേണ്ടിയിരിക്കുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാര്‍ ക്യാബിനറ്റ് പ്രഖ്യാപിച്ച ആദ്യത്തെ ലക്ഷ്യം ഹമാസിനെ നിശ്ശേഷം തകര്‍ക്കുക എന്നതായിരുന്നു. ആ ലക്ഷ്യം അസാധ്യമാണെന്ന് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി തന്നെ തുറന്ന് പറഞ്ഞത് ഗസ്സയില്‍ തോറ്റുവെന്നതിന്റെ പ്രഖ്യാപനമായിരുന്നു. ഹഗാരിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: “പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരിക്കലും നേടാനാകാത്ത ലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. ഹമാസിനെ വേണമെങ്കില്‍ കാഴ്ചയില്‍ നിന്ന് മറയ്ക്കാം. ഇല്ലാതാക്കാനാകില്ല. ഹമാസിനെ നശിപ്പിക്കും വരെ ആക്രമണം തുടരുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. ഹമാസ് ഒരു ആശയമാണ്. അതൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിന്റെ വേരുകള്‍ ജനങ്ങളുടെ ഹൃദയത്തിലാണ്. ഹമാസിനെ നിശ്ശേഷം തുടച്ചു നീക്കാനാകുമെന്നത് സ്വപ്‌നം മാത്രമാണ്’.
ഹമാസിനെ സമ്പൂര്‍ണമായി ന്യായീകരിക്കുന്നവര്‍ പോലും പറയാത്തത്ര വ്യക്തത ഹഗാരിയുടെ വാക്കുകള്‍ക്കുണ്ട്. ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണം ഇസ്‌റാഈലിനെ ഞെട്ടിച്ചുവെന്നത് നേരാണ്. എന്നാല്‍ അത് മാത്രമാണ് ഇപ്പോഴത്തെ കൂട്ടക്കുരുതിയുടെ കാരണമെന്ന് പറയുന്നവര്‍ ഏഴര പതിറ്റാണ്ട് ഫലസ്തീന്‍ ജനത അനുഭവിച്ച യാതനകളും വഞ്ചനകളും അതിക്രമങ്ങളും കണ്ടില്ലെന്ന് നടിക്കുന്നവരാണ്. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് സൈനിക നീക്കവും ബന്ദിയാക്കലും മാത്രമെടുത്ത് വിലയിരുത്താനാകില്ല. ആ ജനതയുടെ ദീര്‍ഘകാലത്തെ ചെറുത്തുനില്‍പ്പിനോട് ചേര്‍ത്ത് വായിച്ചുകൊണ്ട് മാത്രമേ നിലപാടെടുക്കാനാകൂ. ആ നിലക്ക് നോക്കുമ്പോള്‍ ഹമാസിനെ കൂടി ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പരിഹാരത്തെ കുറിച്ചാണ് സംസാരിക്കേണ്ടത്. സായുധ പരിഹാരത്തില്‍ നിന്ന് രാഷ്ട്രീയ പരിഹാരത്തിലേക്ക് മാറുന്ന ഹമാസിനെയാണ് സമാധാന കാംക്ഷികള്‍ ആഗ്രഹിക്കുന്നത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ബീജിംഗില്‍ നടന്ന ചര്‍ച്ചയില്‍ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ഐക്യ കരാറില്‍ ഒപ്പുവെച്ചത് നിര്‍ണായക മുന്നേറ്റമായിരുന്നു.
ഗസ്സ വംശഹത്യക്ക് മറ്റൊരു ലക്ഷ്യമായി പറഞ്ഞിരുന്നത് ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുകയെന്നതായിരുന്നു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ തന്നെ ആക്രമണത്തില്‍ ബന്ദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സമവായ ചര്‍ച്ചകളാണ് മോചിപ്പിക്കപ്പെട്ട ബന്ദികള്‍ക്ക് പുറത്ത് വരാന്‍ അവസരമൊരുക്കിയതെന്നോര്‍ക്കണം. ഗസ്സ ജീവിക്കാന്‍ സാധ്യമല്ലാത്ത ഇടമായി മാറുമ്പോള്‍ ജനങ്ങള്‍ പലായനം ചെയ്തുകൊള്ളുമെന്ന ഗൂഢസ്വപ്‌നമുണ്ടായിരുന്നു ഈ കൂട്ടക്കുരുതിക്ക്. ഈജിപ്തിലെ സിനായി പെനിന്‍സുലയിലേക്ക് ഗസ്സക്കാരെ മാറ്റാന്‍ പദ്ധതിയും തയ്യാറാക്കി. പക്ഷേ, കണക്കുകൂട്ടലുകള്‍ പിഴച്ചു. പലായനം ചെയ്തവര്‍ക്കാര്‍ക്കും തിരിച്ചു വരാന്‍ സാധിച്ചിട്ടില്ലെന്ന ചരിത്ര സത്യം ഗസ്സക്കാര്‍ക്കറിയാം. അതുകൊണ്ട് ചുറ്റുമുള്ളവര്‍ മുഴുവന്‍ മരിച്ചു വീഴുമ്പോഴും അവശേഷിക്കുന്നവര്‍ പിടിച്ചു നില്‍ക്കുകയാണ്. ആ പോരാട്ട വീര്യം അവര്‍ ആര്‍ജിക്കുന്നത് വഞ്ചനയുടെ ചരിത്രത്തില്‍ നിന്നാണ്. ബലാത്കാരമായി സ്ഥാപിക്കപ്പെട്ട ജൂത രാഷ്ട്രം തങ്ങളുടെ മണ്ണിലേക്ക് അധിനിവേശം നടത്തിക്കൊണ്ടേയിരിക്കുന്നുവെന്ന തിരിച്ചറിവ് അവരെ ചെറുത്തുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.
ഗസ്സയില്‍ എല്ലാ നിലക്കും പരാജയപ്പെട്ട ഇസ്‌റാഈല്‍ യുദ്ധവ്യാപനത്തിന് വഴി തേടുന്നതാണ് ഒടുവില്‍ കാണുന്നത്. സിറിയന്‍ എംബസി ആക്രമിച്ചും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ തെഹ്‌റാനിലും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയെ ബെയ്‌റൂത്തിലും വധിച്ചും ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണ് സയണിസ്റ്റ് രാഷ്ട്രം. അവരുടെ അതിര്‍ത്തി വ്യാപന ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ യുദ്ധവ്യാപനം. ലബനാനില്‍ കരയുദ്ധം തുടങ്ങിക്കഴിഞ്ഞു. ലോകത്തിനാകെ വിനാശകരമായ എടുത്തു ചാട്ടമാണിത്. എല്ലാ അതിക്രമത്തിനും അമേരിക്കയുടെ പിന്തുണയുണ്ട്. ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ പിറവിയിലേ തുടങ്ങിയ പാശ്ചാത്യ സംരക്ഷണം ഇപ്പോഴും തുടരുകയാണ്. ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്. മാനവരാശിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ആണവ യുദ്ധത്തില്‍ ലോകം ചാമ്പലാകുന്നതിന്റെ പ്രശ്‌നമാണ്. ലോകത്തെ സമാധാന കാംക്ഷികള്‍ ഒറ്റക്കെട്ടായി ചെറുക്കേണ്ട മഹാമാരിയാണ് ഈ യുദ്ധവെറി.
source https://www.sirajlive.com/our-bloody-365-days.html
Post a Comment