പത്തനംതിട്ട | കാപ്പ കേസ് പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സി പി എമ്മിലേക്ക് സ്വീകരിച്ച യുവാവിനെ ഡ്രൈഡേ ദിനത്തില്‍ ഏഴു ലിറ്റര്‍ വിദേശമദ്യവുമായി കോന്നി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പഴ മൈലാടുംപാറ ഉഷാസദനത്തില്‍ സദാനന്ദന്റെ മകന്‍ സുധീഷിനെയാണ് കോന്നി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പബിനു ഫിലിപ്പിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മദ്യ വില്‍പനക്കിടെയായിരുന്നു അറസ്റ്റ്. ഇയാളില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യം കണ്ടെടുത്തു.
രണ്ടു ദിവസം തുടര്‍ച്ചയായി മദ്യശാലകള്‍ അടച്ചിട്ടിരുന്നതിനാല്‍ ആവശ്യക്കാരേറെയായിരുന്നു. ഈ ദിനങ്ങളില്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനു വേണ്ടി കരുതി വച്ച മദ്യമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം പിടികൂടിയത്. അര ലിറ്ററിന്റെ 14 കുപ്പിയാണ് പിടികൂടിയത്. നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി പ്രതിയെ രാത്രി തന്നെ റിമാന്‍ഡ് ചെയ്തു.
കാപ്പ കേസ് പ്രതിയായ ഇഡ്ഢലി എന്ന് വിളിക്കുന്ന ശരണ്‍ ചന്ദ്രന്‍ അടക്കം അറുപതോളം ബി ജെ പി പ്രവര്‍ത്തകരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സി പി എമ്മിലേക്ക് മാലയിട്ടു സ്വീകരിച്ചത് വിവാദമായിരുന്നു. അന്ന് മന്ത്രി മാലയിട്ട കൂട്ടത്തിലുള്ളയാളാണ് ഇപ്പോള്‍ മദ്യവുമായി പിടിയിലായ സുധീഷ്. ഇതിനു മുമ്പ് ജിഷ്ണു എന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ശരണ്‍ ചന്ദ്രനൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നതായിരുന്നു ജിഷ്ണുവും. അന്ന് ജിഷ്ണുവിനെ കള്ളക്കേസില്‍ കുടുക്കി എന്നാരോപിച്ച് സി പി എം എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
source https://www.sirajlive.com/the-youth-who-accepted-the-minister-to-cpm-along-with-the-kappa-case-accused-was-arrested-with-foreign-liquor-on-dryday.html
Post a Comment