ഉമർ ഫൈസിയെ തള്ളി നേതൃത്വം; വിവാദ പരാമർശങ്ങളുമായി ബന്ധമില്ലെന്ന് നേതാക്കൾ

കോഴിക്കോട് | കിതാബിൽ വിവരമില്ലാത്തവർ ഖാസിയാകുന്നുവെന്ന് സ്വാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള ഖാസി ഫൗണ്ടേഷനെ നിശിതമായി വിമർശിച്ച ഇ കെ വിഭാഗം സെക്രട്ടറി മുക്കം ഉമർ ഫൈസിയെ തള്ളി നേതൃത്വം. ഉമർ ഫൈസിയെ മുസ്‌ലിം ലീഗ് പ്രവർത്തകർ നേരിടുമെന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇ കെ വിഭാഗത്തിന്റെ പിൻവാങ്ങൽ.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്്ലിയാർ, സെക്രട്ടറി എം ടി അബ്ദുല്ല മുസ്്ലിയാർ, ട്രഷറർ പി പി ഉമർ മുസ്്ലിയാർ കൊയ്യോട് എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ഉമർ ഫൈസി നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുമായി ബന്ധമില്ലെന്ന് അവർ വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന് വേണ്ടി ഉത്തരവാദപ്പെട്ട നേതാക്കൾ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

നിയമനം സംബന്ധിച്ച കുറിപ്പിലെ പരാമർശം സ്വാദിഖലി തങ്ങൾക്ക് കൂടിയുള്ള മറുപടിയാണെന്നാണ് പറയുന്നത്. ആദർശ വ്യതിയാനത്തിന്റെ പേരിൽ ഇ കെ വിഭാഗം പുറത്താക്കിയ ഹകീം ഫൈസി ആദൃശ്ശേരിയെ സി ഐ സി ജനറൽ സെക്രട്ടറിയായി സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വീണ്ടും തിരഞ്ഞെടുത്തിരുന്നു.
ഇ കെ വിഭാഗത്തെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള ഈ നടപടിയെ നേരത്തേ തന്നെ അവർ എതിർത്തു. ഇന്നലെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിവാദ നിയമനവും പ്രസ്താവനകളും പാടില്ലെന്ന് പറയുമ്പോൾ, ഹകീം ഫൈസിയുടെ നിയമനത്തിനുള്ള മറുപടിയായിക്കൂടിയാണ് ഉമർ ഫൈസിയുടെ പ്രസ്താവനയെ ഇ കെ വിഭാഗം നേതാക്കൾ കാണുന്നതെന്ന് വ്യക്തം. സ്വാദിഖലി തങ്ങളെ ഇ കെ വിഭാഗം മുശാവറ (40 അംഗ പണ്ഡിത കൂടിയാലോചനാ സമിതി)യിൽ ഉൾക്കൊള്ളിക്കാത്തതിനെച്ചൊല്ലി മുസ്‌ലിം ലീഗും ഇ കെ വിഭാഗവും തമ്മിൽ നേരത്തേ തന്നെ സ്വരച്ചേർച്ചയിലല്ല. തങ്ങളെ മുശാവറയിൽ എടുക്കണമെന്ന് ലീഗ് അനുകൂല പക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. പ്രസിഡന്റ് ജിഫ്‌രി തങ്ങൾ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പണ്ഡിതനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ പോലും മുശാവറയിൽ അംഗമായിരുന്നില്ലെന്നായിരുന്നു ജിഫ്‌രി തങ്ങളുടെ വിശദീകരണം. ഈ പശ്ചാത്തലത്തിലാണ് പണ്ഡിത സഭയെ വെല്ലുവിളിച്ച് ഖാസി ഫൗണ്ടേഷൻ രൂപവത്കരിക്കുന്നുവെന്ന ഉമർ ഫൈസിയുടെ പരാമർശം.

അതേസമയം, ഖാസി ഫൗണ്ടേഷന്റെ രൂപവത്കരണം രാഷ്ട്രീയ ലാഭത്തിനാണെന്ന ഉമർ ഫൈസിയുടെ കൂരമ്പുകളെ അതേ തരത്തിലാണ് ലീഗ് നേതാക്കൾ ഇന്നലെ എതിരിട്ടത്. സാധാരണഗതിയിൽ ഇത്തരം വിവാദങ്ങളിൽ ഇടപെടാത്ത മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പോലും ഉമർ ഫൈസിക്കെതിരെ രംഗത്ത് വന്നു. എന്നാൽ, ഇ കെ വിഭാഗം തള്ളിപ്പറഞ്ഞ ഹകീം ഫൈസിയെ സി ഐ സിയുടെ തലപ്പത്ത് കൊണ്ടുവന്നപ്പോൾ വിഷയത്തിൽ ഇടപെടാനോ ഇ കെ വിഭാഗത്തെ ഉൾക്കൊള്ളാനോ ലീഗ് നേതാക്കൾ തയ്യാറായില്ല എന്നതാണ് വാദം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരു വിഭാഗങ്ങളും ആരോപണ പ്രത്യാരോപങ്ങൾ താരതമ്യേന കുറവായിരുന്നു. എന്നാൽ, ഇ കെ വിഭാഗം പണ്ഡിത സഭക്ക് ബദലെന്നോണം ഖാസി ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ താഴെ തട്ടിലേക്ക് വ്യാപിപ്പിക്കാൻ നേതൃസംഗമങ്ങൾ നടത്തുന്നതും ഹകീം ഫൈസിയെ സി ഐ സി ജന. സെക്രട്ടറിയായി അവരോധിച്ചതുമാണ് മുശാവറ സെക്രട്ടറി ഉമർ ഫൈസി സ്വാദിഖലി തങ്ങൾക്കെതിരെ തുറന്നടിക്കാൻ പ്രകോപനമായതെന്നാണ് കരുതുന്നത്.
ഇബ്‌നു അബ്ദിൽ വഹാബിന്റെ “കിതാബുത്തൗഹീദി’ന് പദ്യാവിഷ്‌കാരം നൽകിയ ജാമിഅ നൂരിയ്യയിലെ അധ്യാപകനെ മറുപക്ഷം വലിയ നിലയിൽ പിന്തുണച്ചതും കാരണമായി. ഇദ്ദേഹത്തിന്റെ കാവ്യഭാഗങ്ങൾ എടവണ്ണയിലെ സംവാദത്തിൽ മുജാഹിദുകൾ എടുത്ത് ഉദ്ധരിച്ചിരുന്നു.



source https://www.sirajlive.com/umar-faizi-rejected-the-leadership-leaders-have-nothing-to-do-with-controversial-remarks.html

Post a Comment

Previous Post Next Post