കേരളത്തിലുമെത്തിയോ ജനപ്രതിനിധികളെ വിലക്കെടുക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടം? ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുകയും ക്രമേണ കര്‍ണാടക തുടങ്ങി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത രാഷ്ട്രീയ അധാര്‍മികതയില്‍ നിന്ന് കേരളം വിട്ടുനിന്നിരുന്നു ഇതുവരെയും. എന്നാല്‍ സംസ്ഥാനത്ത് എല്‍ ഡി എഫിലെ രണ്ട് എം എല്‍ എമാരെ ബി ജെ പി സഖ്യകക്ഷിയായ എന്‍ സി പി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ എന്‍ സി പി നേതാവും കുട്ടനാട് എം എല്‍ എയുമായ തോമസ് കെ തോമസ് നൂറു കോടി രൂപ വാഗ്ദാനം നല്‍കിയതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. തോമസ് കെ തോമസ് വലവീശിയെന്നു പറയപ്പെടുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് എം എല്‍ എ ആന്റണി രാജു സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിലെ ഈ ചാക്കിട്ടുപിടിത്തത്തിനും കുതിരക്കച്ചവടത്തിനുമെതിരെ ജനാധിപത്യ മതേതര കക്ഷികള്‍ ശക്തമായി രംഗത്തു വരികയും അധാര്‍മിക രാഷ്ട്രീയം കേരളത്തെ മലീമസമാക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്. ഒരു പാര്‍ട്ടിയുടെ അഡ്രസ്സില്‍ വിജയിച്ചവര്‍, തങ്ങളെ വിജയിപ്പിച്ച വോട്ടര്‍മാരെയും സ്ഥാനാര്‍ഥി ടിക്കറ്റ് നല്‍കിയ പാര്‍ട്ടിയെയും വിഡ്ഢികളാക്കി പണത്തിനു വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ കൂറുമാറുമ്പോള്‍ ജനാധിപത്യത്തെയാണ് അവര്‍ തോല്‍പ്പിക്കുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെയാണ് ബലി കൊടുക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തെ ബാധിച്ച കടുത്ത ജീര്‍ണതയും ദുരന്തവുമാണ് പണം നല്‍കിയും അധികാര സ്ഥാനങ്ങള്‍ വെച്ചു നീട്ടിയും എതിര്‍പാളയത്തില്‍ നിന്ന് ജനപ്രതിനിധികളെ പിടിച്ചെടുക്കുന്ന കുതന്ത്രങ്ങള്‍. തിരഞ്ഞെടുപ്പില്‍ ജനഹിതം എതിരായാലും അധികാരം പിടിച്ചെടുക്കാവുന്ന ഹീനമാര്‍ഗം. 1967ല്‍ കോണ്‍ഗ്രസ്സുകാരനായ ഹരിയാനയിലെ നിയമസഭാംഗം ഗയാലാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് തവണ കൂറുമാറിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഏറ്റവും മോശമായ അവസ്ഥ ദൃശ്യമായത്. 1993ല്‍ അവിശ്വാസ പ്രമേയം നേരിടാന്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ എം പിമാരെ വിലക്കെടുത്തത് വന്‍വിവാദമായതും കോടതി കയറിയതുമാണ്. അജിത് സിംഗിന്റെ എട്ട് എം പിമാരെയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നാല് എം പിമാരെയും രണ്ട് കോടി രൂപ വീതം നല്‍കിയാണ് അന്ന് സ്വാധീനിച്ചത്. ഇന്ന് പക്ഷേ എം പിമാര്‍ക്കുള്ള വില നൂറ് കോടി കടന്നിട്ടുണ്ട്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് കുതിക്കച്ചവടത്തിലൂടെ സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കുന്ന പ്രവണത ഉടലെടുത്തത്. 2014ല്‍ അരുണാചല്‍ പ്രദേശില്‍ 66 അംഗ അസംബ്ലിയില്‍ 44 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ ബി ജെ പി അട്ടിമറിച്ചത് കോണ്‍ഗ്രസ്സിലെ എം എല്‍ എമാരെ വിലക്കെടുത്തായിരുന്നു. ഈ കളിയിലൂടെയാണ് അരുണാചലില്‍ അത്ര ശക്തമല്ലാതിരുന്ന ബി ജെ പി 2019ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ ജയിക്കാന്‍ പാകത്തില്‍ വളര്‍ന്നതും.
2017ല്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 സീറ്റ് നേടിയ കോണ്‍ഗ്രസ്സിനെ അരുക്കാക്കി 21 സീറ്റ് നേടിയ ബി ജെ പി അധികാരത്തിലേറിയതും 40 അംഗ ഗോവ നിയമസഭയില്‍ 17 സീറ്റ് നേടിയ കോണ്‍ഗ്രസ്സിനെ മറികടന്ന് 13 സീറ്റ് നേടിയ ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിച്ചതും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെയാണ്. 2019ല്‍ കര്‍ണാടകയിലെ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ താഴെയിറക്കി ബി ജെ പിയിലെ യെദിയൂരപ്പ അധികാരത്തിലേറിയതും മഹാരാഷ്ട്രയില്‍ എന്‍ സി പിയെ പിളര്‍ത്തി എന്‍ സി പിയും ശിവസേനയും കോണ്‍ഗ്രസ്സും അടങ്ങുന്ന മഹാ അഘാഡി സര്‍ക്കാറിനെ ബി ജെ പി അട്ടിമറിച്ചതും എം എല്‍ എമാരെ ചാക്കിട്ടുപിടിച്ചാണ്.
പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്നും മറ്റും പലപ്പോഴും സര്‍ക്കാറുകള്‍ നിലംപതിക്കാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ തൊട്ടടുത്ത ഏറ്റവും വലിയ കക്ഷിയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിനു രംഗത്തുവരേണ്ടതും ഗവര്‍ണര്‍മാര്‍ ക്ഷണിക്കേണ്ടതും. എന്നാല്‍ വിരലിലെണ്ണാന്‍ പോലും സീറ്റില്ലാത്തവരാണ് പലപ്പോഴും അധികാരത്തില്‍ വരുന്നത്. ഒന്നുകില്‍ അവര്‍ നേരിട്ട്. അല്ലെങ്കില്‍ അവര്‍ വിലക്കെടുക്കുന്ന കക്ഷികള്‍ മുഖേന. കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുകയോ ഭരണപ്രതിസന്ധി സൃഷ്ടിക്കുകയോ ചെയ്യുന്നു. ബി ജെ പിയുടെ പ്രഖ്യാപിത നയമായ കോണ്‍ഗ്രസ്സ് മുക്ത ഭാരതം യാഥാര്‍ഥ്യമാക്കുകയാണ് നിരന്തരമുള്ള ഇത്തരം രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെയും സര്‍ക്കാര്‍ അട്ടിമറിയിലൂടെയും അവര്‍ ലക്ഷ്യമാക്കുന്നത്. ഒപ്പം തീവ്ര വലതുപക്ഷ ആശയങ്ങളും ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങളും നടപ്പാക്കി രാജ്യത്തിന്റെ മതേതര, ജനാധിപത്യ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതലും. കോര്‍പറേറ്റുകള്‍ക്ക് ആനൂകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിനു പകരമായി ഇലക്ടറല്‍ ബോണ്ടിലുടെയും മറ്റു വളഞ്ഞ മാര്‍ഗങ്ങളിലൂടെയും അവര്‍ തിരിച്ചു നല്‍കുന്ന സമ്പാദ്യമാണ് ബി ജെ പിയുടെ കുതിരക്കച്ചവടത്തിനുള്ള സാമ്പത്തിക സ്രോതസ്സെന്നാണ് പറയപ്പെടുന്നത്.
കൂറുമാറ്റത്തിലൂടെയുള്ള അട്ടിമറി പ്രതിരോധിക്കാന്‍ രാജ്യം 1985ല്‍ കൂറുമാറ്റവിരുദ്ധ നിയമം പാസ്സാക്കിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നിയമസഭാംഗങ്ങള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിക്കുന്നതിനും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നതിനും നിയമസഭാ അംഗബലത്തിന്റെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്‍ബലം വേണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇല്ലെങ്കില്‍ അവര്‍ക്കു അയോഗ്യത കല്‍പ്പിക്കപ്പെടും. പക്ഷേ ഏത് നിയമത്തിലുമുണ്ടാകും പഴുതുകള്‍. കൂറുമാറ്റത്തിലെ അത്തരം പഴുതുകള്‍ ഉപയോഗിച്ചാണ് നിലവില്‍ ഈ രാഷ്ട്രീയ അസാന്മാര്‍ഗികത തുടരുന്നതും ജനങ്ങള്‍ തിരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ സര്‍ക്കാറുകളെ അട്ടിമറിക്കുന്നതും. ഇത്തരം രാഷ്ട്രീയ വൃത്തികേടുകള്‍ക്ക് അറുതി വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ജുഡീഷ്യറിയും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
source https://www.sirajlive.com/political-horse-trading-in-kerala.html
Post a Comment