“ഹരിയാന’കൾ ആവർത്തിക്കരുത്

പ്രവചനങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഹരിയാനയിൽ ബി ജെ പിയെ പുറംതള്ളി കോൺഗ്രസ്സ് അധികാരത്തിലേറുമെന്നും ജമ്മു കശ്മീരിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നുമായിരുന്നു എക്‌സിറ്റ്പോൾ പ്രവചനങ്ങൾ. എന്നാൽ ഹരിയാനയിൽ 90ൽ 48 സീറ്റുമായി ബി ജെ പിയും ജമ്മു കശ്മീരിൽ 90ൽ 49 സീറ്റുമായി ഇന്ത്യാസഖ്യവും ഭരണമുറപ്പിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പിനു മുമ്പത്തെ രാഷ്ട്രീയാന്തരീക്ഷം കോൺഗ്രസ്സിന് അനുകൂലമായിരുന്നു ഹരിയാനയിൽ. ഭരണവിരുദ്ധ വികാരം, ബി ജെ പിക്കെതിരായ കർഷകരോഷം, ഗുസ്തിതാരങ്ങളുടെ കോൺഗ്രസ്സ് പ്രവേശം തുടങ്ങി കോൺഗ്രസ്സിനു സഹായകമായ നിരവധി ഘടകങ്ങളുണ്ടായിരുന്നു സംസ്ഥാനത്ത്. ബി ജെ പി 32 സീറ്റിനപ്പുറം പോകില്ലെന്നായിരുന്നു പ്രവചനം. വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറിലെ ഫലവും കോൺഗ്രസ്സിന് പ്രതീക്ഷ നൽകി. അതിനുശേഷമാണ് ഫലം തകിടംമറിഞ്ഞത്.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം ജനവിധിയുമായി പൊരുത്തപ്പെടുന്നതല്ല, വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നതിലുണ്ടായ ദുരൂഹമായ കാലതാമസവും പാർട്ടി ചൂണ്ടിക്കാട്ടുന്നു. വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കടലാസ് ബാലറ്റിലേക്ക് രാജ്യം മടങ്ങാത്ത കാലത്തോളം അട്ടിമറി സംശയിക്കപ്പടുക തന്നെ ചെയ്യും. എന്നാൽ ഇതിനപ്പുറം സംസ്ഥാന കോൺഗ്രസ്സ് നേതൃത്വത്തിലെ ചേരിപ്പോരിനും അമിത ആത്മവിശ്വാസത്തിനുമുണ്ട് പാർട്ടിയുടെ പരാജയത്തിൽ പങ്ക്.

ഒറ്റക്ക് മത്സരിക്കാതെ എ എ പി അടക്കമുള്ള പാർട്ടികളെ ചേർത്ത് ഇന്ത്യാ സഖ്യത്തിനു കീഴിൽ മത്സരിക്കണമെന്നായിരുന്നു കോൺഗ്രസ്സ് സംസ്ഥാനഘടകത്തോട് ദേശീയ നേതൃത്വത്തിന്റെ നിർദേശം. എന്നാൽ മുഖ്യമന്ത്രി പദത്തിൽ കണ്ണുനട്ട ചില സംസ്ഥാന നേതാക്കൾ ആം ആദ്മിയുമായി സഖ്യം വേണ്ടെന്നുവെച്ചു. മൂന്ന് സീറ്റിനെ ചൊല്ലിയാണ് ആംആദ്മിയും കോൺഗ്രസ്സും തെറ്റിപ്പിരിഞ്ഞത്. പത്ത് സീറ്റ് വേണമെന്നായിരുന്നു എ എ പിയുടെ ആവശ്യം. ഏഴേ നൽകുകയുള്ളൂവെന്ന് കോൺഗ്രസ്സും. തുടർന്ന് എ എ പി 90 സീറ്റിലും സ്ഥാനാർഥികളെ നിർത്തുകയായിരുന്നു. ഇത് ദളിത്, മതേതര വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കുകയും ബി ജെ പിക്ക് ഗുണകരമാകുകയും ചെയ്തു. പിടിവാശി എ എ പിക്കും വിനയായി. സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല പാർട്ടിക്ക്. വോട്ട് വിഹിതം 1.79 ശതമാനം മാത്രം.

ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസും കോൺഗ്രസ്സും സി പി എമ്മും ചേർന്ന് ഇന്ത്യ സഖ്യത്തിന് കീഴിൽ മത്സരിച്ചതിനെ തുടർന്നാണ് അവിടെ ബി ജെ പിയെ പിടിച്ചുനിർത്താനായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനു കീഴിൽ മത്സരിക്കാത്തതിനെ തുടർന്ന് തന്റെ പാർട്ടിക്കുണ്ടായ ദയനീയ പരാജയമാണ് നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയെ ഈ തിരഞ്ഞെടുപ്പിൽ സഖ്യതീരുമാനത്തിലെത്തിച്ചത്. ഹരിയാനയിലെ കോൺഗ്രസ്സ് നേതാക്കൾക്ക് ഇത്തരമൊരു തിരിച്ചറിവ് ഇല്ലാതെ പോയി. പാർട്ടിയുടെ പ്രമുഖ നേതാക്കളായ ഭൂപീന്ദർ സിംഗ് ഹൂഡയും കുമാരി സെൽജയും തമ്മിലുള്ള ആഭ്യന്തര വഴക്കും കോൺഗ്രസ്സിന് വിനയായി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാന പദവി എടുത്തുകളയുകയും ചെയ്ത ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പാണ് അവിടെ നടന്നത്. ഒരു ദശാബ്ദത്തിനിടയിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനു വേണ്ടി വർഷങ്ങളായി വിവിധ പാർട്ടികൾ മുറവിളി കൂട്ടിയിട്ടും കേന്ദ്രം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കേന്ദ്രം നിർബന്ധിതമായത്. പ്രദേശത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും പൗരസമൂഹവുമായും കൂടിയാലോചിക്കാതെയുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികൾക്കെതിരായ ജനവികാരമാണ് അവിടെ തിരഞ്ഞെടുപ്പിൽ പ്രകടമായത്. ബി ജെ പി 29 സീറ്റുകളിലൊതുങ്ങി. കേന്ദ്രത്തിലെ ബി ജെ പി സർക്കാർ ജമ്മു കശ്മീരിനോട് കാണിച്ച അവഗണനയും അനീതിയും എണ്ണിപ്പറഞ്ഞായിരുന്നു ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുടെ അപക്വമായ രാഷ്ട്രീയ തീരുമാനങ്ങൾക്കെതിരായ ജനവിധിയാണ് തിരഞ്ഞെടുപ്പ് ഫലത്തിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം. സംസ്ഥാനത്ത് ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മതേതര കക്ഷികൾ സഖ്യമായി മത്സരിച്ചപ്പോൾ, മതേതര വോട്ടുകളിൽ വിള്ളൽ സൃഷ്ടിക്കുന്നതരത്തിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുകയായിരുന്നു ജമാഅത്തെ ഇസ്‌ലാമി. എങ്കിലും കശ്മീർ ജനത അവരെ എഴുതിത്തള്ളി. കശ്മീർ ജമാഅത്തെ ഇസ്‌ലാമി ടിക്കറ്റിൽ മത്സരിച്ച നാല് സ്ഥാനാർഥികളും അവർ പിന്തുണ നൽകിയ നാല് സ്ഥാനാർഥികളും ദയനീയമായി പരാജയപ്പെട്ടു. സി പി എം സ്ഥാനാർഥിയായ മുഹമ്മദ് യൂസുഫ് തരിഗാമി മത്സരിച്ച കുൽഗാം മണ്ഡലത്തിലാണ് ജമാഅത്തെ ഇസ്്ലാമിക്ക് ഏറ്റവും വലിയ തിരച്ചടിയുണ്ടായത്. അവിടെ ബി ജെ പി പരോക്ഷ പിന്തുണ നൽകിയിട്ടും സ്വതന്ത്ര വേഷമണിഞ്ഞ സായാർ അഹ്്മദ് റെഷി പരാജയപ്പെട്ടു.

അധികാര രാഷ്ട്രീയത്തേക്കാൾ ആദർശ രാഷ്ട്രീയത്തിന് പ്രാമുഖ്യം കൽപിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇരു തിരഞ്ഞെടുപ്പ് ഫലങ്ങളും വിരൽ ചൂണ്ടുന്നത്. വർഗീയ ഫാസിസ രാഷ്ട്രീയമാണ് നിലവിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജനാധിപത്യ, മതേതര മൂല്യങ്ങളെ ചവിട്ടിമെതിച്ചു മുന്നേറുന്ന വർഗീയ ഫാസിസത്തെ തളക്കുകയാണ് മതേതര പാർട്ടികളുടെ മുഖ്യബാധ്യത. ഇക്കാര്യത്തിൽ മികച്ച ചുവടുവെപ്പായിരുന്നു ഇന്ത്യ സഖ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് ഗുണം ചെയ്യുകയുമുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യത്തിനു കീഴിലായിരിക്കണം ജനങ്ങളെ സമീപിക്കേണ്ടത്. ഇതിനു പാർട്ടികൾ ചില വിട്ടുവീഴ്ചകളും നീക്കുപോക്കുകളും നടത്തേണ്ടിവരും. ഇത് നാടിന്റെയും രാജ്യത്തിന്റെയും രക്ഷക്കാണെന്ന തിരിച്ചറിവ് വേണം. അതില്ലാതെ പോയാൽ “ഹരിയാന’കൾ ആവർത്തിക്കും.



source https://www.sirajlive.com/don-39-t-repeat-haryana-39-39.html

Post a Comment

أحدث أقدم