കോഴിക്കോട് | രാജ്യത്താകമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് അപേക്ഷിച്ച് യാത്ര ക്യാൻസൽ ചെയ്തത് 13,549 പേർ. ഇത്രയും സീറ്റുകൾ ഒഴിവു വന്നതിനെ തുടർന്നാണ് കേരളത്തിലുൾപ്പെടെ വെയിറ്റിംഗ് ലിസ്റ്റിലുള്ള 1,711 പേർക്ക് കൂടി അവസരം ലഭിച്ചത്. ഇതോടെ ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് മൊത്തം അവസരം ലഭിച്ചവരുടെ എണ്ണം 16,301 ആയി.
വെയിറ്റിംഗ് ലിസ്റ്റിൽ ഇനി 4,335 പേർ മാത്രമാണുള്ളത്. വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് ഏറ്റവും കൂടുതൽ പേർക്ക് അവസരം ലഭിച്ചത് മഹാരാഷ്ട്രയിൽ നിന്നാണ്-3,696. കർണാടക-2,074, ഗുജറാത്ത്-1,723, തമിഴ്‌നാട്-1,015, തെലങ്കാന-1,631 എന്നിങ്ങനെയാണ് വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് കൂടുതൽ പേർക്ക് അവസരം ലഭിച്ച മറ്റ് സംസ്ഥാനങ്ങൾ.
യാത്രാ ചെലവ് വർധിച്ചതുൾപ്പെടെയുള്ള കാരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ ഹജ്ജ് അപേക്ഷകർ ഇത്രയധികം ക്യാൻസലേഷൻ ഉണ്ടകാൻ കാരണം. ക്യാൻസലേഷൻ വന്നാൽ സംസ്ഥാനത്ത് വെയിറ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് കൂടി അവസരം ലഭിക്കാനിടയുണ്ട്. കഴിഞ്ഞ വർഷം ഏഴ് തവണകളിലായി 2,500ലധികം പേർക്ക് വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം 24,796 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2025ലെ ഹജ്ജിന് 20,636 അപേക്ഷകളാണ് ലഭിച്ചത്.
കഴിഞ്ഞ വർഷത്തേതിലും നാലായിരത്തിലധികം കുറവ്. ഇതിൽ 14,590 പേർക്കാണ് ആദ്യഘട്ടത്തിൽ അവസരം ലഭിച്ചത്. ബാക്കി 6,046 പേരായിരുന്നു വെയിറ്റിംഗ് ലിസ്റ്റിലുണ്ടായിരുന്നത്. ഇവരിൽ നിന്നാണ് ഇപ്പോൾ 1,711 പേർക്ക് കൂടി അവസരം ലഭിച്ചത്. ജനറൽ കാറ്റഗറിയിൽ നിന്നും 8,305 പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്.
65+ വിഭാഗവും സ്ത്രീകൾ മാത്രമുള്ള വിഭാഗവും (വിത്തൗട്ട് മെഹ്‌റം) നറുക്കെടുപ്പില്ലാതെ എല്ലാവർക്കും അവസരം ലഭിച്ചു. ഇന്ത്യയിൽ ആകെ 1,51,981 അപേക്ഷകരാണ് ഉണ്ടായിരുന്നത്.
source https://www.sirajlive.com/hajj-2025-13549-people-canceled-their-trip.html
Post a Comment