ഖാൻ യൂനുസിൽ ഭക്ഷണത്തിനായി കാത്തുനിന്നവരെ കൊന്നൊടുക്കി

ഗസ്സ | ഗസ്സയിലുടനീളം വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണം ഇന്നലെയും തുടർന്ന് ഇസ്‌റാഈൽ സൈന്യം. 24 മണിക്കൂറിനിടെ 32 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ലബനാനിൽ ഹിസ്ബുല്ലയുമായുള്ള വെടിനിർത്തലിന് പിന്നാലെ ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്കായി ഹമാസ് പ്രതിനിധികൾ ഈജിപ്ത് തലസ്ഥാനമായ കൈറോയിലെത്താനിരിക്കെയാണ് പകലും രാത്രിയിലും ഇസ്‌റാഈൽ സൈന്യം ആക്രമണം തുടരുന്നത്.

ഖാൻ യൂനുസിന്റെ തെക്കൻ ഭാഗത്ത് സഹായത്തിനായി കാത്തുനിൽക്കുകയായിരുന്ന ഫലസ്തീൻ ജനതക്കു നേർക്കുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.
റൊട്ടിക്കുള്ള മാവ് വിതരണം ചെയ്യുന്ന വാഹനത്തിനു നേർക്കാണ് വ്യോമാക്രമണമുണ്ടായത്. വാഹനം പൊട്ടിത്തെറിച്ചാണ് ചുറ്റുമുണ്ടായിരുന്നവർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ സന്നദ്ധ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണിന്റെ മൂന്ന് വളണ്ടിയർമാരുമുണ്ട്.

വടക്കൻ ഗസ്സയിലെ ജബലിയയിൽ ജനക്കൂട്ടത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ മൂന്ന് പേരും കൊല്ലപ്പെട്ടു. ജബലിയയിലെ ഹലീമ അൽ സാദിയ സ്‌കൂളിന് സമീപത്തെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കിഴക്കൻ ഗസ്സാ നഗരമായ ഷുജയക്ക് സമീപം വീടിന് നേർക്കുണ്ടായ ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.



source https://www.sirajlive.com/at-khan-yunus-he-killed-those-who-were-waiting-for-food.html

Post a Comment

Previous Post Next Post