സൈബർ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത വേണം

സൈബർ അറസ്റ്റ് തട്ടിപ്പുകൾ വർധിച്ചുവരികയാണ്. ആറായിരിത്തിലധികം ഇത്തരം തട്ടിപ്പുകൾ കഴിഞ്ഞ പത്ത് മാസത്തിനകം രാജ്യത്ത് നടന്നു. നാല് ദിവസം മുമ്പാണ് ബെംഗളൂരുവിലെ തിലക് നഗറിൽ ഒരു വയോധികനെ “ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് തട്ടിപ്പ് സംഘം 81.1 ലക്ഷം തട്ടിയത്.

സ്ത്രീകൾക്ക് അശ്ലീല സന്ദേശമയക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്‌തെന്നാരോപിച്ചായിരുന്നു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ഈ വ്യക്തിയെ വീട്ടിലും ഹോട്ടലിലുമായി ഒരു മാസത്തോളം “അറസ്റ്റിൽ’ വെച്ചത്. പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുംബൈയിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നുമായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ഭീഷണി. ഒരു മാസം മുമ്പ് മധ്യപ്രദേശിലെ ഇൻഡോറിലെ രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസഡ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന് മകളുടെ വിവാഹത്തിന് കരുതിവെച്ച 71.33 ലക്ഷം രൂപ നഷ്ടമായി. നാല് ദിവസം “ഡിജിറ്റൽ അറസ്റ്റി’ൽ നിർത്തിയാണ് അദ്ദേഹത്തെ തട്ടിപ്പ് സംഘം കുരുക്കിലാക്കിയത്.

സൈബർ തട്ടിപ്പിന്റെ പുതിയ രീതിയാണ് സൈബർ അറസ്റ്റ് ഭീഷണി. തട്ടിപ്പുകാർ നിയമപാലകരായോ, അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരായോ വേഷമിട്ട് ഓഡിയോ/വീഡിയോ കോളുകൾ വഴി ആളുകളെ ഭീഷണിപ്പെടുത്തി അറസ്റ്റെന്ന വ്യാജേന ഡിജിറ്റലിൽ ബന്ദിയാക്കുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. സാമ്പത്തിക- ലൈംഗിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കേസുകൾ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇരകൾക്കെതിരെ ആരോപിക്കുന്നത്.

ആരോപണം “സ്ഥിരീകരിക്കുന്ന’ വ്യാജ രേഖകളും ഇവർ കാണിക്കുന്നു. അന്വേഷണ ഏജൻസികളുടെ ഓഫീസുകളെ അനുകരിക്കുന്ന മുറികൾ സജ്ജീകരിച്ചായിരിക്കും പലപ്പോഴും ഇവർ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്നത്. എ ഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കൃത്രിമ രേഖകളും ഓഫീസുകളും സജ്ജീകരിക്കുന്നത്. ഇതൊക്കെ കാണുന്ന ഇരകൾ ആശങ്കയിലാകുക സ്വാഭാവികം. നിരപരാധികൾ താൻ കുറ്റം ചെയതിട്ടില്ലെന്ന് പറഞ്ഞാലും രക്ഷപ്പെടില്ല. നിങ്ങളുടെ ആധാറിലെ വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചതെന്നും ആരോ നിങ്ങളുടെ ആധാറിന്റെ കോപ്പി കൈക്കലാക്കി അതുപയോഗിച്ച് കുറ്റം ചെയ്തതായിരിക്കാമെന്നുമാകും തട്ടിപ്പുകാർപറയുക.

ഇരകളെ ദ്രുതഗതിയിൽ തീരുമാനമെടുക്കാൻ നിർബന്ധിതരാക്കുന്ന തരത്തിലായിരിക്കും അവരുടെ ഇടപെടൽ. വീഡിയോ കോൾ വഴി വരുന്ന ഭീഷണിയുടെ നിജസ്ഥിതി അന്വേഷിക്കാനും ചിന്തിക്കാനും ഇരകൾക്ക് സമയം നൽകില്ല. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാനോ ജാമ്യം ലഭ്യമാക്കാനോ എന്ന പേരിൽ സംഘം പണമോ, അക്കൗണ്ടുകളുടെ വിശദാംശമോ ആവശ്യപ്പെടുന്നു. പണം ലഭിക്കുന്നത് വരെ ഇരയെ തട്ടിപ്പുസംഘം വീഡിയോ കോൾ പ്ലാറ്റ്‌ഫോമിൽ പിടിച്ചിരുത്തും. രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയും വീഡിയോ കോൾ മുഖേന ആരെയും അറസ്റ്റ് ചെയ്യാറില്ലെന്നും അത്തരം ഭീഷണികളിൽ വഞ്ചിതരാകരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലതവണ വ്യക്തമാക്കിയിട്ടും കോളജ് പ്രൊഫസർമാരും ഐ ടി പ്രൊഫഷനലുകളുമുൾപ്പെടെ നിരവധി പേർ പിന്നെയും തട്ടിപ്പുകാരുടെ വലയിൽ
വീഴുന്നു.

കേരളത്തിൽ യാക്കോബായ സഭാ നിരണം മുൻ അധിപൻ ബിഷപ് ഗീവർഗീസ് മാർ കൂറിലോസ്, സംഗീത സംവിധായകൻ ജെറി അമൽദേവ്, നടി മാലാപാർവതി തുടങ്ങി നിരവധി പേർ ഈ തട്ടിപ്പിനിരയായിട്ടുണ്ട്. ഗീവർഗീസ് മാർ കൂറിലോസിന്റെ പേരിൽ മുംബൈയിലുള്ള ബേങ്ക് അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായി കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും അക്കൗണ്ടുകളിൽ നിന്നായി സംഘം 15.1 ലക്ഷം രൂപ അടിച്ചെടുത്തത്. മുംബൈ സൈബർ വിഭാഗത്തിലെയും സി ബി ഐയിലെയും
ഉദ്യോഗസ്ഥരാണ് വിളിക്കുന്നതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വീഡിയോ കോൾ. അദ്ദേഹത്തിന്റെ ആധാർ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളുടെ എണ്ണം വർഷാന്തം വൻ തോതിൽ വർധിച്ചുവരികയാണ്. 2021ൽ 4.52 ലക്ഷവും 2022ൽ 9.66 ലക്ഷവും 2023ൽ 15.56 ലക്ഷവുമായിരുന്നു സൈബർ തട്ടിപ്പ് സംബന്ധിച്ച് പോലീസിന് ലഭിച്ച പരാതികളുടെ എണ്ണമെങ്കിൽ 2024 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസത്തിനുള്ളിൽ 7.4 ലക്ഷം പരാതികൾ ലഭിച്ചു.

ഇതുസംബന്ധിച്ച അന്വേഷണത്തിനും നിയമനടപടികൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിന്റെ കീഴിൽ “14സി’ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. 14 സി ഇതിനകം സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട 3.25 ലക്ഷം വ്യാജ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആറ് ലക്ഷം മൊബൈൽ നമ്പറുകളും എഴുനൂറിലേറെ മൊബൈൽ ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്യുകയുമുണ്ടായി.

പരമാവധി ജാഗ്രതയാണ് കുടുങ്ങാതിരിക്കാനുള്ള വഴി. സൈബർ അറസ്റ്റ് എന്ന ഒരു നിയമനടപടി രാജ്യത്തില്ലെന്ന ബോധ്യവും ഓർമയും സദാ വേണം. ഫോൺ വഴി ആര് ആവശ്യപ്പെട്ടാലും അക്കൗണ്ടിന്റെ വിശദാംശങ്ങൾ നൽകരുത്. ആരെങ്കിലും അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയുമരുത്. അഥവാ അശ്രദ്ധ മൂലം തട്ടിപ്പിനിരയായാൽ വിവരം എത്രയും വേഗത്തിൽ 1930 എന്ന നമ്പറിൽ സൈബർ പോലീസിൽ റിപോർട്ട് ചെയ്യണം.

നേരത്തേ വിവരം ലഭിച്ചാൽ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാകും പോലീസിന്. പ്രതികളെ പിടികൂടാനും വലിയ തട്ടിപ്പുകളുടെ ചുരുളഴിക്കാനും ഇത് സഹായകമാകും. തട്ടിപ്പ് നടന്ന ശേഷമുള്ള 24 മണിക്കൂർ നിർണായകമാണ്. കേരളത്തിൽ സൈബർ തട്ടിപ്പ് വഴി നഷ്ടമായ പണത്തിന്റെ 14 ശതമാനം മാത്രമേ വീണ്ടെടുക്കാനായിട്ടുള്ളൂ. തട്ടിപ്പിനിരയായവർ വിവരം അറിയിക്കുന്നതിൽ വന്ന കാലതാമസമാണ് 86 ശതമാനവും നഷ്ടമാകാനിടയാക്കിയത്.



source https://www.sirajlive.com/beware-of-cyber-arrest-fraud.html

Post a Comment

Previous Post Next Post