2024ല്‍ മീഖാത് ദുല്‍ ഹുലൈഫലെത്തിയത് 10 ദശലക്ഷത്തിലധികം തീര്‍ഥാടകര്‍

മദീന | പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ നിന്നും പതിമൂന്ന് കിലോമീറ്റര്‍ ദൂരയുള്ള മീഖാത് ദുല്‍ ഹുലൈഫയില്‍ ഈ വര്‍ഷം എത്തിയത് പത്ത് ദശലക്ഷത്തിലധികം തീര്‍ഥാടകര്‍.

മദീനയില്‍ നിന്നും മദീനക്ക് പുറത്ത് നിന്നും എത്തുന്നവര്‍ അല്ലാഹുവിന്റെ അതിഥികളായി മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ‘ഇഹ്റാം’ ചെയ്യുന്നത് ഇവിടെ വച്ചാണ്.

മക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരമുള്ള മീഖാത്തും ഇത് തന്നെയാണ്. ഇഹ്റാം വസ്ത്രം ധരിച്ച് മീഖാത്തുകളില്‍ വച്ചാണ് തീര്‍ഥാടകര്‍ തല്‍ബിയ്യത്ത് മന്ത്രധ്വനികള്‍ ഉരുവിട്ട് തുടങ്ങുക.

2,000 ചതുരശ്ര മീറ്ററില്‍ ഇസ്‌ലാമിക രൂപകല്‍പനകള്‍ ഉള്‍ക്കൊള്ളുന്ന പരവതാനികള്‍, 7,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മരങ്ങള്‍, ഈന്തപ്പനകള്‍ നിറഞ്ഞ മനോഹരമായ പൂന്തോട്ടം, 600-ല്‍ അധികം ബസ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ മീഖാത്തിലുണ്ട്.

പ്രസിദ്ധമായ ഹുദൈബിയ്യ ഉടമ്പടിക്കു ശേഷം ഉംറ നിര്‍വഹിക്കുന്നതിനു മുമ്പ് അന്ത്യ പ്രവാചകര്‍ ഇഹ്റാമിലേക്ക് പ്രവേശിച്ചതും മീഖാത് ദുല്‍ ഹുലൈഫയില്‍ വച്ചായിരുന്നു. അസ്-സെയ്ല്‍ അല്‍-കബീറിലെ മീഖാത് ഖര്‍നുല്‍ മനാസില്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ മീഖാത് മസ്ജിദ് കൂടിയാണിത്. വാദി അല്‍-അഖിഖിന്റെ പടിഞ്ഞാറ് ഭാഗത്താണ് മിഖാത്ത് സ്ഥിതി ചെയ്യുന്നത്.

വിശുദ്ധ ഹജ്ജ്-ഉംറ കര്‍മ്മങ്ങള്‍ക്കായി ഇഹ്റാം ചെയ്യുന്ന സ്ഥലങ്ങളാണ് മീഖാത്തുകള്‍. ഓരോ മേഖലയിലുള്ളവര്‍ക്കും പ്രത്യേകമായ സ്ഥലങ്ങളാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ദുല്‍ഹുലൈഫ, ജുഹ്ഫ, ഖര്‍ നുല്‍ മനാസില്‍, ദാത്തുഇര്‍ഖ്, യലംലം എന്നിങ്ങനെ അഞ്ച് മീഖാത്തുകളാണുള്ളത്.

 



source https://www.sirajlive.com/over-10-million-pilgrims-reached-meeqat-dhul-hulayf-in-2024.html

Post a Comment

Previous Post Next Post