ഹിന്ദുത്വത്തിന് വിധേയപ്പെടരുത് ജുഡീഷ്യറി

ജുഡീഷ്യറിയുടെ ഹിന്ദുത്വ-ബി ജെ പി ഭരണകൂട വിധേയത്വം കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പുതിയ ഉദാഹരണമാണ് തീവ്രഹിന്ദുത്വ സംഘടനയായ വി എച്ച് പിയുടെ പരിപാടിക്ക് അലഹബാദ് ഹൈക്കോടതി ലൈബ്രറി ഹാള്‍ അനുവദിച്ചതും ചടങ്ങില്‍ രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ പങ്കെടുത്തതും. ജസ്റ്റിസുമാരായ ശേഖര്‍ കുമാര്‍ യാദവ്, ദിനേശ് പഥക് എന്നിവരാണ് പരിപാടിയില്‍ സംബന്ധിച്ചത്. ഹിന്ദുത്വ അജന്‍ഡകളായ വഖ്ഫ് ബോര്‍ഡ് നിയമം, മതപരിവര്‍ത്തനം എന്നിവയായിരുന്നു വി എച്ച് പിയുടെ ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയിലെ ചര്‍ച്ചാ വിഷയങ്ങള്‍.

ഏക സിവില്‍കോഡ്, മുത്വലാഖ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദുത്വ അജന്‍ഡകളെ അനുകൂലിച്ച് പ്രസംഗിക്കുക വഴി തങ്ങളുടെ സംഘ്പരിവാര്‍ കൂറ് വെളിപ്പെടുത്തുകയും ചെയ്തു ജഡ്ജിമാര്‍. ഇന്ത്യ ഭരിക്കേണ്ടത് ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളുടെ അഭിപ്രായവും ഇംഗിതവും പരിഗണിച്ചായിരിക്കണമെന്നാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പ്രസംഗിച്ചത്. ഹിന്ദു മതത്തെ അദ്ദേഹം മഹത്വവത്കരിക്കുകയും ഇസ്‌ലാമിനെ താറടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു കോടതി വിധിക്കിടെ, പശു ഓക്‌സിജന്‍ ശ്വസിക്കുകയും ഓക്‌സിജന്‍ മാത്രം പുറത്തു വിടുകയും ചെയ്യുന്ന ജീവിയാണെന്ന വിഡ്ഢിത്തം പറഞ്ഞ “ന്യായാധിപന്‍’ കൂടിയാണ് ശേഖര്‍ കുമാര്‍ യാദവ്.
മതേതര രാജ്യമാണ് ഇന്ത്യ. ഭൂരിപക്ഷ മതസ്ഥരുടെ ഇംഗിതം അനുസരിച്ചല്ല, മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന, ജനാധിപത്യ വ്യവസ്ഥയില്‍ ഊന്നിയ ഭരണഘടന അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഭരണം നടത്തേണ്ടത്. ന്യായാധിപ പദവിയില്‍ ഇരിക്കുന്നവര്‍ ഉള്‍ക്കൊള്ളുകയും നടപ്പാക്കുകയും ചെയ്യേണ്ട രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളോട് പുറംതിരിഞ്ഞു കൊണ്ടായിരുന്നു ശേഖര്‍ യാദവിന്റെ പ്രസംഗമത്രയും. ഹിന്ദുത്വരും ന്യൂനപക്ഷ മതസ്ഥരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്ന കേസുകള്‍ക്ക് ഇത്തരക്കാരുടെ ബഞ്ചില്‍ എങ്ങനെയാണ് നീതിപൂര്‍വമായ തീര്‍പ്പുണ്ടാകുക?

ന്യായാധിപര്‍ ഹിന്ദുത്വയോട് കൂറ് കാണിക്കുന്ന സംഭവങ്ങള്‍ക്ക് രാജ്യം നേരത്തേയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുത്വലാഖ്, ബാബരി മസ്ജിദ് ധ്വംസനം, ഹിജാബ്, അയോധ്യ ഭൂമി കേസ്, കാശി ഗ്യാന്‍വ്യാപി മസ്ജിദ് സമുച്ഛയത്തില്‍ സര്‍വേക്ക് അനുമതി നല്‍കിയ വാരാണസി കോടതി ഉത്തരവ്, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം തുടങ്ങിയവയിലെല്ലാം ജുഡീഷ്യറിയെ നിയന്ത്രിക്കുന്നവരുടെ ഈ മനോഭാവം വ്യക്തമാകുന്നുണ്ട്്. മുത്വലാഖ് കേസില്‍ ഏതെങ്കിലും വിവാഹമോചിത സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നില്ല, സുപ്രീം കോടതി സ്വമേധയാ ആണ് വിഷയം പരിഹരിച്ചതും ഭരണഘടനാ വിരുദ്ധമെന്ന് വിധി പ്രസ്താവിച്ചതും. 2015 ഒക്ടോബറില്‍ ഹിന്ദു പിന്തുടര്‍ച്ചാ അവകാശവുമായി ബന്ധപ്പെട്ട കേസിന്റെ പരിഗണനാ വേളയിലാണ് മുത്വലാഖ് സംബന്ധമായ കേസ് കോടതി സ്വമേധയാ ഏറ്റെടുത്തത്. മുസ്‌ലിം സ്ത്രീകള്‍ ലിംഗവിവേചനത്തിനും ചൂഷണത്തിനും ഇരയാകുന്നുവെന്ന് പരാതിപ്പെട്ട് ജസ്റ്റിസ് എം കെ ഗോയല്‍ അധ്യക്ഷനായ ബഞ്ച് മുത്വലാഖ് വിഷയത്തില്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ലഭ്യമായിട്ടില്ലെന്നും ബാബരി മസ്ജിദ് തകര്‍ത്ത സംഭവം തീര്‍ത്തും അന്യായവും കുറ്റകരവുമാണെന്നും അയോധ്യാഭൂമി കേസില്‍ അഞ്ചംഗ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ് മസ്ജിദിന്റെ ഭൂമി ഹിന്ദുത്വര്‍ക്ക് രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുത്തത്. തീര്‍ത്തും അന്യായമായ വിധിപ്രസ്താവം. ഇതുകൊണ്ടാണ് അയോധ്യാ കേസില്‍ മതേതരത്വത്തിന് പരിഗണന ലഭിച്ചില്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി റോഹിംഗ്ടന്‍ നരിമാന് തുറന്നു പറയേണ്ടി വന്നതും. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട സി ബി ഐ കോടതി ജഡ്ജി സുരേന്ദ്ര യാദവിന് വിരമിച്ച ഉടനെ ലോകായുക്തയില്‍ ഡെപ്യൂട്ടിയായി ജോലി ലഭിച്ചതെങ്ങനെ എന്ന നരിമാന്റെ ചോദ്യവും അര്‍ഥവത്താണ്. ജുഡീഷ്യറിയുടെ ഭരണകൂട വിധേയത്വത്തിലേക്കുള്ള ശക്തമായ വിരല്‍ ചൂണ്ടലായിരുന്നു അത്.
കര്‍ണാടകയില്‍ ഹിജാബ് നിരോധം ശരിവെച്ച് കോടതി വിധി വന്ന ഘട്ടത്തില്‍ തന്നെയാണ് സിഖ് മതസ്ഥര്‍ക്ക് എയര്‍പോര്‍ട്ടിലും മറ്റു പൊതുയിടങ്ങളിലും അവരുടെ മതാചാരമായ കൃപാണ്‍ അനുവദിച്ചു കൊണ്ടുള്ള കോടതി വിധി വരുന്നത്. ആഭ്യന്തര വിമാനങ്ങളില്‍ കൃപാണുമായി യാത്ര ചെയ്യുന്നത് സിവില്‍ ഏവിയേഷന്‍ സുരക്ഷാ പ്രോട്ടോകോളുകള്‍ക്ക് വിരുദ്ധമാണ്. നിരവധി കൊലപാതക കേസുകളില്‍ കൊലക്ക് ഉപയോഗിച്ച ആയുധം കൃപാണ്‍ ആയിരുന്നുവെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിക്കുകയുമുണ്ടായി. കത്തി രൂപത്തിലുള്ള കൃപാണില്‍ കാണാത്ത എന്ത് സുരക്ഷാ ഭീഷണിയാണാവോ ഹിജാബ് എന്ന തുണിക്കഷ്ണത്തില്‍ ജുഡീഷ്യറി കാണുന്നത്?
നിഷ്പക്ഷത, ആരോടും വിധേയമില്ലാത്ത സ്വതന്ത്ര സ്വഭാവം, തീര്‍ത്തും നീതിയിലും ന്യായത്തിലും അധിഷ്ഠിതമായ വിധിപ്രസ്താവം എന്നിവയാണ് ജുഡീഷ്യറിക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങള്‍. സമ്മര്‍ദങ്ങളില്‍ നിന്നും വിധേയപ്പെടലുകളില്‍ നിന്നും പൂര്‍ണമായി മോചിതമായെങ്കിലേ ന്യായാധിപന്മാര്‍ക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനും വിധിപ്രസ്താവം നടത്താനും സാധിക്കുകയുള്ളൂ. ന്യായാധിപന്മാര്‍ക്ക് ഏതെങ്കിലും മതത്തോടോ ആശയങ്ങളോടോ സിദ്ധാന്തങ്ങളോടോ ആഭിമുഖ്യമുണ്ടായേക്കാം. അതുപക്ഷേ നീതിപീഠത്തില്‍ ഉപവിഷ്ടരാകുമ്പോള്‍ മാറ്റിവെക്കേണ്ടതുണ്ട്. പൊതുവേദികളില്‍ തങ്ങളുടെ വിഭാഗീയ, വര്‍ഗീയ ചിന്താഗതി പ്രകടിപ്പിക്കുകയും അരുത്. അത് ജുഡീഷ്യറിയുടെ നിഷ്പക്ഷ സ്വഭാവം ഇല്ലാതാക്കുകയും ജനങ്ങള്‍ക്ക് നീതിപീഠങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും.



source https://www.sirajlive.com/judiciary-should-not-be-subjected-to-hinduism.html

Post a Comment

Previous Post Next Post