അൽ യഖീൻ സിമ്പോസിയത്തിന് പ്രൗഢ തുടക്കം

പാലക്കാട് | സാമൂഹികോത്കർഷത്തിന്റെ അഭിമാന ദശകങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന ഹസനിയ്യ ട്രൈസിന കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അൽ യഖീൻ സിമ്പോസിയത്തിന് പ്രൗഢ തുടക്കം. ഹസനിയ്യ ക്യാമ്പസിൽ നടക്കുന്ന രണ്ട് ദിവസത്തെ സിമ്പോസിയം സമസ്ത സെക്രട്ടറി മുഹ്്യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

സമകാലിക ലോകത്തെ വിവിധ മുസ്‌ലിം സമൂഹങ്ങളിൽ നടക്കുന്ന വിശ്വാസ, ആത്മീയ രംഗത്തെ പുതിയ വികാസങ്ങളെയും ആലോചനകളെയും അതിനോടുള്ള പാരമ്പര്യ ഇസ്‌ലാമിന്റെ പ്രതികരണവും ചർച്ച ചെയ്യുന്ന സിമ്പോസിയത്തിന് പ്രമുഖ പണ്ഡിതന്മാരും അക്കാദമിക് വിദഗ്ധരുമാണ് നേതൃത്വം നൽകുന്നത്.

പാശ്ചാത്യ തത്ത്വ ചിന്തയെയും മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഭാഗമായ ഇൽമുൽ കലാമിനെയും മുൻനിർത്തിയുള്ള ആലോചനകളിലൂടെ വിജ്ഞാനത്തിന്റെ ഇസ്‌ലാമികവത്കരണം സാധ്യമാക്കുക എന്നതാണ് സിമ്പോസിയത്തിന്റെ ലക്ഷ്യം.
ഇന്നലെ നടന്ന വിവിധ സെഷനുകളിൽ ശൗക്കത്ത് നഈമി ബുഖാരി, ആരിഫ് ബുഖാരി, ഇബ്‌റാഹീം സഖാഫി ചിറക്കൽപടി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, ഹസൻ ബാഖവി പല്ലാർ, ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി, സഫീർ താനാളൂർ, അബ്ദുൽ ബാരി സിദ്ദീഖി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം അധ്യക്ഷത വഹിച്ചു. ഹസനിയ്യ അക്കാദമിക് കോ- ഓഡിനേറ്റർ സാബിത്ത് അൽ ഹസനി പള്ളിക്കുന്ന് ആമുഖഭാഷണം നടത്തി.
ഇന്ന് നടക്കുന്ന സെഷനുകൾക്ക് സിബ്ഗത്തുല്ലാഹ് സഖാഫി, അബ്ദുൽ ജലീൽ സഅദി രണ്ടത്താണി, ജലീൽ സഖാഫി ചെറുശ്ശോല, ശുഐബുൽ ഹൈതമി, കെ കെ അബൂബക്കർ മുസ്്ലിയാർ താഴെക്കോട്, ഐ എം കെ ഫൈസി കല്ലൂർ, ഇബ്‌റാഹീം സഖാഫി മേൽമുറി തുടങ്ങിയവർ നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സിമ്പോസിയം ഇന്ന് വൈകിട്ട് സമാപിക്കും.



source https://www.sirajlive.com/al-yakeen-symposium-kicks-off-with-a-bang.html

Post a Comment

Previous Post Next Post