കോഴിക്കോട് | മലയാള കഥയുടെ ഗോപുര നട അടഞ്ഞു. എം ടി എന്ന ദ്വയാക്ഷരി സഞ്ചരിച്ച കാലം പൊലിഞ്ഞു. മലയാളത്തിന്റെ അക്ഷര വസന്തം എം ടി വാസുദേവന്‍ നായര്‍ ഓര്‍മയായി. 91 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ. ഭൗതിക ദേഹം വ്യാഴാച്ച വൈകീട്ട് നാല് മണി വരെ കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയായ സിത്താരയിൽ പൊതുദർശനത്തിന് വെക്കും.
ഒരു മാസത്തിനിടെ എം ടി പല തവണ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചുനാളുകളായി അലട്ടിയിരുന്നു. പത്ത ദിവസത്തെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. വെള്ളിയാഴ്ച ഹൃദയസ്തംഭനം ഉണ്ടായതോടെ ആരോഗ്യ നില ഗുരുതരമായി.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ സുധീര്‍ഘമായ കാലം മലയാള സാഹിത്യ മണ്ഡലത്തില്‍ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി നിറഞ്ഞുനിന്നു. പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈയിലായിരുന്നു ജനനം. എം ടി എന്ന ചുരുക്കപ്പേരില്‍ മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അധ്യാപകന്‍, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം മുതലായ ഉന്നത പുരസ്‌കാരങ്ങള്‍ ലഭിച്ചു.
പുന്നയൂര്‍ക്കുളത്തുക്കാരനായ ടി നാരായണന്‍ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എം ടിയുടെ അച്ഛന്‍ ജോലി സംബന്ധമായി സിലോണിലായിരുന്നു. അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണില്‍ നിന്നു മടങ്ങി വരുന്ന അച്ഛന്‍ ഒരു പെണ്‍ കുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓര്‍മ്മയ്ക്ക് എന്ന കൃതിയില്‍ അത്യന്തം വൈകാരികമായി എം ടി പകര്‍ന്നുവച്ചു. ഈ പെണ്‍ കുട്ടി ആരെന്ന് എം.ടി പറയുന്നില്ലെങ്കിലും എം ടിയുടെ അച്ഛന് പ്രഭാകരന്‍ എന്നൊരു മകന്‍ സിലോണിലെ ഭാര്യയില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.
കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌ക്കൂള്‍ അധ്യാപകനായി ജോലി ചെയ്തു. 1954ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളിലും പിന്നീട് ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലുമാണ് അധ്യാപകനായിരുന്നത്. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം ബി ട്യൂട്ടോറിയലിലും അധ്യാപകനായി ജോലിനോക്കി. ഇതിനിടയില്‍ തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ച് ട്യൂട്ടോറിയലില്‍ തിരിച്ചെത്തി. തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു.
ഔദ്യോഗിക ജീവിതം കൂടുതലും കോഴിക്കോടായിരുന്നു. 1965ല്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയെ വിവാഹംചെയ്തു. 1977ല്‍ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയെയും വിവാഹം ചെയ്തു. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ ‘സിതാര’യിലാണ് താമസം. മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ബിസിനസ് എക്സിക്യൂട്ടീവാണ്. ന്യൂജഴ്സിയില്‍ താമസിക്കുന്നു. രണ്ടാമത്തെ മകള്‍ അശ്വതി നര്‍ത്തകിയാണ്.
സ്‌കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങിയിരുന്നു. കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയില്‍ കഥകള്‍ അച്ചടിച്ച് വന്നു. വിക്‌റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം ടി യുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.
‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യ നോവല്‍ പരമ്പരായായി പുറത്തുവന്നു. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയാക്കി എ ടി ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയില്‍ ദേശീയപുരസ്‌കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം'(1970കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), ‘രണ്ടാമൂഴം’ (1985വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്) എന്നീ ഉന്നത പുരസ്‌കാരങ്ങള്‍ ലഭിച്ചു. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയപുരസ്‌കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്‌കാരവും എം ടിക്ക് തന്നെയായിരുന്നു. രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും അനിശ്ചിതമായി നീണ്ടുപോയതിനാല്‍ സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാര്‍ മേനോനുമായുള്ള കോടതി വ്യവഹാരത്തില്‍ പദ്ധതി നിര്‍ത്തി വെച്ചു.
മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ല്‍ പത്മഭൂഷണ്‍ നല്‍കി എംടിയെ ഭാരതസര്‍ക്കാര്‍ ആദരിച്ചു.എം ടിയുടെ കൃതികള്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ എം ടി വഹിച്ചു. 1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതല്‍ തുഞ്ചന്‍ സ്മാരക സമിതി അധ്യക്ഷനാണ്.
നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. രണ്ടാമൂഴം, മഞ്ഞ് , കാലം, നാലുകെട്ട് , അസുരവിത്ത് , വിലാപയാത്ര , പാതിരാവും പകല്‍ വെളിച്ചവും, വാരണാസി എന്നിവയാണ് എം ടിയുടെ പ്രധാന നോവല്‍. എന്‍ പി മുഹമ്മദുമായി ചേര്‍ന്ന് അറബിപ്പൊന്ന് എന്ന നോവലും എഴുതി.
ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍-എസ്-സലാം, രക്തം പുരണ്ട മണ്‍ തരികള്‍, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്, ഓപ്പോള്‍, നിന്റെ ഓര്‍മ്മയ്ക്ക്, വിത്തുകള്‍, കര്‍ക്കിടകം, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാലിഖിതം, കുപ്പായം എന്നിവയാണ് കഥാ സമാഹാരങ്ങള്‍.
ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, നഗരമേ നന്ദി, അസുരവിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, സദയം, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്‌വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം, പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി എന്നിവയാണ് തിരക്കഥകള്‍.
നിര്‍മ്മാല്യം (1973), മഞ്ഞ് (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ സിനിമകളും തകഴി, മോഹിനിയാട്ടം എന്നീ ഡോക്യുമെന്ററികളും എം ടി ഒരുക്കി.
ഗോപുരനടയില്‍ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും ജാലകങ്ങളും കവാടങ്ങളും, വന്‍കടലിലെ തുഴവള്ളക്കാര്‍, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം, ആള്‍ക്കൂട്ടത്തില്‍ തനിയെ, മനുഷ്യര്‍ നിഴലുകള്‍ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികള്‍.
source https://www.sirajlive.com/the-days-of-mt-are-over-2.html
إرسال تعليق