തൃശൂർ | നിർമാണാത്മകതയുടെ പുതിയ ദിശ സമ്മാനിച്ച് എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് അത്യുജ്ജ്വല പരിസമാപ്തി. നൂറുൽ ഉലമ ഡയലിൽ നടന്ന സമ്മേളനം സർഗാത്മക വികസനത്തിന്റെ ബഹുമുഖ പദ്ധതികൾക്ക് ശിലപാകി. എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഉത്തരവാദിത്വം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിലൂന്നി ഒരു വർഷം നിണ്ട ക്യാമ്പയിനിനാണ് തൃശൂരിലെ ചരിത്ര നഗരിയിൽ കൊടിയിറങ്ങിയത്.
ചിന്തയുടെ അലകടലിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് പുതിയ ആവേശവും ആത്മവിശ്വാസവും നേടിയെടുത്ത് ധാർമിക യൗവനം ചരിത്ര നഗരിയോട് വിടപറഞ്ഞു. പുതിയ കാലത്തിനൊത്ത ആശയങ്ങളും അറിവും നൽകി കടഞ്ഞെടുത്ത ധാർമിക പടയണി പുതുശോഭയോടെ ഇനി പ്രബോധന വീഥിയിലിറങ്ങും. സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന മഹത്തായ പ്രഖ്യാപനത്തോടെ സമാപന സമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളായി പ്രവർത്തിക്കുന്നു എങ്കിലും സുന്നികൾക്കിടയിൽ ഇപ്പോൾ ഭിന്നതകളില്ലെന്നും സുന്നി ആശയം ദുർബലപ്പെടുത്താൻ ആരും കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. വഖ്ഫ് മന്ത്രി വി അബ്ദുർറഹ്‌മാൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജോയ് ആലുക്കാസ് അതിഥികളായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ഫസൽ തങ്ങൾ, റഹ്‌മത്തുല്ല സഖാഫി എളമരം, എൻ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സാദിഖ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഫിർദൗസ് സഖാഫി കടവത്തൂർ, സമീർ എറിയാട് സംസാരിച്ചു.
പ്രൗഢം
മൂന്നാം ദിനത്തിൽ ഇന്നലെയും വേദികൾ പ്രൗഢമായി. കുത്തഴിഞ്ഞ ലിബറൽ ബോധങ്ങൾക്കും തീവ്രവാദം, ഭീകരത, വർഗീയത എന്നിവക്കെതിരെ അക്ഷീണം പ്രയത്നിക്കുമെന്നും മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപ്പിനും സമാധാനപൂർണമായ ജീവിതത്തിനും വേണ്ടി പ്രയത്നിക്കുമെന്നും പ്ലാറ്റ്യൂൺ അസംബ്ലിയിൽ അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
“ഉലമാ ജീവിതം ധൈഷണിക ആവിഷ്‌കാരങ്ങൾ’ സെഷനിൽ, ഏഴ് മഹാരഥന്മാരുടെ ജീവിത പശ്ചാത്തലത്തെ കുറിച്ചും അവരുടെ സാമൂഹിക ഇടപെടലുകളെ കുറിച്ചും ചർച്ച ചെയ്തു.
“ജനാധിപത്യ ഇന്ത്യയുടെ വർത്തമാനം’ സെഷനിൽ മാധ്യമ പ്രവർത്തകർ വെങ്കിടേഷ് രാമകൃഷ്ണൻ, രാജീവ് ശങ്കരൻ സംവദിച്ചു. മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് “സാമൂഹിക പ്രവർത്തനത്തിന്റെ രചനാത്മകത’ എന്ന വിഷയത്തിൽ സംസാരിച്ചു. “സ്വതന്ത്രചിന്തയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ കെ സി സുബിൻ, ശ്രീജിത്ത് ദിവാകരൻ, ഡോ. അബൂബക്കർ സംസാരിച്ചു. ഗതാഗത വികസനത്തെ കുറിച്ചുള്ള ചർച്ചയിൽ സി പി ജോൺ, മുസ്തഫ പി എറയ്ക്കൽ പങ്കെടുത്തു. “വല്ലാത്ത കഥകളുടെ വെബിനിവേശം’ സെഷനിൽ ബാബു രാമചന്ദ്രൻ, രാംമോഹൻ പാലിയത്ത് സംസാരിച്ചു. കേരളത്തിലെ തൊഴിലവസ്ഥകളെ കുറിച്ച് മുൻ മന്ത്രി എ സി മൊയ്തീൻ സംസാരിച്ചു. ചരിത്ര സമ്മേളനം പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
പ്രബന്ധങ്ങൾ
ചരിത്ര ഗവേഷകരായ ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. അഭിലാഷ് മലയിൽ, ഡോ. വിനിൽ പോൾ, ഡോ. അബ്ബാസ് പനക്കൽ, ഡോ. സകീർ ഹുസൈൻ, ഡോ. കെ എ നുഐമാൻ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. “വായന നിർമിക്കുന്ന മനുഷ്യൻ’ എന്ന സാംസ്‌കാരിക സംവാദത്തിൽ കെ സി നാരായണൻ, ഡോ. അബൂബക്കർ പങ്കെടുത്തു. “നിരക്ഷരരുടെ കേരളം’ എന്ന വിഷയത്തിൽ സജയ് കെ വി, മുഹമ്മദ് ശരീഫ് സംസാരിച്ചു.
സമാപനം
വിവിധ ജില്ലകളിൽ നിന്നായി പതിനായിരം സ്ഥിരം പ്രതിനിധികളും അത്രയും അതിഥി പ്രതിനിധികളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ ആശയങ്ങളിൽ പ്രതിദിന സായാഹ്ന പൊതുസമ്മേളനം, ഫ്യൂച്ചർ കേരള സമ്മിറ്റ്, നെക്സ്റ്റ് ജെൻ കോൺക്ലേവ്, ഹിസ്റ്ററി ഇൻസൈറ്റ്, യംഗ് ഇന്ത്യ സിമിനോസിയം എന്നിവയിലൂടെ സാമൂഹിക വികസനവും സമുദ്ധാരണവും ലക്ഷ്യം വെക്കുന്ന പഠനങ്ങളും സംവാദങ്ങളും നടത്തി.
source https://www.sirajlive.com/youth-witness-sys-kerala-youth-conference-concludes.html
Post a Comment