മലപ്പുറം| മുനമ്പം വിഷയത്തിൽ നേതാക്കൾക്കിടയിൽ ഭിന്നസ്വരങ്ങൾ നിലനിൽക്കെ പ്രശ്നത്തിൽ പരസ്യ പ്രസ്താവന വിലക്കി മുസ്്ലിം ലീഗ്. ഇക്കാര്യത്തിൽ സർക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും ഇവിടത്തെ താമസക്കാരെ കൂടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ലീഗ് ആദ്യംതന്നെ വ്യക്തമാക്കിയതാണെന്ന് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്്ലിം സംഘടനകളുമായി ചർച്ച ചെയ്ത ശേഷമാണ് ലീഗ് നിലപാട് പറഞ്ഞത്. അതല്ലാത്ത അഭിപ്രായങ്ങൾ ലീഗിന്റേതല്ല. ഇനി ഇക്കാര്യത്തിൽ മറ്റൊരു പ്രതികരണമുണ്ടാകില്ല. നേതാക്കളിൽ നിന്ന് പരസ്യ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല.
സാമുദായിക സൗഹാർദത്തിന് മുൻഗണന നൽകുന്നതാണ് ലീഗ് നയം. രാഷ്ട്രീയ നേട്ടത്തിനായി അതിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം ഇടതുപക്ഷം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ പാടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുനമ്പം ഭൂമി പ്രശ്നം രമ്യമായിപരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ലീഗിന് സ്വന്തം നേതാക്കൾക്കിടയിലെ ഭിന്നസ്വരം തലവേദനയായതോടെയാണ് പരസ്യ പ്രസ്താവന തന്നെ ലീഗ് തടഞ്ഞത്.
വിഷയം സാമുദായിക ചേരിതിരിവിലേക്ക് കടക്കാതിരിക്കാൻ നേതൃത്വം നടത്തിയ സമവായ ഇടപെടലിന്റെ വിശ്വാസ്യതയും ഇതോടെ സംശയത്തിന്റെ നിഴലിലാണ്. അത് തിരിച്ചറിഞ്ഞാണ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി തങ്ങൾ തന്നെ വിലക്ക് പ്രഖ്യാപിച്ചത്.
അതേസമയം, വഖ്ഫ് ഭൂമിയാണോ അല്ലെയോ എന്ന ചോദ്യത്തിന്, ഇന്നലെ രാവിലെ സ്വാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും മാധ്യമ പ്രവർത്തകർ കണ്ടപ്പോഴും കൃത്യമായ മറുപടി പറഞ്ഞിരുന്നില്ല. വിഷയത്തിൽ ലീഗിന് ആശയക്കുഴപ്പമില്ലെന്ന് വ്യക്തമാക്കി സ്വാദിഖലി തങ്ങൾ സർക്കാർ തീരുമാനം വൈകുന്നതുകൊണ്ടാണ് പലരും അനാവശ്യ കാര്യങ്ങൾ വിളിച്ചുപറയുന്നതെന്നും കൂട്ടിച്ചേർത്തു.
source https://www.sirajlive.com/league-bans-public-statement.html
إرسال تعليق