ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് വഖഫ് കേസിൽ നിന്ന് പിൻമാറണം: നാഷണൽ ലീഗ്

കോഴിക്കോട് | മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ അതിൻ്റെ നടപടികളുമായി മുന്നോട്ടു പോവുകയുംചെയ്യുന്ന സാഹചര്യത്തിൽ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് സ്ഥാപിക്കാൻ കോടതി കയറുന്ന ഫാറൂഖ് കോളേജ് മാനേജ്മെൻറ് നടപടി അനവസരത്തിലുള്ളതും അംഗീകരിക്കാനാവാത്തതുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

മുനമ്പം ഭൂമി വഖഫാണെന്ന് നേരത്തെ വിവിധ കോടതികളിൽ തങ്ങൾ നൽകിയ മൊഴികൾ തിരുത്തിക്കിട്ടാനും വഖഫായി ലഭിച്ച ഭൂമി സ്വകാര്യമായും നിയമവിരുദ്ധമായും മറിച്ച് വിറ്റതിനും ന്യായീകരണമുണ്ടാക്കുവാനുമാണ് കോളേജ് മാനേജ്മെൻ്റ് വ്യവഹാര നടപടികളുമായി കൊണ്ടു പിടിക്കുന്നത്. ഇത് കോളേജിൻ്റെ പൊതുമുതൽ അന്യായമായി നഷ്ടപ്പെടുത്തതിന് തുല്യമാണ്. ഈ നിലപാടിനെ അംഗീകരിക്കാനാവില്ല. ജുഡീഷ്യൽ കമ്മീഷൻ്റെ റിപ്പോർട്ട് വരുന്നത് വരെയെങ്കിലും കോളേജ് മാനേജ്മെൻ്റിന് കാത്ത് നിൽക്കാനാവില്ലെങ്കിൽ, പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധ മാർച്ചുൾപ്പെടെയുള്ള സമര പരിപാടികൾക്ക് നാഷണൽ ലീഗ് മുന്നിട്ടിറങ്ങുമെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് അദ്യക്ഷത വഹിച്ചു. സി പി നാസർ കോയ തങ്ങൾ, ബഷീർ ബഡേരി, എൻ കെ അബ്ദുൽ അസീസ്, കെ പി ഇസ്മായിൽ, ഒ പി ഐ കോയ, സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, ശർമ്മദ് ഖാൻ , സി എച്ച് മുസ്തഫ ,ഒ പി റഷീദ് , റഫീഖ് അഴിയൂർ , സാലിഹ് മേടപ്പിൽ,തുടങ്ങിയവർ പ്രസംഗിച്ചു.



source https://www.sirajlive.com/farooq-college-management-should-withdraw-from-waqf-case-national-league.html

Post a Comment

Previous Post Next Post