തൃശൂർ| രാജ്യം നേരിടുന്ന പൊതുവായ വിഷയങ്ങളിൽ യോജിച്ചു പ്രവർത്തിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് രാഷ്ട്രീയ യുവജന സംഘടനാ നേതാക്കൾ. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പാറേരി എന്നിവരാണ് ഈ ആശയം പങ്കുവെച്ചത്.
എസ് വൈ എസ് കേരള യുവജന സമ്മേളനത്തിൽ നടന്ന യുവകേരളത്തിന്റെ ഉത്തരവാദിത്തം എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. അതേസമയം, സംഘടനകൾ തമ്മിലുള്ള ആശയ വ്യത്യാസങ്ങളുടെ ചർച്ചാവേദികൂടിയായി സെഷൻ.
തൊഴിലില്ലായ്മ, വർഗീയത, ലഹരി വ്യാപനം ഉൾപ്പെടെ ഒരുമിച്ചുനിൽക്കാവുന്ന അനേകം മേഖലകളുണ്ട്. ദേശീയതലത്തിൽ ഈ കൂട്ടായ്മ നിലവിലുണ്ട്. എന്നാൽ, കേരളത്തിലെ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് കൂട്ടായ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത്.
സംഘ്പരിവാറിന് സഹായകമാകുന്ന പ്രസ്താവനകൾ നടത്തി മതേതര കേരളത്തെ നിരാശപ്പെടുത്തുകയും പിൻവാതിൽ നിയമനത്തിലൂടെ യുവാക്കളുടെ അവസരം നിഷേധിക്കുകയും ചെയ്യുന്ന ഇടതുപക്ഷവുമായി ചേർന്ന് സമരത്തിനിറങ്ങുന്നത് പരിഹാസ്യമായിരിക്കുമെന്ന് പി കെ ഫിറോസ് പറഞ്ഞു. എന്നാൽ, ചില പ്രത്യേക സംഘടനകൾക്കെതിരെ നടത്തുന്ന പ്രസ്താവനകളെ സമുദായത്തിനാകെയും എതിരാണെന്നു വരുത്തുകയാണ് യു ഡി എഫ് എന്നും ഇന്ത്യയിൽ ഏറ്റവുമധികം പി എസ് സി നിയമനങ്ങൾ നടന്നത് കേരളത്തിലാണെന്നും വി കെ സനോജ് പ്രതികരിച്ചു.
തങ്ങൾക്കൊപ്പം നിൽക്കുമ്പോൾ മതേതരവാദികളും അല്ലാത്തപ്പോൾ വർഗീയവാദികളും എന്ന ഇരട്ടത്താപ്പാണ് സി പി എമ്മിനെ നയിക്കുന്നതെന്ന് അബിൻ വർക്കി പറഞ്ഞു.
രാഷ്ട്രീയമായ അഭിപ്രായഭേദങ്ങൾ നിലനിർത്തി വിശാലമായ യോജിപ്പിന്റെ ഇടങ്ങൾ കേരളത്തിലുണ്ടെന്ന് പ്രസാദ് പാറേരി പറഞ്ഞു.
മുഹമ്മദലി കിനാലൂർ മോഡറേറ്റർ ആയിരുന്നു.
source https://www.sirajlive.com/young-leaders-say-they-are-united-on-public-issues.html
Post a Comment