പെരിയ ഇരട്ടക്കൊലക്കേസ്: 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കാസര്‍കോട്| പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.  ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗുഢാലോചനയും തെളിഞ്ഞു.

2019 ഫെബ്രുവരി 17ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.ആറു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കു ശേഷമാണ് കൊച്ചി സിബിഐ കോടതി വിധി പറയുന്നത് . കേസില്‍ 270 സാക്ഷികളാണുള്ളത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്.

കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരന്‍, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍, ജിജിന്‍, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍.

കേസിലെ വിധി കേട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞിരുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ മാതാവ് ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവര്‍ പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് വ്യക്തമാക്കി.

 

 



source https://www.sirajlive.com/periya-double-murder-case-sentencing-of-14-accused-today.html

Post a Comment

Previous Post Next Post