യു ജി സി നിയമഭേദഗതി; പ്രക്ഷോഭത്തിന് കൈകോർക്കാൻ ഇടത്- വലത് മുന്നണികൾ

തേഞ്ഞിപ്പലം | സർവകലാശാലകളിൽ യു ജി സി പിടിമുറുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് ഭരണ- പ്രതിപക്ഷ മുന്നണികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. നിയമസഭയിൽ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കാനാണ് ആദ്യ നീക്കം.

കൂടാതെ രണ്ട് മുന്നണികളുടെയും നിയന്ത്രണങ്ങളിലുള്ള വിദ്യാർഥി-യുവജന സംഘടനകൾ, അധ്യാപക സംഘടനകൾ ഉൾപ്പെടെ മുഴുവൻ പോഷക സംഘടനകളെയും രംഗത്തിറക്കി സമര പ്രഖ്യാപനങ്ങൾ, വിശദീകരണ പൊതുയോഗങ്ങൾ, ലഘുലേഖാ വിതരണം, സർവകലാശാലാ ആസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ, രാജ്ഭവൻ മാർച്ച് തുടങ്ങിയവയിലൂടെ ജനകീയ ബോധവത്്കരണത്തിനും നീക്കമുണ്ട്. യു ജി സി പ്രതിനിധികളും ഗവർണർമാരും കേന്ദ്ര സർക്കാറിന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരായതിനാൽ സർവകലാശാല വൈസ് ചാൻസലർമാരായി കേന്ദ്ര താത്പര്യങ്ങൾക്കനുസരിച്ചുള്ളവരെ നിയമിക്കാമെന്നാണ് പുതിയ നിയമഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവരെ ഓരോ സംസ്ഥാനവും ഭരിക്കുന്നവരുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ളവരെ വി സിമാരായി നിയമിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ യു ജി സി യുടെ പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഇതിനു കഴിയില്ല. സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സംസ്ഥാന സർക്കാറുകളുടെ അധികാരമാണ് ചാൻസലറായ ഗവർണറിൽ നിക്ഷിപ്തമാക്കിയുള്ള യു ജി സി യുടെ കരട് ഭേദഗതി. കരട് നിർദേശത്തിൽ വ്യവസായ പ്രമുഖർക്കും വി സിയാകാമെന്ന കാര്യം നിലനിൽക്കുന്നതിനാൽ വ്യാജൻമാർ കടന്നുകൂടാൻ സാധ്യത ഏറെയാണ്.

ഏതെങ്കിലുമൊരു വ്യാജ കമ്പനി രജിസ്റ്റർ ചെയ്തവർക്ക് രാജ്യത്തെ ഏത് സർവകലാശാലയിലും വി സിയായി വരുന്നതിന് തടസ്സമുണ്ടാകില്ല. ഇപ്പോൾ തന്നെ വിവിധ സർവകലാശാലകളിൽ ഇത്തരത്തിൽ കമ്പനി രജിസ്റ്റർ ചെയ്ത് എം ഡി എന്ന പേരിൽ സെനറ്റിലും സിൻഡിക്കേറ്റിലും എത്തിയവരുണ്ട്. ഇവരുടെ പേരിലുള്ള കമ്പനികൾക്കൊന്നിനും പ്രവർത്തനശേഷി ഇല്ലാത്തതിനാൽ രേഖകളിൽ മാത്രമാണുള്ളത്. ഇതുപോലെ കോളജ് അധ്യാപകരാകാനുള്ള യോഗ്യതകളിലും ഇളവ് വരുത്തിയതിനാൽ അക്കാദമിക നിലവാരത്തകർച്ചക്കും കാരണമാകുമെന്നാണ് ആരോപണം. 2010 ലെ യു ജി സി റഗുലേഷനനുസരിച്ച് അസ്സി. പ്രൊഫസറാകാനുള്ള നൂറ് മാർക്കിൽ 70 മാർക്കും മുൻകാല അക്കാദമിക യോഗ്യതകൾക്കായിരുന്നു നൽകിയത്. 30 മാർക്ക് മാത്രമായിരുന്നു ഇന്റർവ്യൂ സമയത്ത് നൽകിയിരുന്നത്. യോഗ്യതയുള്ളവർക്ക് മാത്രം നിയമനം ലഭിക്കുന്ന രീതിയായിരുന്നു 2010 ലെ യു ജി സി റഗുലേഷൻ. എന്നാൽ 100 മാർക്ക് മുഴുവൻ ഇന്റർവ്യൂവിന് മാത്രം നൽകി കൊണ്ടുള്ളതായിരുന്നു 2018 ലെ യു ജി സി റഗുലേഷൻ. ഇതിലൂടെ അക്കാദമിക മികവുകൾക്ക് പകരം രാഷ്ട്രീയ പരിഗണനകൾക്കനുസരിച്ചായിരുന്നു അധ്യാപക നിയമനങ്ങൾ. 2025 ൽഒന്നുകൂടി ലളിതമാക്കിക്കൊണ്ട് നാല് വർഷ ഡിഗ്രി കഴിഞ്ഞവർക്ക് അസ്സി. പ്രൊഫസർ നിയമനത്തിന് നെറ്റ് തന്നെ വേണ്ടതില്ലെന്നാണ്. ഇത്തരത്തിൽ അക്കാദമിക മേഖലയാകെ കൈപ്പിടിയിലാക്കാനുള്ള നീക്കത്തിലേക്കാണ് യു ജി സി യുടെ പുതിയ നിയമഭേദഗതികൾ കൊണ്ടുചെന്നെത്തിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായിരിക്കും യു ജി സി നിയമഭേദഗതികൾക്കെതിരെ ഭരണ-പ്രതിപക്ഷ മുന്നണികൾ പ്രക്ഷോഭത്തിനിറങ്ങുന്നത്.



source https://www.sirajlive.com/ugc-act-amendment-left-and-right-fronts-join-hands-to-protest.html

Post a Comment

Previous Post Next Post