പോയ വര്‍ഷം അത്യന്തം അപകടകരമായ ചില പ്രവണതകളാല്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സംഭവിച്ച മാര്‍ഗഭ്രംശം എവിടെയും ചര്‍ച്ച ചെയ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നറിയില്ല. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷത്തിനിടെ നാല് തവണ ഭരണഘടനാ കോടതികളിലെ ന്യായാധിപര്‍ക്കെതിരെ തെറ്റായ സമീപനങ്ങളുടെ പേരില്‍ സുപ്രീം കോടതിക്ക് സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കേണ്ടി വന്നത്. ന്യായാധിപന്റെ വേദവാക്യമാകേണ്ടത് രാജ്യത്തിന്റെ ഭരണഘടനയാണെങ്കില്‍ അത് മാറ്റിവെച്ച് സ്വന്തം മുന്‍വിധികളും സങ്കുചിത മത, രാഷ്ട്രീയ താത്പര്യങ്ങളും നീതിന്യായ നിര്‍വഹണത്തിന്റെ ഏകകമായപ്പോഴാണ് പരമോന്നത കോടതിക്ക് ഇടപെടേണ്ടി വന്നത്. അസാധാരണ നിലയില്‍ ഒരാണ്ടിനിടെ ഭരണഘടനാ കോടതികളിലെ ന്യായാധിപര്‍ക്ക് പലകുറി ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കേണ്ടി വന്നു സുപ്രീം കോടതിക്കെന്ന കാര്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത് തന്നെ.
കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത് ഗംഗോപാധ്യായ 2024 മാര്‍ച്ചില്‍ പൊടുന്നനെ രാജിവെച്ചു. ബി ജെ പിയില്‍ ചേരാനാണ് താന്‍ രാജിവെച്ചതെന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയായിരുന്നു അയാള്‍. ഞാന്‍ ബി ജെ പിയെ സമീപിച്ചു, ബി ജെ പി എന്നെയും എന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ എത്ര ലാഘവത്തോടെയായിരുന്നു തന്റെ രാഷ്ട്രീയാശ്ലേഷത്തെ ആ ന്യായാധിപന്‍ വെളിപ്പെടുത്തിയത്. രാവിരുട്ടി പുലര്‍ന്നപ്പോഴേക്ക് ഗൗണും സ്യൂട്ടുമഴിച്ചു വെച്ച് കാവിപുതച്ച ന്യായാധിപന്‍ വഞ്ചിച്ചത് ഈ രാജ്യത്തിന്റെ ഭരണഘടനയെയാണ്. ഹയര്‍ ജുഡീഷ്യറിയിലെ കരിയറിലുടനീളം തന്റെ പക്ഷമേതെന്ന് പറഞ്ഞും പറയാതെയും കടന്നുപോയ വിവാദ നായകനാണ് അഭിജിത് ഗംഗോപാധ്യായ. മുന്നേ ഗമിച്ച ചില ന്യായാധിപരെ പോലെ ജഡ്ജിയായിരിക്കെ തന്നെ പ്രധാനമന്ത്രിയെ പ്രശംസയില്‍ പൊതിഞ്ഞിരുന്നു ഗംഗോപാധ്യായ. കല്‍ക്കത്ത ഹൈക്കോടതിയിലെ ന്യായാധിപ പദവിയില്‍ നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ രാജിവെച്ച് രാജ്യം ഭരിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന ന്യായാധിപന്റെ നിഷ്പക്ഷതയില്‍ കനമുള്ള സംശയങ്ങളുയര്‍ന്നിരുന്നു. ബി ജെ പിയുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ എത്രയോ കേസുകളില്‍ വിവാദ ന്യായാധിപന്‍ പുറപ്പെടുവിച്ച വിധികള്‍ പക്ഷപാതിത്വം നിറഞ്ഞതായിരുന്നെന്ന വസ്തുതകള്‍ പുറത്തുവന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിന് അഭിജിത് ഗംഗോപാധ്യായയെ സുപ്രീം കോടതി താക്കീത് ചെയ്തിരുന്നു. ഗംഗോപാധ്യായയുടെ ബഞ്ചില്‍ നിന്ന് കേസ് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു ഉന്നത നീതിപീഠം.
തന്റെ രാഷ്ട്രീയ പക്ഷപാതിത്വം തെളിഞ്ഞു കണ്ട വിധി സ്റ്റേ ചെയ്ത ഡിവിഷന്‍ ബഞ്ചിലെ ന്യായാധിപര്‍ക്കെതിരെ ഉറഞ്ഞുതുള്ളിയ ചരിത്രവുമുണ്ട് ഗംഗോപാധ്യായക്ക്. ന്യായാധിപനെന്ന നിലയില്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയ അഭിജിത് ഗംഗോപാധ്യായയുടെ അസാധാരണ വിധി സുപ്രീം കോടതി അഞ്ചംഗ ബഞ്ച് സ്റ്റേ ചെയ്തത് ഒരു ശനിയാഴ്ച സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തതും ഗംഗോപാധ്യായയുടെ അക്കൗണ്ടിലുണ്ട്.
മേല്‍ക്കോടതി വിധികളെ അംഗീകരിക്കല്‍ നീതിന്യായ അച്ചടക്കത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് രാജ്ബീര്‍ ഷെഹ്‌റാവത് ചില അസാധാരണ നടപടികള്‍ സ്വീകരിച്ചത്. താന്‍ തുടങ്ങിയ കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച ഷെഹ്‌റാവത് മറുത്തൊരു വിധി പുറപ്പെടുവിക്കുകയും ചെയ്തു. വിധി ദിവസം തന്നെ അത് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുക കൂടി ചെയ്തതോടെ സുപ്രീം കോടതി അഞ്ചംഗ ബഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ രണ്ട് വീഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വൈറലായിരുന്നു. കോടതി നടപടികള്‍ക്കിടെ ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു അതിലൊന്ന്. വനിതാ അഭിഭാഷകക്കെതിരെ അമാന്യമായ പരാമര്‍ശം നടത്തുന്നതായിരുന്നു മറ്റൊന്ന്. വ്യാപക വിമര്‍ശമുയര്‍ന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. തുടര്‍ന്ന് തുറന്ന കോടതിയില്‍ മാപ്പു പറഞ്ഞാണ് ശ്രീശാനന്ദ വിവാദത്തില്‍ നിന്ന് തലയൂരിയത്.
വി എച്ച് പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ഭൂരിപക്ഷ ഹിതപ്രകാരമായിരിക്കും രാജ്യം ഭരിക്കപ്പെടുകയെന്ന് ഊന്നിപ്പറഞ്ഞ് വര്‍ഗീയ വിഷം ചീറ്റിയ ന്യായാധിപനെതിരെ സുപ്രീം കോടതി കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അലഹബാദ് ഹൈക്കോടതിക്ക് നോട്ടീസയച്ച സുപ്രീം കോടതി കൊളീജിയത്തിന് മുമ്പാകെ വിവാദ ന്യായാധിപനെ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയാണുണ്ടായത്. അതേസമയം, പാര്‍ലിമെന്റിന്റെ ഇരു സഭകളിലും കപില്‍ സിബലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ ജഡ്ജിക്കെതിരെ ഇംപീച്ച്‌മെന്റ് നടപടി ആരംഭിക്കുകയും ചെയ്തിരുന്നു.
കുതിരയെപ്പോലെ പണിയെടുക്കുകയും സന്യാസിയെപ്പോലെ ജീവിക്കുകയും ചെയ്യേണ്ടവരാണ് ന്യായാധിപരെന്ന ഒരു ചൊല്ലുണ്ട് നീതിന്യായ ലോകത്ത്. സാമൂഹിക മാധ്യമങ്ങള്‍ ഉണര്‍ന്നിരിക്കുന്ന കാലത്ത് ന്യായാധിപര്‍ ദൃശ്യതക്ക് പൂതിവെക്കുന്നതും സ്വയം നിയന്ത്രണം പാലിക്കാതിരിക്കുന്നതും അപകടകരമാണ്. രാജ്യത്തെ സാധാരണ പൗരന്മാര്‍ ആസ്വദിക്കുന്ന പല സ്വാതന്ത്ര്യങ്ങളും ഒരു ന്യായാധിപന്‍ ത്യജിക്കേണ്ടി വരും. സ്വന്തം പ്രത്യയശാസ്ത്ര ബോധ്യങ്ങള്‍ക്കും വ്യക്തി താത്പര്യങ്ങള്‍ക്കുമപ്പുറത്ത് ഭരണഘടനയെ മനസ്സില്‍ പ്രതിഷ്ഠിക്കേണ്ടവരാണ് ന്യായാധിപര്‍. നിഷ്പക്ഷവും സ്വതന്ത്രവുമായ വിധികര്‍തൃത്ത്വത്തിലാണ് നീതിനിര്‍വഹണത്തിന്റെ ആത്മാവ് കുടികൊള്ളുന്നതെന്ന തിരിച്ചറിവാണ് നമ്മുടെ ന്യായാധിപര്‍ക്ക് ഉണ്ടാകേണ്ടത്.
source https://www.sirajlive.com/the-judge-39-s-side-should-be-that-of-justice-only.html
Post a Comment