തിരുവനന്തപുരം | അഞ്ച് പകലിരവുകള്‍ താളമേളലയങ്ങളില്‍ നിറച്ച കൗമാര കലോത്സവം തലസ്ഥാന നഗരിയോട് വിടപറഞ്ഞു. മൊഞ്ചേറും ഇശലൊഴുക്കില്‍ കൊട്ടിക്കയറിയ ദഫും അറബനയും നൂപുരമണിഞ്ഞ നടനവൈഭവങ്ങളും ഭാവവേഷപ്പകര്‍ച്ചയില്‍ മനംനിറച്ച നാടന്‍കലകളും ഭാഷാ വൈവിധ്യത്താല്‍ വിസ്മയം തീര്‍ത്ത സാഹിത്യ സൃഷ്ടികളുമെല്ലാം ഇനി ആസ്വാദകരുടെ മനസ്സില്‍.
പതിവ് തെറ്റിച്ച് അപ്പീലുകളുടെ പ്രവാഹമുണ്ടായില്ല. വിധി നിര്‍ണയം സംബന്ധിച്ച പരാതികളില്ല. മത്സരങ്ങള്‍ പരമാവധി സമയനിഷ്ഠ പാലിച്ച് തുടങ്ങിയതിനാല്‍ രാത്രി വൈകാതെ അവസാനിച്ചു. സമാപന ദിനം ഉച്ചയോടെ ഒന്നാംവേദിയിലെ മത്സരങ്ങള്‍ തീര്‍ക്കാനായി. ഉച്ചക്ക് മൂന്നോടെ 25 വേദികളിലെയും അരങ്ങൊഴിഞ്ഞു. പരിഭവമേതുമില്ലാതെ 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചു.
ഉരുള്‍ തുടച്ചുനീക്കിയ വയനാട്ടിലെ ദുരന്തഭൂമിയിലെ കുരുന്നുകള്‍ ഉള്‍പ്പെടെ 15,000 പ്രതിഭകളാണ് വൈവിധ്യമാര്‍ന്ന കലകള്‍ അരങ്ങിലെത്തിച്ചത്. മംഗലംകളി, പണിയ നൃത്തം, പളിയനൃത്തം, മലപ്പലയ ആട്ടം, ഇരുള നൃത്തം എന്നിവ ആദ്യമായി സ്‌കൂള്‍ കലോത്സവ അരങ്ങിലെത്തി.
എട്ട് വര്‍ഷത്തിനു ശേഷം തിരുവനന്തപുരത്ത് വിരുന്നെത്തിയ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ ഒന്നിനും മുടക്കം വരുത്തരുത്താതെയാണ് സംഘാടകര്‍ സ്വീകരിച്ചത്. വിവിധ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. ഭക്ഷണം, ശുചീകരണം, ഗതാഗതം, കുടിവെള്ളം തുടങ്ങിയ വകുപ്പുകളുടെ എണ്ണിയാലൊടുങ്ങാത്ത സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വിജയിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് കിണഞ്ഞുശ്രമിച്ചതിനാല്‍ വേദികളിലേക്കുള്ള യാത്രകള്‍ സുഗമമായി. വേദികളെ ബന്ധിപ്പിച്ച് 70 ബസുകള്‍ നഗരത്തില്‍ സൗജന്യ സര്‍വീസ് നടത്തിയിരുന്നു. ഉച്ചയൂണിന്റെ സമയങ്ങളില്‍ 25 വേദികളില്‍ നിന്നും ബസുകള്‍ ഊട്ടുപുര സജ്ജീകരിച്ച പുത്തരിക്കണ്ടത്തെത്തി.
ആദ്യമായി തലസ്ഥാനത്തെത്തിയവര്‍ നഗരം ചുറ്റിക്കറങ്ങി ആസ്വദിച്ചാണ് മടങ്ങിയത്. വേദികളിലേക്കുള്ള യാത്രകളില്‍ പത്മനാഭസ്വാമി ക്ഷേത്രവും പാളയം പള്ളിയും സെക്രട്ടേറിയറ്റും നിയമസഭയുമെല്ലാം പല തവണ കണ്ടു. വിദൂരഗ്രാമങ്ങളില്‍ നിന്നെത്തിയവര്‍ നഗരത്തിരക്കിലലിഞ്ഞു. മത്സരങ്ങളില്‍ എ ഗ്രേഡ് ലഭിച്ച സന്തോഷത്തിന് പുറമേ, കാണാത്ത കാഴ്ചകള്‍ കണ്ടതിന്റെ തിളക്കവും പ്രതിഭകളുടെ കണ്ണുകളില്‍ കാണാമായിരുന്നു.
source https://www.sirajlive.com/salam-ananthapuri.html
Post a Comment