യുവകലാ സന്ധ്യ 15 ന് അബൂദബിയിൽ; മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും

അബൂദബി | യുവകലാസാഹിതി അബൂദബി സംഘടിപ്പിക്കുന്ന സംഗീത നിശ യുവകലാ സന്ധ്യ ഫെബ്രുവരി 15 ന് വൈകിട്ട് ആറിന് അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യുന്ന കലാസന്ധ്യയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

യുവകലാസാഹിതിയുടെ സ്ഥാപക നേതാവ് മുഗള്‍ ഗഫൂര്‍ അനുസ്മരണാര്‍ഥം നല്‍കി വരുന്ന മുഗള്‍ ഗഫൂര്‍ അവാര്‍ഡ് 2024 മന്ത്രി ജി ആര്‍ അനില്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റും അവാര്‍ഡ് ജേതാവുമായ പി ബാവ ഹാജിക്ക് സമ്മാനിക്കും. അഞ്ച് പതിറ്റാണ്ടിലേറെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ കണക്കിലെടുത്തുള്ളതാണ് മുഗള്‍ ഗഫൂര്‍ പുരസ്‌കാരം. ആഘോഷരാവിന് നിറപ്പകിട്ടേകുവാന്‍ പിന്നണി ഗായിക രമ്യ നമ്പീശന്‍, യുവഗായകരായ ശിഖ പ്രഭാകരന്‍, ഫൈസല്‍ റാസി എന്നിവര്‍ ചര്‍ന്ന് സംഗീത നിശ ഒരുക്കും. അനുകരണ ഹാസ്യം കൊണ്ടും പാരഡി പാട്ടുകള്‍ കൊണ്ടും വിസ്മയിപ്പിച്ച സുധീര്‍ പറവൂരിന്റെ പരിപാടിയുമുണ്ടാകും.

2006 ല്‍ അബൂദബിയില്‍ തുടക്കം കുറിച്ച യുവകലാസന്ധ്യ എന്ന യുവകലാസാഹിതിയുടെ വാര്‍ഷിക പരിപാടി യു എ ഇയിലും മറ്റു രാജ്യങ്ങളിലും ഇതേ പേരില്‍ നടത്തി വരുന്നു. 2023 ലാണ് അബൂദബിയില്‍ അവസാനമായി യുവകലാസന്ധ്യ നടന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ യുവകലാസാഹിതി പ്രസിഡന്റ് റോയ് ഐ വര്‍ഗീസ്, അല്‍ സാബി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദേവു വിമല്‍, ജനറല്‍ കണ്‍വീനര്‍ രാകേഷ് മൈലപ്രത്ത്, ആര്‍ ശങ്കര്‍, മനു കൈനകിരി, ശല്‍മ സുരേഷ്, പി ചന്ദ്രശേഖരന്‍ പങ്കെടുത്തു.

 



source https://www.sirajlive.com/youth-arts-evening-in-abu-dhabi-on-15th-minister-gr-anil-to-inaugurate.html

Post a Comment

Previous Post Next Post