വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ചു കാര്‍ കവര്‍ന്ന ലഹരികടത്തുകാരായ ദമ്പതികളടക്കം അഞ്ചുപേര്‍ പിടിയില്‍

തൃശൂര്‍ | വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ചു കാര്‍ കവര്‍ന്ന കേസില്‍ അന്തര്‍ജില്ലാ രാസലഹരി വില്‍പ്പനക്കാരായ ദമ്പതികളടക്കം അഞ്ചുപേര്‍ പിടിയില്‍.

മലപ്പുറം അന്തിയൂര്‍ക്കുന്ന് സ്വദേശി മുബഷിര്‍, മലപ്പുറം പുളിക്കല്‍ സ്വദേശിനി തഫ്സീന, കോഴിക്കോട് ബേപ്പൂര്‍ നാടുവട്ടം സ്വദേശികളായ അസ്ലം, സലാം, മനു എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ എടത്തിരുത്തിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ചാണ് സംഘം കാര്‍ കവര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ എടത്തിരുത്തി ചൂലൂര്‍ സ്വദേശി മുഹമ്മദ് ജാസിമിന്റെ വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ച് കയറി.

തുടര്‍ന്ന് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മുഹമ്മദ് ജാസിമിന്റെ സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ പൂട്ട് തുറക്കാന്‍ ശ്രമിച്ചു. കാറിന്റെ അലാറം അടിക്കുന്ന ശബ്ദംകേട്ട് ജാസിം പുറത്തേക്ക് വന്നു. കാര്‍ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ ജാസിമിന്റെ കാലിലൂടെ കാറിന്റെ ടയര്‍ കയറ്റിയിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കാര്‍ സഹിതം കോഴിക്കോട് തേഞ്ഞിപ്പാലം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുബഷീര്‍, തഫ്സീന എന്നിവര്‍ അരീക്കോട്, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ മയക്ക് മരുന്ന് കേസില്‍ പ്രതികളാണ്.

പരിശോധനയില്‍നിന്ന് രക്ഷപ്പെടാനായി ദമ്പതികളായ ഇവര്‍ ഒരുമിച്ചാണ് രാസ ലഹരി കടത്തുന്നത്. കയ്പമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് ബിനു, സബ് ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരന്‍, സി പി ഒമാരായ ജ്യോതിഷ്, വിനുകുമര്‍, പ്രിയ, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 



source https://www.sirajlive.com/five-people-including-a-drug-trafficking-couple-arrested-for-breaking-into-a-house-injuring-the-owner-of-the-house-and-stealing-a-car.html

Post a Comment

أحدث أقدم