വി എസ് സൃഷ്ടിച്ച വിടവ് കൂട്ടായ നേതൃത്വത്തിലൂടെ പരിഹരിക്കും: അനുശോചനയോഗം

ആലപ്പുഴ | അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗം തീര്‍ക്കുന്ന വിടവ് പരിഹരിക്കാന്‍ കൂട്ടായ നേതൃത്വത്തിലൂടെ മാത്രമേ കഴിയൂ എന്നു പ്രഖ്യാപനം. വിഎസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ വലിയ ചുടുകാടില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രമുഖ നേതാക്കള്‍ സംസാരിച്ചു.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അധ്യക്ഷനായി. വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ വലിയ പങ്ക് വഹിച്ച മഹാരഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. വി എസിന്റെ വിയോഗം സി പി എമ്മിനും നാടിനാകെയും വലിയ നഷ്ടമാണ്. കേരളത്തിന്റെ ഉത്തമനായ സന്താനത്തെ അതേ രീതിയില്‍ കണ്ട് അംഗീകരിക്കാന്‍ എല്ലാവരും സന്നദ്ധരായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കേരളത്തിന്റെ വികസന കാര്യത്തില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന അദ്ദേഹം നല്‍കി.

ശത്രുവര്‍ഗത്തിന്റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പതറാതെയുള്ള നിലപാട് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്ക് വഹിച്ചു. പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നേതൃനിരയില്‍ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച നേതാവാണ് വിഎസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും മികവാര്‍ന്ന സംഘാടകനായിരുന്നു. വര്‍ഗീയത ശക്തിപ്രാപിക്കുകയും ജനാധിപത്യം ഈ രീതിയില്‍ തുടരുമോയെന്ന ആശങ്ക ഉയരുകയും ചെയ്യുന്ന കാലത്താണ് വിഎസിന്റെ വിയോഗം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇത്തരം നേതാക്കളുടെ അസാന്നിധ്യം മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഎസ് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഇത്തരത്തിലുള്ളൊരു വിഎസ് ഉണ്ടായത് ചെങ്കൊടി പ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണെന്നും അദ്ദേഹം അനുസ്മരിച്ചു. അടിമകളെപ്പോലെ ജീവിച്ച കര്‍ഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റി. അങ്ങനെ കര്‍ഷകത്തൊഴിലാളികളെ ചെങ്കൊടി പ്രസ്ഥാനത്തിന്റെ അടിസ്ഥാനമാക്കിയത് വിഎസാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും എത്ര നിരര്‍ത്ഥകമെന്നത് ഈ സമയം മനസിലാക്കാമെന്നും എം എ ബേബി പറഞ്ഞു.
സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍ എം പി തുടങ്ങി നിരവധി നേതാക്കളും വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ചു.

 



source https://www.sirajlive.com/the-gap-created-by-vs-will-be-resolved-through-collective-leadership-condolences-meeting.html

Post a Comment

Previous Post Next Post