കണ്ണീര്‍ക്കടലായി ദര്‍ബാര്‍ ഹാള്‍

തിരുവനന്തപുരം | വി എസ് അച്യുതാനന്ദനെ അവസാന നോക്കുകാണാന്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. ചെറുമഴപ്പെയ്ത്തിലും പ്രിയ നേതാവിനെ കാണാന്‍ രണ്ട് വരികളിലായി നിന്നവർ റോഡും കടന്ന് പുറത്തേക്ക് നീണ്ടു. രണ്ട് വഴികളിലൂടെയും ആളുകളെ കയറ്റിവിടുന്നുണ്ടായിരുന്നു. ക്ഷമയോടെ വരിനിന്നവരില്‍ ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സാധാരണക്കാരുടെ വലിയ കൂട്ടം തന്നെ ഇടംപിടിച്ചു.

കൈയില്‍ പനിനീര്‍ പൂക്കള്‍ കരുതിയവരും വി എസിന്റെ മുഖചിത്രവുമായി പുറത്തിറങ്ങിയ പത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരുമെല്ലാം അക്കൂട്ടത്തില്‍ കാണാമായിരുന്നു. അതിനിടയില്‍ “കണ്ണേ കരളേ വി എേസ്സ, ഞങ്ങടെ നെഞ്ചിലെ ചെന്താരകമേ, ഞങ്ങടെ ഓമന നേതാവേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ തുടര്‍ച്ചയായി അന്തരീക്ഷത്തില്‍ മുഴങ്ങി.
പ്രിയപ്പെട്ടവര്‍ വാക്കുകള്‍ കിട്ടാതെ കുഴങ്ങി. എല്ലാവര്‍ക്കും ഒരുപാട് ഓര്‍മകള്‍ ബാക്കിവെച്ചായിരുന്നു വി എസിന്റെ മടക്കം. രാവിലെ ഒമ്പതിന് ആരംഭിച്ച പൊതുദര്‍ശനം ഉച്ചക്ക് രണ്ടോടെയാണ് അവസാനിച്ചത്. ദര്‍ബാര്‍ ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ പി സി സി പ്രസിഡന്റ്്സണ്ണി ജോസഫ്, ബി ജെ പി സംസ്ഥാന പ്രസിഡന്റ്്രാജീവ് ചന്ദ്രശേഖര്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജു കൃഷ്ണന്‍, സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ദുരൈ മുരുഗന്‍, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ, മത, സാമൂഹിക നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ഔദ്യോഗിക ബഹുമതികളോടെ വി എസിന്റെ ശരീരം പുറത്തേക്കെടുക്കുമ്പോള്‍ കൂടിനിന്നവര്‍ ഒരിക്കല്‍ കൂടി മുഷ്ടി ചുരുട്ടി സമരനായകന് അഭിവാദ്യം അര്‍പ്പിച്ചു. “സമര സഖാവേ വി എസ്സേ, ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്നവര്‍ നിറകണ്ണുകളോടെ കണ്ഠമിടറി വിളിച്ചു. സെക്രട്ടേറിയറ്റില്‍ നിന്ന് ഉച്ചക്ക് 2.30ന് ആരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലും വന്‍ ജനക്കൂട്ടമാണ് വി എസിന്റെ ഓര്‍മകള്‍ പേറി കാത്തുനിന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി 50ഓളം സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.



source https://www.sirajlive.com/durbar-hall-becomes-a-sea-of-tears.html

Post a Comment

أحدث أقدم