ഉത്തർ പ്രദേശിലെ ഡോ. കഫീൽഖാന്റെ ഗതി വരുമോ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെന്ന് ചിലർ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്ക അസ്ഥാനത്തല്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നീക്കം സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിലെ ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത തുറന്നുപറഞ്ഞതിന് ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. സോഷ്യൽ മീഡിയയിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുക വഴി ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും ഇത് ചട്ടവിരുദ്ധമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. മാത്രമല്ല, ആശുപത്രിയിൽ ആവശ്യമായ ഉപകരണങ്ങൾ ഉണ്ടായിട്ടും ഡോക്ടർ മനപൂർവം ശസ്ത്രക്രിയ മുടക്കിയെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ജൂൺ 28നാണ് ഡോ. ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ അപര്യാപ്തതകളെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതും മാധ്യമങ്ങളുടെ മുമ്പാകെ വെളിപ്പെടുത്തിയതും. ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ ആശുപത്രിയിൽ ശസ്ത്രക്രിയ നിരന്തരം മാറ്റിവെക്കേണ്ടി വരികയാണ്. ഉപകരണങ്ങൾ വാങ്ങാൻ രോഗികളോട് പണം പിരിക്കേണ്ട ഗതികേടിലുമാണെന്നാണ് ഡോക്ടർ പറഞ്ഞത്. ഇക്കാര്യം വകുപ്പ് മേലധികാരികളെ അറിയിച്ചിരുന്നുവെങ്കിലും പരിഹാരമുണ്ടായില്ല. എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിൽ ഗത്യന്തരമില്ലാതെയാണ് കാര്യങ്ങൾ വെട്ടിത്തുറന്നു പറയേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ടറുടെ ഈ അറ്റകൈപ്രയോഗം ഫലം ചെയ്തു. വളരെ പെട്ടെന്ന് തന്നെ യൂറോളജി വിഭാഗത്തിൽ ആവശ്യമായ ഉപരകണങ്ങൾ എത്തി. എങ്കിലും ഇത് പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ചർച്ചയാകുകയും ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഡോക്ടറെ ഒറ്റപ്പെടുത്താനും കടന്നാക്രമിക്കാനുമായിരുന്നു തുടക്കത്തിൽ സർക്കാറിന്റെയും ഭരണകക്ഷി നേതാക്കളുടെയും ശ്രമം. ഡോക്ടർക്ക് പൊതുസമൂഹത്തിൽ നിന്ന് വൻപിന്തുണ ലഭിച്ചതോടെ നിലപാട് മാറ്റുകയും ഡോക്ടറുടെ പരാതികളുടെ വസ്തുത അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയുമായിരുന്നു.
ഡോക്ടർ ഹാരിസിന്റെ പരാതികൾ ഭാഗികമായി ശരിവെച്ച വിദഗ്ധ സമിതി ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചതും പരസ്യപ്രസ്താവന നടത്തിയതും ചട്ടലംഘനമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നും സമിതി നിരീക്ഷിച്ചു. ആരോഗ്യവകുപ്പിലെ കൈകാര്യകർതൃത്വത്തിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും സത്യസന്ധനും അഴിമതി തൊട്ടുതീണ്ടാത്ത വ്യക്തിയും കഠിനാധ്വാനിയുമാണ് ഡോ. ഹാരിസെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് തുറന്നു സമ്മതിക്കുകയുമുണ്ടായി. എന്നിട്ടും നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നാണ് മനസ്സിലാകുന്നത്.
ഉപകരണങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് ഡോ. ഹാരിസ് നേരത്തേ മെഡി. കോളജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും അയച്ച കത്ത് ഉൾപ്പെടെ അദ്ദേഹത്തിന്റെ പരാതികൾ തീർത്തും ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പിന്നീട് പുറത്തുവന്നു. മൂത്രാശയ ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ചികിത്സ തേടിവരുന്നവർക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയുന്നില്ല. രോഗികൾക്ക് മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഉപകരണങ്ങൾ അടിയന്തരമായി എത്തിക്കണമെന്നാണ് പരസ്യപ്രസ്താവന നടത്തുന്നതിന് മാസങ്ങൾക്ക് മുമ്പേ അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് യഥാസമയം നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഡോക്ടർക്ക് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കേണ്ടി വരില്ലായിരുന്നു.
2017ൽ ഉത്തർ പ്രദേശിലെ സർക്കാർ ആശുപത്രിയിലെ അപര്യാപ്തതകളും ആരോഗ്യമേഖലയുടെ വീഴ്ചകളും ചൂണ്ടിക്കാട്ടിയ ഡോ.കഫീൽഖാനെ യോഗി സർക്കാർ വേട്ടയാടിയപ്പോൾ, കഫീൽഖാനെ നിർലോഭം പിന്തുണച്ചവരാണ് ഇടത് നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് ഡോ. കഫീലിനെ പിന്തുണച്ച് രംഗത്തുവന്നുവെന്ന് മാത്രമല്ല, കേരളത്തിൽ സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. “സ്വന്തം ജീവനോ ആരോഗ്യമോ പരിഗണിക്കാതെ വൈദ്യശാസ്ത്രരംഗത്ത് അർപ്പണ ബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടർമാരുണ്ട്. അവരിൽ ഒരാളായാണ് കഫീൽഖാനെ താൻ കാണുന്നത്. സഹജീവികളോടുള്ള സ്‌നേഹമാണ് അവർക്ക് എല്ലാറ്റിലും വലുത്’ എന്നായിരുന്നു അന്ന് പിണറായി സാമൂഹികമധ്യത്തിൽ കുറിച്ചത്. അതേസമയം ഡോ. ഹാരിസിന്റെ പരസ്യപ്രതികരണത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്തുകൊണ്ട് ഡോ. കഫീലിനോടുള്ള സമീപനം ഡോ. ഹാരിസ് ചിറക്കലിന്റെ കാര്യത്തിലുണ്ടാകുന്നില്ല? അർപ്പണബോധവും ആത്മാർഥതയുമുള്ള ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം തന്റെ മുമ്പിലെത്തുന്ന രോഗിക്ക് ആശുപത്രിയിലെ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം മതിയായ ചികിത്സ നൽകാൻ കഴിയാതെ വരുന്നത് കടുത്ത മാനസിക പ്രയാസത്തിനു ഇടയാക്കും. ഇത് പരിഹരിക്കാൻ എല്ലാ ശ്രമവും അദ്ദേഹം നടത്തും. പരാജയപ്പെട്ടാൽ ജനാധിപത്യ സംവിധാനത്തിലെ അവകാശം ഉപയോഗപ്പെടുത്തി പൊതുസമൂഹത്തിന്റെ മുമ്പിൽ പ്രശ്‌നം അവതരിപ്പിച്ചെന്നു വരും. ഇത് സർക്കാറിനെ വെട്ടിലാക്കലോ, ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തലോ അല്ല, മറിച്ച് സർക്കാറിന്റെ കണ്ണുതുറപ്പിക്കാനുള്ള മാർഗമാണ്.
ജനാധിപത്യ ഇന്ത്യയിൽ ഇതിനു സമാനതകളുണ്ട്. ജുഡീഷ്യറിയുടെ നടപ്പുരീതിയിൽ പാളിച്ചകൾ ബോധ്യപ്പെട്ടപ്പോൾ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വറും മൂന്ന് സഹപ്രവർത്തരും ചേർന്ന് കോടതി മുറിയിൽ നിന്നിറങ്ങിവന്ന് സമൂഹത്തിനു മുമ്പാകെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുകയാണുണ്ടായത്. തങ്ങൾ ജോലി ചെയ്യുന്ന മേഖലകളിലെ പാളിച്ചകൾ തിരുത്താനുള്ള ഇത്തരം നീക്കങ്ങളെ പ്രതികാര ബുദ്ധിയോടെ വീക്ഷിക്കാതെ തുറന്ന മനസ്സോടെ കാണാനും പ്രതികരിക്കാനുമുള്ള വിവേകവും പക്വതയുമാണ് ബന്ധപ്പെട്ടവർ കാണിക്കേണ്ടത്.
source https://www.sirajlive.com/dr-harris-39-s-fate-with-dr-kafeel-khan.html
Post a Comment