അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട; തന്നെ അപമാനിച്ച വ്യവസായിക്കെതിരെ നിയമ നടപടി സ്വീകരിച്ച് തോമസ് ഐസക്

കണ്ണൂര്‍ | ലണ്ടനിലെ മലയാളി രാജേഷ് കൃഷ്ണ തന്റെ ബെനാമി ആണെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ചെന്നൈയിലെ വ്യവസായി ഷെര്‍ഷാദിന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഹമ്മദ് ഷെര്‍ഷാദിന് നോട്ടീസ് അയച്ചിരുന്നു. സി പി എം പി ബിക്ക് മുഹമ്മദ് ഷര്‍ഷാദ് അയച്ച കത്ത് വിവാദമായതോടെയാണ് എം വി ഗോവിന്ദന്‍ നിയമ നടപടിയിലേക്ക് നീങ്ങിയത്. തന്റെ മകന്‍ കത്ത് ചോര്‍ത്തിയെന്ന ആരോപണം പൊതു സമൂഹത്തില്‍ തനിക്ക് അവമതിപ്പുണ്ടാക്കി. ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും തെറ്റായ ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്നുമായിരുന്നു എം വി ഗോവിന്ദന്‍ നല്‍കിയ വക്കീല്‍ നോട്ടീസിലെ ആവശ്യം.

ഇതിനു പിന്നാലെയാണ് തോമസ് ഐസക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസയച്ച വിവരം തോമസ് ഐസക്ക് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പ് : പുതിയ വിവാദങ്ങള്‍ വന്നപ്പോള്‍ മുഹമ്മദ് ഷര്‍ഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാന്‍ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങള്‍ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

എന്നെക്കുറിച്ച് പറഞ്ഞ ആക്ഷേപം പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുന്നതിന് ഹൈക്കോടതി വക്കീലായ രഘുരാജ് അസോസിയേറ്റ്സിനെ ചുമതലപ്പെടുത്തി. അവര്‍ ഇന്നലെ നോട്ടീസും കൊടുത്തു. ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യും. പിന്നെ നമുക്ക് കോടതിയില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കാം.

എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മുഹമ്മദ് ഷര്‍ഷാദ് കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. കത്ത് ചോര്‍ത്തിയതില്‍ എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിതിനെ സംശയിക്കുക മാത്രമാണ് ചെയ്തത്. രാജേഷ് കൃഷ്ണയുമായി ശ്യാംജിതിനുള്ള ബന്ധമാണ് സംശയത്തിന് പിന്നിലെന്നും മുഹമ്മദ് ഷര്‍ഷാദ് പറഞ്ഞിരുന്നു.

 



source https://www.sirajlive.com/don-39-t-think-you-can-just-insult-him-and-get-away-with-it-thomas-isaac-takes-legal-action-against-the-businessman-who-insulted-him.html

Post a Comment

Previous Post Next Post