യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിനും യു എസിലെ അലാസ്‌കയില്‍ നടത്തിയ കൂടിക്കാഴ്ച വലിയ ഫലങ്ങളൊന്നും കൊണ്ടുവന്നില്ലെങ്കിലും തുടര്‍ ചര്‍ച്ചകളിലേക്ക് വഴിതുറക്കുന്നതായി. ഇവര്‍ മൂന്ന് മണിക്കൂര്‍ സംസാരിച്ചെങ്കിലും റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അടിയന്തര ഇടപെടലിലേക്കോ വെടിനിര്‍ത്തലിലേക്കോ അത് വളര്‍ന്നില്ല. എന്നാല്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചില ധാരണകളിലെത്തിയിട്ടുണ്ടെന്നാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരു നേതാക്കളും പറഞ്ഞ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ചര്‍ച്ചയില്‍ ആരാണ് നേട്ടമുണ്ടാക്കിയത് എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വിശകലനം നിറയുമ്പോള്‍ യുദ്ധവിരുദ്ധരും ആയുധക്കച്ചവടത്തിനെതിരെ നിലപാടെടുക്കുന്നവരും ഉറ്റുനോക്കിയത് സംഘര്‍ഷ വിരാമത്തിന് ചര്‍ച്ച ഉപകരിക്കുമോയെന്നതായിരുന്നു. ഹ്രസ്വകാല വെടിനിര്‍ത്തലല്ല, ദീര്‍ഘകാല പരിഹാരമാണ് വേണ്ടതെന്ന ബോധ്യം കൈവന്നുവെന്നതാണ് ചര്‍ച്ചയുടെ നേട്ടമായി പറയാവുന്നത്. യുക്രൈനെ ഉള്‍പ്പെടുത്താത്ത ചര്‍ച്ച അപൂര്‍ണമാണെന്നും ഏകപക്ഷീയമായി സമാധാനം കൊണ്ടുവരാന്‍ ഒരു നേതാവിനും സാധിക്കില്ലെന്നും യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാറ്റോ നേതാക്കളോടും ഉന്നത യൂറോപ്യന്‍ നേതൃത്വത്തോടും ട്രംപിന്റെ പ്രതിനിധികള്‍ സംസാരിച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. യുക്രൈന്‍ പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സ്‌കിയെ ഇന്ന് ട്രംപ് കാണുന്നുണ്ട്.
റഷ്യ പിടിച്ചടക്കിയ യുക്രൈന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുത്തുകൊണ്ട് ഒരു പരിഹാരം സാധ്യമല്ലെന്ന നിലപാടില്‍ സെലന്‍സ്‌കി ഉറച്ച് നില്‍ക്കുകയാണ്. സെലന്‍സ്‌കിയെ മാറ്റി നിര്‍ത്തിയ ചര്‍ച്ചയില്‍ താത്കാലിക വെടിനിര്‍ത്തല്‍ ധാരണയുണ്ടാകാതിരുന്നത് ഒരര്‍ഥത്തില്‍ ഗുണകരമാണ്. ട്രംപിനെ തഴഞ്ഞ് സെലന്‍സ്‌കിക്കൊപ്പം നില്‍ക്കുന്ന ഇ യുവിനും അത് ആശ്വാസകരമാണ്. ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നതെന്ന് വിലയിരുത്താം.
നിലപാടുകളില്‍ ഉറച്ച് നിന്ന പുടിന്‍ ട്രംപിനെ പുകഴ്ത്താനും സംയുക്ത വാര്‍ത്താ സമ്മേളനം ഉപയോഗിച്ചു. 2022ല്‍ ട്രംപായിരുന്നു പ്രസിഡന്റെങ്കില്‍ യുക്രൈനുമായി സംഘര്‍ഷമുണ്ടാകില്ലെന്നായിരുന്നു പുടിന്‍ പറഞ്ഞത്. പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചെങ്കില്‍ മാത്രമേ സമാധാനത്തിനായുള്ള വഴി തുറക്കുകയുള്ളൂവെന്ന് പുടിന്‍ തീര്‍ത്തു പറഞ്ഞു. എന്നുവെച്ചാല്‍ യു എസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയെ സമ്മര്‍ദത്തിലാക്കാനുള്ള കരുവായി യുക്രൈനെ ഉപയോഗിച്ചതാണ് പ്രശ്‌നമെന്ന് പരോക്ഷമായി ആവര്‍ത്തിക്കുകയാണ് പുടിന്‍ ചെയ്തത്. ആ ഏര്‍പ്പാട് നിര്‍ത്തണം. റഷ്യയുടെ നിയമാനുസൃതമായ ഉത്കണ്ഠകള്‍ പരിഗണിക്കപ്പെടുകയും യൂറോപ്പിലും ലോകത്താകെ തന്നെയും സുരക്ഷാസന്തുലനം ഉണ്ടാകുകയും വേണം. യുക്രൈനും യൂറോപ്പും സമാധാന ചര്‍ച്ചകളിലെ പുരോഗതി തടസ്സപ്പെടുത്താന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കൂടിക്കാഴ്ചയില്‍ മേല്‍ക്കൈ നേടിയത് പുടിന്‍ തന്നെയാണെന്നും യുദ്ധം അവസാനിപ്പിച്ച് നൊബേല്‍ സമ്മാനത്തിന് അര്‍ഹത തെളിയിക്കാനുള്ള ട്രംപിന്റെ പുറപ്പാട് അത്ര എളുപ്പമല്ലെന്നും വ്യക്തമാക്കുന്നതായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍. വളരെ ഫലപ്രദമായ കൂടിക്കാഴ്ചയെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. പല കാര്യങ്ങളിലും യോജിച്ചു. വലിയ ചില വിഷയങ്ങളില്‍ ചര്‍ച്ച തുടരണം. വൈകാതെ നാറ്റോയെയും സെലന്‍സ്‌കിയെയും പ്രശ്‌നവുമായി ബന്ധമുള്ളവരെയും കാര്യങ്ങള്‍ ധരിപ്പിക്കും. ആഴ്ചയില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്ന യുദ്ധത്തിന് അറുതി ഉണ്ടാകണമെന്ന് തന്നെപ്പോലെ പുടിനും ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ട്രംപ്- പുടിന്‍ ചര്‍ച്ചയിലെ അദൃശ്യ സാന്നിധ്യമായിരുന്നു ഇന്ത്യ. റഷ്യയെ സംഘര്‍ഷവിരാമത്തിലേക്ക് കൊണ്ടുവരാനുള്ള സമ്മര്‍ദ ഘടകമായി ട്രംപ് ഇന്ത്യയെ ഉപയോഗിക്കുകയായിരുന്നു. ഉപരോധം മറികടന്ന് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ 25 ശതമാനം കൂടി അധിക തീരുവ ചുമത്തി ശിക്ഷിക്കുമെന്ന ഭീഷണി പുടിന്‍ അലാസ്‌കയിലെത്തുന്നതിന് തൊട്ടുമുമ്പ് ട്രംപ് ആവര്‍ത്തിച്ചിരുന്നു. വലിയ ഇറക്കുമതി രാജ്യത്തെ (ഇന്ത്യയെ) റഷ്യക്ക് നഷ്ടപ്പെടുമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. അധിക തീരുവ ചുമത്താനുള്ള നീക്കത്തില്‍ താന്‍ പിന്‍വാങ്ങിയേക്കാമെന്ന സൂചനയും അദ്ദേഹം നല്‍കി. ട്രംപ് അയയുന്നു എന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെങ്കിലും പുടിന് നല്‍കിയ സന്ദേശം മാത്രമായിരുന്നു അതെന്ന് പിന്നീട് വന്ന സംഭവ വികാസങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യയുമായി വ്യാപാര ചര്‍ച്ചക്കുള്ള യു എസ് സംഘം യാത്ര മാറ്റിവെച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. യുക്രൈനെ ആക്രമിക്കുന്നത് നിര്‍ത്തിയാല്‍ ഇന്ത്യയുമായും ചൈനയുമായും എണ്ണ വ്യാപാരമടക്കം തുടരാമെന്ന ഓഫര്‍ പുടിനു മുന്നില്‍ വെക്കുകയാണ് ട്രംപ് ചെയ്തത്.
ഒറ്റയടിക്ക് വെടിനിര്‍ത്തലിന് സന്നദ്ധമാകാതെ പുടിന്‍ ആ ഓഫറില്‍ വീണില്ലെന്ന് തെളിയിച്ചു. ഇന്ത്യയാകട്ടെ, ഏറ്റവും പുതിയ ഭീഷണിക്കിടയിലും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്താന്‍ തയ്യാറായിട്ടില്ല. 2021ല്‍ 0.2 ശതമാനമായിരുന്നു ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി. 2025ല്‍ അത് 35 ശതമാനമായി. ഇരു പക്ഷത്തിനും ഗുണകരമായ വ്യാപാരമാണത്. ഉപരോധം കൊണ്ട് വലഞ്ഞ റഷ്യക്ക് അവരുടെ എണ്ണക്ക് വിപണി വേണം. അതുകൊണ്ട് വില കുറച്ച്, ഉദാര വ്യവസ്ഥയില്‍ എണ്ണ വില്‍ക്കാന്‍ അവര്‍ തയ്യാറാണ്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ഇറക്കുമതി ബില്ലില്‍ ആശ്വാസം ലഭിക്കുന്നത് ഇന്ത്യക്ക് വലിയ നേട്ടവുമാണ്. ട്രംപിന്റെ 50 ശതമാനം തീരുവ നടപ്പായാല്‍ പോലും റഷ്യയുമായുള്ള സാമ്പത്തിക, പ്രതിരോധ ബന്ധം ഇന്ത്യ അവസാനിപ്പിക്കില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
റഷ്യ- യുക്രൈന്‍ സംഘര്‍ഷം അവസാനിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പക്ഷേ, അതിലേക്കുള്ള ചര്‍ച്ചകള്‍ ഏതെങ്കിലും ഭൗമരാഷ്ട്രീയ, ബിസിനസ്സ് താത്പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള മറയാകരുത്. ഗസ്സ പിടിച്ചടക്കല്‍ പദ്ധതി പ്രഖ്യാപിക്കുകയും നെതന്യാഹുവിന്റെ ചോരക്കൊതിക്ക് സര്‍വ പിന്തുണയും നല്‍കുകയും ചെയ്യുന്ന ട്രംപിന്റെ സമാധാനത്വര വിശ്വസനീയമല്ല. യുക്രൈനും യൂറോപ്യന്‍ യൂനിയനും എല്ലാമുള്‍പ്പെട്ട, ഭീഷണിയുടെ അകമ്പടിയില്ലാത്ത സമാധാന ചര്‍ച്ചകളാണ് നടക്കേണ്ടത്.
source https://www.sirajlive.com/putin-trump-talks-and-india.html
إرسال تعليق