ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധന; മികവ് തെളിയിച്ച് കേരളത്തിലെ സര്‍വകലാശാലകള്‍

തിരുവനന്തപുരം | ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് വന്‍ നേട്ടം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍ ഐ ആര്‍ എഫ്) കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ രാജ്യത്തെ മികച്ച 10 പൊതു സര്‍വകലാശാലകളില്‍ ഉള്‍പ്പെട്ടു. ആദ്യത്തെ മികച്ച 50 സര്‍വകലാശാലകളില്‍ കേരളത്തില്‍ നിന്ന് നാലെണ്ണമുണ്ട്.

ഓവറോള്‍ വിഭാഗത്തില്‍ 42ഉും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 25ഉം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ അഞ്ചാം സ്ഥാനവും നേടി കേരള സര്‍വകലാശാല മികവുറ്റ പ്രകടനം കാഴ്ചവച്ചു. കൊച്ചിന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാല (കുസാറ്റ്) ഓവറോള്‍ വിഭാഗത്തില്‍ 50-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 32-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ ആറാം സ്ഥാനവും നേടി. മഹാത്മാഗാന്ധി സര്‍വകലാശാല (എം ജി യു) ഓവറോള്‍ വിഭാഗത്തില്‍ 79-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 43-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ 17-ാം റാങ്കും നേടി. കാലിക്കറ്റ് സര്‍വകലാശാല മൊത്തത്തില്‍ 1,51,200 ബാന്‍ഡിലും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 1,01,150 ബാന്‍ഡിലും സംസ്ഥാന പൊതു സര്‍വകലാശാലകളുടെ പട്ടികയില്‍ 38-ാം സ്ഥാനത്തും ഇടം നേടി. കണ്ണൂര്‍ സര്‍വകലാശാല സംസ്ഥാന പൊതു സര്‍വകലാശാലകളുടെ വിഭാഗത്തില്‍ 51,100 ബാന്‍ഡില്‍ സ്ഥാനം നേടി.

എന്‍ ഐ ആര്‍ എഫിലെ കോളജുകളുടെ റാങ്കിങിലും കേരളം മികവ് തെളിയിച്ചു. ആകെ 74 സ്ഥാപനങ്ങള്‍ ആദ്യ 300 ല്‍ ഇടം നേടി. കഴിഞ്ഞ തവണ 16 കോളജുകളാണ് ആദ്യത്തെ നൂറു സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നത്. അത് ഇത്തവണ 18 ആയി ഉയര്‍ന്നു. ഇതില്‍ നാലെണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. കേരളത്തില്‍ നിന്ന് ആകെ 18 ഗവണ്മെന്റ് കോളജുകളും 56 സ്വകാര്യ കോളജുകളും മികച്ച 300 ല്‍ ഇടം നേടി. കേരളം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമാണ് ഈ നേട്ടമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

 



source https://www.sirajlive.com/national-higher-education-quality-inspection-universities-in-kerala-demonstrate-excellence.html

Post a Comment

أحدث أقدم