ബിഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

പാട്‌ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി നാളെ നടക്കാനിരിക്കേയാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉള്‍പ്പെടെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗജന്യ വൈദ്യുതി, സബ്സിഡിയുള്ള ഗ്യാസ് സിലിന്‍ഡറുകള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ്സും മുന്നോട്ട് വച്ചിട്ടുണ്ട്. ഇവയെല്ലാം ചേര്‍ത്തുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുകയെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, തേജസ്വി യാദവ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും റാലിയില്‍ സംബന്ധിച്ചേക്കും. മുസഫര്‍പുരിലും ദര്‍ഭംഗയിലും നടക്കുന്ന സംയുക്ത റാലികളെയാണ് തേജസ്വിയും രാഹുലും അഭിസംബോധന ചെയ്യുക.

നവംബര്‍ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 14നാണ് വോട്ടെണ്ണല്‍.



source https://www.sirajlive.com/bihar-elections-grand-alliance-39-s-manifesto-to-be-released-today.html

Post a Comment

Previous Post Next Post