ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ സെന്യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം | മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നാളെയോടെ ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ് . ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കനത്തമഴ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടാല്‍, റൊട്ടേഷന്‍ അനുസരിച്ച് അതിന് ‘സെന്യാര്‍’ എന്ന് പേരിടും. ‘സിംഹം’ എന്നര്‍ഥം വരുന്ന പേര് യു എ ഇയാണ് നല്‍കിയത്. വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ഉണ്ടാവുന്ന ചുഴലിക്കാറ്റുകള്‍ക്ക് ഇടുന്ന പേരുകളുടെ പട്ടികയിലെ അടുത്ത പേരാണ് സെന്യാര്‍. അതിനിടെ കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവക്ക് മുകളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. ഇന്ന് രാവിലെയോടെ വടക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമര്‍ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ്, ന്യൂനമര്‍ദം എന്നിവയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴക്കും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവക്ക് മുകളിലാണ് നിലവില്‍ ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്തേക്ക് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്ത് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള തീരത്തേക്ക് തിരിച്ചെത്താനുള്ള അടിയന്തര നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.



source https://www.sirajlive.com/cyclone-senyar-to-form-in-bay-of-bengal-tomorrow-heavy-rains-to-hit-kerala.html

Post a Comment

أحدث أقدم