തന്ത്രിയുടെ വീട്ടില്‍ നിന്ന് വാജി വാഹനം കണ്ടെത്തി; കോടതിയില്‍ ഹാജരാക്കി എസ് ഐ ടി

തിരുവനന്തപുരം | ശബരിമല കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജി വാഹനം കോടതിയില്‍ ഹാജരാക്കി പ്രത്യേക അന്വേഷണ സംഘം. കൊല്ലം വിജിലന്‍സ് കോടതിയിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ശില്‍പ്പമായ വാജി വാഹനം ഹാജരാക്കിയത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന, 11 കിലോ തൂക്കം വരുന്ന പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു.

2017ലാണ് ശബരിമലയിലെ വാജി വാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയതെന്നാണ് കണ്ടെത്തല്‍. പിന്നീട് വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വാജി വാഹനം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയുടെ അറസ്റ്റിനു പിന്നാലെ എസ് ഐ ടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയിഡ് നടത്തുകയും വാജിവാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് പ്രത്യേക അന്വേഷണ സംഘ (എസ് ഐ ടി)ത്തിന് ഇന്ന് കൊല്ലം വിജിലന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് കണ്ഠരര് രാജീവര്.

 



source https://www.sirajlive.com/vaji-39-s-vehicle-found-at-thantri-39-s-house-sit-produced-him-in-court.html

Post a Comment

Previous Post Next Post