ഭൂമി കൈയേറ്റം ആരോപിച്ച് മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ പൊതുതാത്പര്യ ഹരജി സമര്‍പ്പിക്കുന്ന ഹിന്ദുത്വര്‍ക്കെതിരെ കടുത്ത വിമര്‍ശമാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായത്. ഡല്‍ഹി ഗ്രീന്‍പാര്‍ക്കിലെ ജുമാ മസ്ജിദ് സര്‍ക്കാര്‍ ഭൂമി കൈയേറ്റം നടത്തിയെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനയായ (എന്‍ ജി ഒ) സേവ് ഇന്ത്യ ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിമര്‍ശം. നിങ്ങള്‍ ഒരു വിഭാഗത്തിന്റെ കൈയേറ്റം മാത്രമേ കാണുന്നുള്ളൂ? മറ്റു വിഷയങ്ങളൊന്നും കാണുന്നില്ലേയെന്ന് ചോദിച്ച കോടതി, വംശീയ ചിന്ത വെടിഞ്ഞ് സാമൂഹിക സേവനത്തിന്റെ വഴികള്‍ സ്വീകരിക്കാന്‍ സംഘടനയെ ഉപദേശിക്കുകയും ചെയ്തു.
പൊതുതാത്പര്യ ഹരജികള്‍ ദുരുപയോഗം ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള ബഞ്ച് സേവ് ഇന്ത്യ ഫൗണ്ടേഷനെ ഉപദേശിച്ചു.
2022 ഏപ്രിലില്‍ ഡല്‍ഹിയിലെ ബുറാഡയില്‍ അധികൃതരുടെ അനുമതിയില്ലാതെ സംഘടിപ്പിച്ച “ഹിന്ദു മഹാപഞ്ചായത്തി’ല്‍ മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയ പ്രീതിസിംഗ് ആണ് സേവ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപകന്‍. ഈ സംഭവത്തില്‍ ഐ പി സി 34ാം വകുപ്പനുസരിച്ച് പ്രീതിസിംഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അയാളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു. മറ്റു പല മസ്ജിദുകള്‍ക്കെതിരെയും കൈയേറ്റം ആരോപിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട് ഈ സംഘടന. ഡല്‍ഹി തുര്‍ക്കുമാന്‍ ഗേറ്റിലെ സയ്യിദ് ഫൈസേ ഇലാഹി മസ്ജിദിന്റെ അനുബന്ധ കെട്ടിടങ്ങള്‍ അടുത്തിടെ മുനിസിപല്‍ കോര്‍പറേഷന്‍ പൊളിച്ചു നീക്കിയത് സേവ് ഇന്ത്യ ഫൗണ്ടേഷന്റെ ഹരജിയിലായിരുന്നു.
ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും പൊതുഭൂമി കൈയേറി സ്ഥാപിച്ചതും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പൊതുനിരത്തിലേക്ക് തള്ളി നില്‍ക്കുന്നതുമായ നിരവധി ക്ഷേത്രങ്ങളുണ്ട്. മായാപുരി ചൗക്കിലെ കാളാമാതാ മന്ദിര്‍, ചാന്ദ്‌നി ചൗക്കിലെ ഹനുമാന്‍ ക്ഷേത്രം, സബ്ജി മണ്ടിയിലെ ശിവമന്ദിര്‍, ജി ടി കര്‍ണാല്‍ റോഡിലെ ഖാട്ടു ശ്യാം ക്ഷേത്രം, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രം, കരോള്‍ ബാഗിലെ ഭീമന്‍ ഹനുമാന്‍ പ്രതിമ തുടങ്ങിയവ ചുരുക്കം ഉദാഹരണങ്ങള്‍. കരോള്‍ ബാഗ് മേഖലയിലെ തിരക്കേറിയ റോഡുകളിലും ഫൂട്ട്പാത്തുകളിലും വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്ന നിരവധി ചെറിയ ക്ഷേത്രങ്ങള്‍ കാണാം. ഡല്‍ഹി സര്‍ക്കാറിന്റെ പ്രത്യേക “റിലീജിയസ് കമ്മിറ്റി’യുടെ പരിശോധനയില്‍ ഗുരുതരമായ രീതിയില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇത്തരം ഇരുപതിലേറെ ആരാധനാലയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും പൊളിച്ചു നീക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതുമാണ്.
എന്നാല്‍ ക്ഷേത്രങ്ങളാകുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല. ഒരു സംഘടനയും അതിനെതിരെ കോടതിയെ സമീപിക്കാറുമില്ല. അധികൃതര്‍ കണ്ട ഭാവവും നടിക്കുന്നില്ല. നിര്‍ബന്ധിതാവസ്ഥയില്‍ പൊളിച്ചു മാറ്റിയാല്‍ തന്നെ, നിയമത്തെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് അവിടെ തന്നെ പുനഃസ്ഥാപിക്കുകയും ചെയ്യും. ചാന്ദ്‌നി ചൗക്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ നടുവില്‍ സ്ഥിതി ചെയ്തിരുന്ന ഒരു ഹനുമാന്‍ ക്ഷേത്രം ഇതിനിടെ അധികൃതര്‍ പൊളിച്ചു മാറ്റിയിരുന്നു. ദിവസങ്ങള്‍ക്കകം തന്നെ അവിടെ പുതിയ ക്ഷേത്രം ഉയര്‍ന്നുവന്നു. മുസ്‌ലിം ആരാധനാലയങ്ങളോ പുണ്യ കേന്ദ്രങ്ങളോ ആകുമ്പോഴാണ് കൈയേറ്റ ആരോപണം ഉയര്‍ന്നുവരുന്നതും പ്രശ്‌നം കോടതികളിലെത്തുന്നതും.
ഒരു വിഭാഗത്തിന്റെ കൈയേറ്റം മാത്രമേ കാണുന്നുള്ളൂവെന്ന് സേവ് ഇന്ത്യ ഫൗണ്ടേഷനോട് കോടതി ചോദിച്ചതിന്റെ സാഹചര്യമിതാണ്. ആരാധനാലയം മുസ്‌ലിംകളുടേതാണെങ്കില്‍ എത്ര വേഗത്തിലാണ് അധികൃതരുടെ നടപടികള്‍. പരാതി ഉയരേണ്ട താമസം ബുള്‍ഡോസര്‍ പാഞ്ഞെത്തി ഇടിച്ചു നിരപ്പാക്കും. കെട്ടിടം നിയമപരമോ അനധികൃതമോ എന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തുകയോ, നോട്ടീസ് നല്‍കി കെട്ടിട ഉടമകളുടെ വിശദീകരണം കേള്‍ക്കുകയോ ചെയ്യാറില്ല. രണ്ട് ദിവസം മുമ്പാണ് മധ്യപ്രദേശ് ബെതുല്‍ജില്ലയില്‍ 20 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം ജില്ലാ ഭരണകൂടം പൊളിച്ചു നിരപ്പാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യം കുറവായ പ്രദേശത്തെ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി അബ്ദുല്‍ നഈം എന്ന വയോധികന്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടമാണ്, അവിടെ മദ്‌റസ പ്രവര്‍ത്തിക്കുന്നുവെന്ന സംഘ്പരിവാര്‍ കള്ളപ്രചാരണത്തെ തുടര്‍ന്ന് അധികൃതര്‍ തകര്‍ത്തത്. അബ്ദുല്‍ നഈമിന്റെയും നാട്ടുകാരുടെയും വിശദീകരണത്തിന്റെയും അവര്‍ സമര്‍പ്പിച്ച രേഖകളുടെയും അടിസ്ഥാനത്തില്‍ പ്രാദേശിക ഭരണകൂടം കെട്ടിടത്തില്‍ നഴ്‌സറി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതാണ്. എന്നാല്‍ ജില്ലാ ഭരണകൂടം സംഘ്പരിവാറിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു.
കല്ലും സിമന്റും ചേര്‍ന്ന ഒരു കെട്ടിടമല്ല ഗ്രാമീണ ഇന്ത്യയിലെ സ്‌കൂള്‍. സാമൂഹിക മുന്നേറ്റത്തിന്റെ, ഭാവി പ്രതീക്ഷകളുടെ കേന്ദ്രമാണ്. കൃഷിയിലും ദിവസ വേതനത്തിലും ജീവിതം തള്ളിനീക്കുന്ന രണ്ടായിരത്തോളം പേരുടെ മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപ്‌നമാണ് ജില്ലാ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടിയില്‍ തകര്‍ന്നത്. ദൂരെ അയച്ച് കുട്ടികളെ പഠിപ്പിക്കാന്‍ സൗകര്യമോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത ഗ്രാമീണ ജനതക്ക് അവിടെ ഒരു സ്‌കൂള്‍ അനിവാര്യമായിരുന്നു. അത് കണ്ടറിഞ്ഞാണ് ഉദാരമതിയും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ നഈം വലിയൊരു തുക സ്വയം ചെലവിട്ട് കെട്ടിടം നിര്‍മിക്കാന്‍ മുന്നോട്ടു വന്നത്.
നിര്‍മാതാവ് മുസ്‌ലിമായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് സംഘ്പരിവാര്‍ അതിനെതിരെ കുപ്രചാരണവുമായി രംഗത്ത് വന്നത്. ഭരണഘടന വിദ്യാഭ്യാസത്തെ പൗരന്മാരുടെ അവകാശമായി അംഗീകരിച്ചതാണ്. എന്നാല്‍ അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കനത്ത പരാജയമാണ്. സംസ്ഥാനത്തെ 83,000ത്തിലധികം സ്‌കൂളുകളില്‍ 200ഓളം കെട്ടിടങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്ക്. 3,700 സ്‌കൂളുകളില്‍ ആവശ്യത്തിന് ശുചിമുറിയുമില്ല. ഇത്തരമൊരു സാഹചര്യത്തിലും ഒരു കൈത്താങ്ങ് സഹായത്തിനാരെങ്കിലും തുനിഞ്ഞാല്‍ അയാളുടെ മതം നോക്കി പ്രതികരിക്കുന്ന സ്ഥിതി വിശേഷവും. വംശീയ, വര്‍ഗീയ ചിന്ത നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത്?
source https://www.sirajlive.com/they-will-see-the-invasion-only-by-one-group.html
Post a Comment