അബുദാബി ഡയലോഗ്: പ്രവാസി ക്ഷേമം ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് വിദേശകാര്യ മന്ത്രാലയം

ദുബൈ |  പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതമായ കുടിയേറ്റവും ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രാലയം. ദുബൈയില്‍ നടന്ന എട്ടാമത് അബുദാബി ഡയലോഗ് (ADD) മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശകാര്യ മന്ത്രാലയത്തിലെ ഇമിഗ്രേഷന്‍ പോളിസി ആന്‍ഡ് വെല്‍ഫെയര്‍ അഡീഷണല്‍ സെക്രട്ടറി പ്രശാന്ത് പിസെ ഇന്ത്യന്‍ സംഘത്തെ നയിച്ചു.തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളും സ്വീകരിക്കുന്ന രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി 2008-ല്‍ രൂപീകരിച്ച സ്വമേധയാ അധിഷ്ഠിത വേദിയാണ് അബുദാബി ഡയലോഗ്. സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുക, കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, കുടിയേറ്റ മേഖലയിലെ മികച്ച മാതൃകകള്‍ പങ്കുവെക്കുക എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങള്‍. അബുദാബി ഡയലോഗിലെ ഇന്ത്യയുടെ സജീവ പങ്കാളിത്തം പ്രവാസി ക്ഷേമത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനയാണ് വ്യക്തമാക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി പ്രശാന്ത് പിസെ വിവിധ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തി. യു.എ.ഇ മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഷൈമ യൂസഫ് അല്‍ അവദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള തൊഴില്‍പരമായ സഹകരണം, കുടിയേറ്റം, തൊഴില്‍ വിപണിയിലെ പുതിയ മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കൂടാതെ അബുദാബി ഡയലോഗിലെ മറ്റ് അംഗരാജ്യങ്ങളിലെ പ്രതിനിധി തലവന്മാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ നൈപുണ്യ വികസനം അംഗീകരിക്കുക, തൊഴില്‍ കരാറുകളിലെ സുതാര്യത ഉറപ്പാക്കുക, ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ കുടിയേറ്റ പ്രക്രിയ ലഘൂകരിക്കുക എന്നിവയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രശാന്ത് പിസെ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിദേശരാജ്യങ്ങളില്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും സുരക്ഷയും ഉറപ്പാക്കാന്‍ ഇത്തരം രാജ്യാന്തര ചര്‍ച്ചകള്‍ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു.

 



source https://www.sirajlive.com/abu-dhabi-dialogue-india-committed-to-ensuring-the-welfare-of-expatriates-says-ministry-of-external-affairs.html

Post a Comment

Previous Post Next Post