റിയാദില്‍ സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപ്തി; പൈതൃക സ്മരണകളുമായി അണിനിരന്നത് ആയിരങ്ങള്‍

റിയാദ് | സഊദി അറേബ്യയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദില്‍ സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടികള്‍ക്ക് സമാപനമായി. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ ഖസ്‌റുല്‍ ഹുക്കം ഡിസ്ട്രിക്റ്റില്‍ നടന്ന രണ്ടുദിവസം നീണ്ടുനിന്ന പൈതൃക-സാംസ്‌കാരിക പരിപാടികളോടെയാണ് ആഘോഷങ്ങള്‍ പൂര്‍ത്തിയായത്.

റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരനും സമാപന ചടങ്ങുകളില്‍ പങ്കെടുത്തു. സഊദി ഭരണകൂടത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന വിവിധ പരിപാടികള്‍ റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റിയാണ് ഗവര്‍ണറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി അല്‍ മസ്മക് കൊട്ടാരത്തിന്റെ മതിലുകളില്‍ ഒരുക്കിയ ദൃശ്യവിരുന്നും സഊദി അറേബ്യയുടെ ചരിത്ര നാഴികക്കല്ലുകള്‍ വിവരിക്കുന്ന ‘മിഖ്യാല്‍ ഹല്‍ അല്‍ ഔജ’ പ്രദര്‍ശനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിപാടിയുടെ പ്രധാന ആകര്‍ഷണമായ സഊദി അര്‍ദ (പരമ്പരാഗത നൃത്തം) അവതരണത്തില്‍ ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും പങ്കാളികളായി. ഇത് ഏറ്റവും വലിയ ഏകോപിത സംഘ നൃത്തമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

മുന്‍ഗാമികളുടെ ത്യാഗങ്ങളെ അനുസ്മരിക്കാനും രാജ്യത്തിന്റെ ദേശീയ ഐഡന്റിറ്റി പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനുമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ പറഞ്ഞു. ആയിരക്കണക്കിന് സ്വദേശികളും വിദേശികളും പൈതൃക മേഖലകളിലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു.

 



source https://www.sirajlive.com/foundation-day-celebrations-conclude-in-riyadh-thousands-gather-with-heritage-memorabilia.html

Post a Comment

أحدث أقدم