കോണ്‍ഗ്രസ്സിന്റെ ആവശ്യം തള്ളി; മണിശങ്കര്‍ അയ്യര്‍ അടക്കം പ്രമുഖര്‍ സര്‍ക്കാറിന്റെ വികസന സമ്മേളനത്തില്‍ സംബന്ധിക്കും

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ചു കേരളത്തില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കരുത് എന്ന കോണ്‍ഗ്രസ്സിന്റെ അഭ്യര്‍ഥന തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരും നോബല്‍ ജേതാവ് അമര്‍ത്യാസെനും അടക്കമുള്ള പ്രമുഖര്‍ സര്‍ക്കാറിന്റെ വികസന സമ്മേളനത്തില്‍ സംബന്ധിക്കും.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 17 വരെ നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന ‘വിഷന്‍ 2031: വികസനവും ജനാധിപത്യവും’ എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് ലോകപ്രശസ്തരായ വിദഗ്ധര്‍ സംബന്ധിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് അതിഥികള്‍ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുറന്ന കത്തയച്ചിരുന്നു.

വിവിധ സെഷനുകളില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യരുടെ പേരും ഉള്‍പ്പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ്സിനു തിരിച്ചടിയായി. നോബല്‍ ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ പ്രൊഫസര്‍ അമര്‍ത്യ സെന്‍, ചരിത്രകാരി റോമില ഥാപ്പര്‍, മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, കനിമൊഴി എം പി, പോഷകാഹാര വിദഗ്ദ്ധ ശകുന്തള തില്‍സ്തേദ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കരുതെന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള പരിപാടിയാണിതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തതിനും വിശ്വാസ്യതയും ഉത്തരവാദിത്വവും ഇല്ലാത്തതിനും വിമര്‍ശനവും നേരിടുന്ന സ്വേച്ഛാധിപത്യ സര്‍ക്കാരാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് കത്തില്‍ ആരോപിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള പണ്ഡിതരുടെയും വിദഗ്ധരുടെയും പങ്കാളിത്തം ഈ സര്‍ക്കാരിനുള്ള സാക്ഷ്യപ്പെടുത്തലായി മാറും. പരിപാടിയുടെ ചിത്രങ്ങള്‍, തെരഞ്ഞെടുത്ത അഭിപ്രായങ്ങള്‍, വിഡിയോകള്‍ എന്നിവ അന്താരാഷ്ട്ര വിദഗ്ധര്‍ കേരള സര്‍ക്കാരിന്റെ വികസനത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള വാദങ്ങള്‍ക്ക് പിന്തുണയെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടും. ഇത് യാഥാര്‍ത്ഥ്യം മൂടി വെക്കുന്നതാവും- ചെന്നിത്തല തന്റെ കത്തില്‍ പറഞ്ഞിരുന്നു.

അമര്‍ത്യ സെന്‍, റോമില ഥാപ്പര്‍ എന്നിവര്‍ ഓണ്‍ലൈന്‍ ആയാണ് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുക. പോഷകാഹാര വിദഗ്ദ്ധ ശകുന്തള തില്‍സ്തേദ് നേരിട്ട് പങ്കെടുക്കും. സമാപന സമ്മേളനത്തിലാണ് ഫാറൂഖ് അബ്ദുല്ല, കനിമൊഴി എം പി എന്നിവര്‍ പങ്കെടുക്കുക. അവര്‍ക്കൊപ്പം സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ 15 ന് വൈകീട്ട് നാലു മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ പലസ്തീന്റെ ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അബു ഷാവേസും പങ്കെടുക്കും. 17നു രാവിലെ സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.



source https://www.sirajlive.com/congress-39-s-demand-rejected-mani-shankar-aiyar-and-other-prominent-figures-to-attend-government-39-s-development-conference.html

Post a Comment

Previous Post Next Post