പാമ്പുകടി നിശബ്ദ മഹാമാരി

വേനല്‍ക്കാലത്ത് കേരളീയര്‍ അസഹ്യമായ ഉഷ്ണത്തില്‍ നിന്ന് രക്ഷ തേടിയതുകൊണ്ട് മാത്രമായില്ല, പാമ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതുമുണ്ട്. സംസ്ഥാന വനം വകുപ്പിന്റേതാണ് ഈ ജാഗ്രതാ നിര്‍ദേശം. അന്തരീക്ഷ താപം ഉയരുമ്പോള്‍ മാളങ്ങള്‍ക്കുള്ളിലെ ചൂട് സഹിക്കാനാകാതെ പാമ്പുകള്‍ തണുപ്പ് തേടി പുറത്തിറങ്ങുന്നത് സാധാരണമാണ്. ഇതുമൂലം വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലും പ്രത്യേകിച്ച് തണുപ്പുള്ള സ്ഥലങ്ങളിലും പാമ്പുകളുടെ സാന്നിധ്യം വര്‍ധിക്കും. സൂക്ഷിച്ചില്ലെങ്കില്‍ കടിയേല്‍ക്കാനും വിഷം ബാധിച്ച് ജീവന്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. മഴക്കാലത്ത് മാളങ്ങളില്‍ വെള്ളം കയറി നില്‍ക്കക്കള്ളിയില്ലാതെയും പാമ്പുകള്‍ പുറത്തിറങ്ങാറുണ്ട്. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്കും പാമ്പുകടിയേല്‍ക്കുന്നത്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മനുഷ്യ മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് പാമ്പുകടി മൂലമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു; വിശിഷ്യാ ഇന്ത്യയില്‍. ആഗോളതലത്തില്‍ സംഭവിക്കുന്ന പാമ്പുകടി മരണങ്ങളില്‍ പകുതിയും ഇന്ത്യയിലാണ്. ജനീവയില്‍ കഴിഞ്ഞ വര്‍ഷം നടന്ന 78ാമത് വേള്‍ഡ് ഹെല്‍ത്ത് അസ്സംബ്ലിയില്‍ ഗ്ലോബല്‍ സ്‌നേക്ക്‌ബൈറ്റ് ടാസ്‌ക്‌ഫോഴ്‌സ് അവതരിപ്പിച്ച റിപോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം 58,000 പാമ്പുകടി മരണം റിപോര്‍ട്ട് ചെയ്യപ്പെടുന്നു. ആശുപത്രിയില്‍ ചികിത്സക്കെത്താത്തതു മൂലം ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയാതെ പോകുന്ന മരണങ്ങള്‍ ചേര്‍ക്കുമ്പോള്‍ കണക്ക് ഇനിയും ഉയരും. നിശബ്ദ മഹാമാരിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പാമ്പുകടിയെ വിശേഷിപ്പിക്കുന്നത്.
2025ല്‍ പുറത്തുവന്ന ഔദ്യോഗിക കണക്കനുസരിച്ച് 2017-18 മുതല്‍ 2024 വരെ വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലുണ്ടായ മരണങ്ങളില്‍ 66 ശതമാനം പാമ്പുകടി മൂലമാണ്. 774 പേര്‍ക്കാണ് ഈ കാലയളവില്‍ വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ 516 എണ്ണവും പാമ്പ് വിഷബാധയേറ്റാണ്. ആന, കടുവ തുടങ്ങിയ വന്യജീവികളേക്കാള്‍ കരുതിയിരിക്കേണ്ടത് നമ്മുടെ തൊട്ടടുത്ത് നിശബ്ദനായി പതിയിരിക്കുന്ന പാമ്പുകളെയാണെന്നാണ് ഈ കണക്കുകള്‍ ഓര്‍മപ്പെടുത്തുന്നത്. കേരളത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യേകതകളാണ് വര്‍ധിത തോതിലുള്ള പാമ്പുകളുടെ ആക്രമണത്തിന് കാരണം. മനുഷ്യവാസവും കൃഷിയിടങ്ങളും കാടുകളും അടുത്തടുത്താണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും. വീടുകളുടെ പരിസരത്ത് തന്നെ പാടശേഖരങ്ങളും തോട്ടങ്ങളും കുറ്റിച്ചെടികളും സാധാരണം. റബ്ബര്‍തോട്ടങ്ങളും കാടുപിടിച്ച പറമ്പുകളും പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാനുള്ള സുരക്ഷിത താവളങ്ങളായി മാറുന്നു. കാടുകളുടെ വിസ്തൃതി ചുരുങ്ങല്‍, കാടിന്റെ പരിസരങ്ങളിലേക്ക് മനുഷ്യവാസം വ്യാപിക്കല്‍ തുടങ്ങി പാരിസ്ഥിതിക മാറ്റവും പ്രശ്‌നം രൂക്ഷമാക്കുന്നു. ഇത് പാമ്പുകള്‍ക്ക് മനുഷ്യവാസ മേഖലയിലേക്ക് കൂടുതലായി കടന്നു വരാന്‍ സാഹചര്യമൊരുക്കുന്നു.

നഗരപ്രദേശങ്ങളിലെന്ന പോലെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലും ആളുകള്‍ രാത്രിയില്‍ പുറത്തുപോകുന്നത് സാധാരണമാണ്. പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ വഴികളിലൂടെ ടോര്‍ച്ചോ മറ്റുവെളിച്ചമോ കൈവശമില്ലാതെയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെയുമാണ് പലരുടെയും രാത്രി സഞ്ചാരം. ഇതിനിടയില്‍ പാമ്പുകളെ ചവിട്ടിപ്പോകാനും കടിക്കാനും സാധ്യതയേറെയാണ്. വെളിച്ചമില്ലാത്തതിനാല്‍ എന്താണ് കടിച്ചതെന്നറിയാതെ ഇരുട്ടില്‍ തപ്പുകയും ഇതേത്തുടര്‍ന്ന് ചികിത്സ വൈകുകയും ചെയ്യുന്ന സംഭവങ്ങളും കുറവല്ല.
ശ്രദ്ധയും മുന്‍കരുതലുമുണ്ടെങ്കില്‍ ഒഴിവാക്കാന്‍ പറ്റുന്നതാണ് പാമ്പുകടി. വീടുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, വീടിനു സമീപത്തെ പുല്ലും കുറ്റിക്കാടുകളും വെട്ടിനിരത്തുക, രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ വെളിച്ചം കരുതുക തുടങ്ങിയവ ലളിതവും ഫലപ്രദവുമായ മുന്‍കരുതലുകളാണ്. അഥവാ കടിയേറ്റാല്‍ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണം. പരിഭ്രാന്തരാകുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും രക്തയോട്ടത്തിന്റെ വേഗം വര്‍ധിക്കുകയും ചെയ്യും. ഇത് വിഷം ശരീരത്തില്‍ വേഗത്തില്‍ പടരാനിടയാക്കും. എത്രയും വേഗത്തില്‍ പാമ്പുകടി ചികിത്സക്ക് സൗകര്യമുള്ള സമീപത്തെ ആശുപത്രിയെ സമീപിക്കുകയാണ് വേണ്ടത്. അതിവേഗം ചികിത്സ ലഭ്യമാക്കാനായാല്‍ പാമ്പുകടി മരണങ്ങളില്‍ നല്ലൊരു പങ്കും ഒഴിവാക്കാനാകും. ഇത്തരം കാര്യങ്ങളെ കുറിച്ച് ശക്തമായ ബോധവത്കരണം ആവശ്യമാണ്.

പാമ്പ് അപകടകാരിയെങ്കിലും മറ്റൊരു വശത്ത് മനുഷ്യന് ഉപകാരപ്രദവും ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിന് ആവശ്യവുമാണ്. വീടുകളിലും ചുറ്റുപാടുകളിലും വലിയ ശല്യമായി തുടരുകയും, പ്ലേഗ്, എലിപ്പനി തുടങ്ങി മാരക രോഗങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്ന എലികളെ നിയന്ത്രിക്കുന്നതില്‍ പാമ്പുകള്‍ക്ക് വലിയ പങ്കുണ്ട്. പാമ്പുകളുടെ മുഖ്യഭക്ഷണങ്ങളിലൊന്നാണ് എലി. ഇതുവഴി എലികളുടെ വംശവര്‍ധനവ് നിയന്ത്രിക്കപ്പെടുന്നു. പാമ്പുകള്‍ മണ്ണിനടിയിലെ മാളങ്ങളില്‍ താമസിക്കുന്നത് മണ്ണിന്റെ വായുസഞ്ചാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദം, ഹൃദയാഘാതം, അര്‍ബുദം, രക്തസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള വിവിധ മരുന്നുകള്‍ പാമ്പിന്‍വിഷത്തില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ഏക മരുന്നായ ആന്റിവെനം നിര്‍മിക്കുന്നതും പാമ്പിന്‍ വിഷത്തില്‍ നിന്ന് തന്നെ. ചില പാമ്പുകളുടെ വിഷം മനുഷ്യശരീരത്തില്‍ എത്തിയാല്‍ രക്തം കട്ടപിടിക്കുന്നത് തടയും. മറ്റു ചില പാമ്പുകളുടെ രക്തം ശരീരത്തല്‍ ചെന്നാല്‍ രക്തം കട്ടപിടിക്കുകയും ചെയ്യും. ഈ പ്രത്യേക ഗുണത്തെ ലബോറട്ടറികളില്‍ നിന്ന് ശാസ്ത്രീയമായി മാറ്റം വരുത്തിയാണ് മരുന്നുകളാക്കി മാറ്റുന്നത്. ഓരോ ജീവിയും ഭൂമിയില്‍ വ്യത്യസ്ത ദൗത്യം നിര്‍വഹിക്കുന്നു. അത്ഭുതകരമാണ് ഈ പ്രപഞ്ചവും അതിലെ ജൈവ വൈവിധ്യവും. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.



source https://www.sirajlive.com/snakebite-is-a-silent-epidemic.html

Post a Comment

Previous Post Next Post