നേതൃത്വത്തെ വെട്ടിലാക്കി കെ സുധാകരന്‍; കണ്ണൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം

കണ്ണൂര്‍ | പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി മുന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ 110 ശതമാനം ഉണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം ആവര്‍ത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്ന് ചേരാനിരിക്കെയാണ് സുധാകരന്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂരില്‍ മത്സരിക്കുന്നതിനുള്ള താത്പപര്യം കെ സുധാകരന്‍ നേരത്തെ പലവട്ടം അറിയിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂരില്‍ നിലവിലെ എം പി കൂടിയായ സുധാകരന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നില്ല. എം പി സ്ഥാനത്തിരിക്കുന്നവര്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ തീരുമാനമെടുക്കേണ്ടതുണ്ട്. അതിനിടെയാണ് സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കെ സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

സിറ്റിങ് എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. ഈ സാഹചര്യത്തില്‍ മറ്റ് പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്. കണ്ണൂര്‍ തിരിച്ചുപിടിക്കാന്‍ കെ സുധാകരന്‍ മത്സരിക്കണമെന്ന അഭിപ്രായം കണ്ണൂരിലെ പാര്‍ട്ടിയില്‍ ശക്തമാണ്.

 



source https://www.sirajlive.com/k-sudhakaran-cuts-ties-with-leadership-announces-to-contest-from-kannur.html

Post a Comment

أحدث أقدم