കൊച്ചി | എസ് എന്‍ ഡി പി യോഗത്തെ വഴിചുറ്റിക്കുകയും വഴിതെറ്റിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന്റെ ഇരുണ്ട കാലഘട്ടത്തിന് ഹൈക്കോടതി വിധിയിലൂടെ അന്ത്യം കുറിച്ചിരിക്കുന്നതായി ശ്രീനാരായണ സേവാസംഘം വ്യക്തമാക്കി. ലക്ഷക്കണക്കായ ശ്രീനാരായണ ധര്‍മവിശ്വാസികളുടെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനക്കുള്ള ഫലസിദ്ധി കൂടിയാണ് വെള്ളാപ്പള്ളിയെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ കോടതി വിധിയിലൂടെ സാധ്യമായത്.
എസ് എന്‍ ഡി പി യോഗത്തില്‍ അഴിമതിയും ധൂര്‍ത്തും നടമാടുകയും ഗുരുവിന്റെ പാതയില്‍ നിന്നും വ്യതിചലിച്ച് അപഥ സഞ്ചാരം നടത്തുന്നതും കണ്ട് വ്രണിതഹൃദയനായ പ്രൊഫ. എം കെ സാനു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. വെള്ളാപ്പള്ളി നടേശനും സംഘവും നിയമം ലംഘിച്ച് അധികാരത്തില്‍ തുടരുന്നതിനെതിരെ ഹൈക്കോടതി മുമ്പും അയോഗ്യത നിശ്ചയിച്ചിരുന്നു. അപ്പോഴെല്ലാം സര്‍ക്കാര്‍ നീതിരഹിതമായി നടേശന് രക്ഷാകവചമൊരുക്കുകയായിരുന്നു.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുകയും മതസൗഹാര്‍ദത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുകയും ചെയ്ത നടേശന്‍ ഒരു സാമൂഹിക വിപത്തായി പരിണമിച്ചിരുന്നു. ഈ ദുരവസ്ഥയില്‍ നിന്നുള്ള മോചനം കൂടിയാണ് ഹൈക്കോടതി വിധിയിലൂടെ സാധ്യമായതെന്ന് ശ്രീനാരായണ സേവാസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എന്‍ ഡി പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പി രാജന്‍ പ്രമേയം അവതരിപ്പിച്ചു.
source https://www.sirajlive.com/the-verdict-against-vellappally-is-the-result-of-the-prayers-of-the-faithful-sree-narayana-seva-sangham.html
Post a Comment